പാരിസ്/ ബെര്‍ലിന്‍: ഫ്രഞ്ച് കപ്പ് ഫുട്ബോളില്‍ മിന്നും ജയത്തോടെ പിഎസ്ജി ക്വാര്‍ട്ടര്‍ ഫൈനിലേക്ക് മുന്നേറി. ജര്‍മന്‍ കപ്പില്‍ ബയേണ്‍ മ്യൂണിക്കും ജയത്തോടെ കരുത്തുകാട്ടി. മിന്നും ജയത്തോടെ ബയേണ്‍ സെമി ഫൈനലിലേക്ക് ടിക്കറ്റെടുത്തു. അര്‍ജന്റൈന്‍ സൂപ്പര്‍ താരം എയ്ഞ്ചല്‍ ഡി മരിയയുടെ ഹാട്രിക് മികവില്‍ രണ്ടാം ഡിവിഷന് ടീം സോക്കെക്സിനെ പിഎസ്ജി 4-1ന് കെട്ടുകെട്ടിക്കുകയായിരുന്നു. മറ്റൊരു മല്‍സരത്തില്‍ മാഴ്സെ എതിരില്ലാത്ത ഒമ്പതു ഗോളുകള്‍ക്ക് മറ്റൊരു രണ്ടാം ഡിവിഷന് ടീമായ ബോര്ഗെമന് ബ്രെസ്സെയെ നാണംകെടുത്തി.
രണ്ട്, 58, 62 മിനിറ്റുകളിലായിരുന്നു സോക്കെക്സിനെതിരേ ഡിമരിയയുടെ ഹാട്രിക് നേട്ടം. മറ്റൊരു ഗോള്‍ ടീമിന്റെ എക്കാലത്തെയും മികച്ച ഗോള്‍വേട്ടക്കാരനായ എഡിന്‍സണ്‍ കവാനിയുടെ വകയായിരുന്നു. ഇഞ്ചുറിടൈമില്‍ ഗോള്‍കീപ്പര്‍ കെവിന് ട്രാപ്പ് നേരിട്ടു ചുവപ്പ് കാര്‍ഡ് കണ്ടു പുറത്തായതോടെ പിഎസ്ജി അവസാന മിനിറ്റുകളില്‍ 10 പേരുമായാണ് പിടിച്ചുനിന്നത്. ബോര്‍ഗിനെ മാഴ്സെ 9-0ന് മുക്കിയ കളിയില്‍ രണ്ടു താരങ്ങള്‍ ഹാട്രിക് നേടി. ലൂക്കാസ് ഒക്കാംപോസും കോണ്‍സ്റ്റാന്റിനോസ് മിട്രോഗ്ലുവുമാണ് ഹാട്രിക്കുമായി കസറിയത്.
ജര്‍മന്‍ കപ്പില്‍ മൂന്നാം ഡിവിഷന് ടീം പെഡര്ബോണിനെതിരേ ഏകപക്ഷീയമായിരുന്നു ബയേണിന്റ വിജയം. ആറു ഗോളുകളാണ് എതിര് വലയില്‍ ബയേണ്‍ അടിച്ചുകയറ്റിയത്. 19ാം കിരീടം തേടിയിറങ്ങിയ ബയേണിനു മുന്നില്‍ പെഡര്ബോണ് ചെറുത്തുനില്‍പ്പ് നടത്താതെ തന്നെ കീഴടങ്ങുകയായിരുന്നു. ആര്യന് റോബന് ബയേണിനായി ഇരട്ടഗോള്‍ നേടി. കിങ്സ്ലി കോമാന്, റോബര്‍ട്ട് ലെവന്‍ഡോവ്സ്കി, ജോഷ്വ കിമ്മിച്ച്, കോറെന്റിന് ടൊലീസ്സോ എന്നിവരാണ് മറ്റു സ്കോറര്‍മാര്‍.