പാരിസ്: ഫ്രഞ്ച് അതികായന്മാരായ പിഎസ്ജി ഫ്രാന്‍സില്‍ കിരീട വേട്ട തുടരുന്നു. ഇന്നലെ ഫ്രഞ്ച് കപ്പിലും (കോപ്പ ഡി ഫ്രാന്‍സ്) കിരീടം നേടിയതോടെ സീസണില്‍ പിഎസ്ജിയുടെ കിരീട നേട്ടം നാലായി. ഫ്രഞ്ച് കപ്പിന്റെ കലാശപ്പോരാട്ടത്തില്‍ ലെസ് ഹെര്ബിയേര്സിനെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് പിഎസ്ജി ഈ സീസണിനെ അവിസ്മരണീയമാക്കിയത്.
ഫൈനലില്‍ ജിയോവാനി ലോ സെല്‍സോയും (26ാം മിനിറ്റ്) ഉറുഗ്വേ സ്റ്റാര്‍ സ്ട്രൈക്കര്‍ എഡിന്‍സന്‍ കവാനിയുമാണ് (74) പിഎസ്ജിക്കു വേണ്ടി ലക്ഷ്യംകണ്ടത്. മല്‍സരത്തില്‍ എതിരാളികള്‍ക്കെതിരേ സമ്പൂര്‍ണ്ണ ആധിപത്യം പുലര്‍ത്താനും പിഎസ്ജിക്ക് സാധിച്ചിരുന്നു. ഫ്രഞ്ച് കപ്പില്‍ തുടര്‍ച്ചയായ നാലാം സീസണിലാണ് പിഎസ്ജി കിരീടം നേടുന്നത്. 12 കിരീടം നേടിയ പിഎസ്ജിയുടെ പേരിലാണ് നിലവില്‍ ഫ്രഞ്ച് കപ്പില്‍ കൂടുതല്‍ ചാംപ്യന്മാരായ ടീമെന്ന റെക്കോഡ്.
നേരത്തെ, സീസണില്‍ ഇനിയും മല്‍സരങ്ങള്‍ ബാക്കി നില്‍ക്കേ ഫ്രഞ്ച് ലീഗില്‍ (ലീഗ് വണ്‍) തുടര്‍ച്ചയായ അഞ്ചാം തവണയും പിഎസ്ജി കിരീടം നിലനിര്‍ത്തിയിരുന്നു. കൂടാതെ സീസണിലെ ഫ്രഞ്ച് ലീഗ് കപ്പിലും (കോപ്പ ഡി ലാ ലിഗ്) സീസണിന് തുടക്കം കുറിക്കുന്ന വാര്‍ഷിക ടൂര്‍ണമെന്റായ ട്രോഫി ഡെസ് ചാംപ്യന്‍സിലും പിഎസ്ജി കിരീടം സ്വന്തമാക്കിയിരുന്നു.