പ്രീമിയര്‍ ലീഗ്: കരുത്തരുടെ പോരാട്ടത്തില്‍ ആഴ്‌സണലിനെ തകര്‍ത്ത് ലിവര്‍പൂള്‍
ലിവര്‍പൂള്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ കരുത്തരുടോ പോരാട്ടത്തില്‍ ആഴ്‌സണലിനെ പരാജയപ്പെടുത്തി നിലവിലെ ചാമ്പ്യന്മാരായ ലിവര്‍പൂള്‍. 3-1നാണ് ലിവര്‍പൂളിന്റെ ജയം. സ്വന്തം തട്ടകത്തില്‍ ഗണ്ണേഴ്‌സിനെ ലിവര്‍പൂള്‍ തകര്‍ക്കുകയായിരുന്നു. റോബര്‍ട്ടോ ഫിര്‍മിനോ, സാദിയോ മാനെ, മുഹമ്മദ് സലാഹ് എന്നിവരെ മുന്നില്‍ നിര്‍ത്തി 4-3-3 ഫോര്‍മേഷനില്‍ യര്‍ഗന്‍ ക്ലോപ് ലിവര്‍പൂളിനെ കളത്തിലിറക്കിയപ്പോള്‍ 3-4-3 ഫോര്‍മേഷനിലാണ് ആഴ്‌സണല്‍ കളത്തിലിറങ്ങിയത്.
മത്സരത്തിന്റെ 25ാം മിനുട്ടില്‍ വലകുലുക്കി കളിയില്‍ ആദ്യം ലീഡെടുത്ത് ആഴ്‌സണല്‍ ആതിഥേയരെ ഞെട്ടിച്ചു. അലക്‌സാണ്ടര്‍ ലാക്കസാറ്റെയാണ് ആഴ്‌സണലിനായി വലകുലുക്കിയത്. എന്നാല്‍ ഈ ലീഡിന് മൂന്ന് മിനുട്ട് മാത്രമായിരുന്നു ആയുസ്. 28ാം മിനുട്ടില്‍ സാദിയോ മാനെ പന്ത് ഗണ്ണേഴ്‌സ് പോസ്റ്റിലെത്തിച്ചു. 34ാം മിനുട്ടില്‍ ട്രന്റ് അലക്‌സാണ്ടര്‍ അര്‍ണോള്‍ഡിന്റെ പാസില്‍ ആന്‍ഡ്രേ റോബര്‍ട്ട്‌സണ്‍ ലിവര്‍പൂളിന്റെ ലീഡുയര്‍ത്തി.

രണ്ടാം പകുതിയില്‍ അല്‍പ്പം കൂടി മത്സരം കടുത്തു .പകരക്കാരെ ഇറക്കി ഇരു ടീമും കളി മുറുക്കി. ഒടുവില്‍ 80ാം മിനുട്ടില്‍ യര്‍ഗന്‍ ക്ലോപ് ലിവര്‍പൂളില്‍ വരുത്തിയ മാറ്റം ടീമിന് മൂന്നാം ഗോള്‍ സമ്മാനിച്ചു. സാദിയോ മാനെക്ക് പകരക്കാരനായി ഇറങ്ങിയ ഡീഗോ ജോറ്റയാണ് ലിവര്‍പൂളിന് മൂന്നാം ഗോള്‍ സമ്മാനിച്ചത്. കണക്കുകളില്‍ ആഴ്‌സണലിനെതിരേ സര്‍വാധിപത്യമാണ് ലിവര്‍പൂളിന്. 66 ശതമാനം പന്തടക്കിവെച്ച ലിവര്‍പൂള്‍ നാലിനെതിരേ 21 ഗോള്‍ ശ്രമങ്ങളാണ് നടത്തിയത്.
അവസാന സീസണിലെ കിരീടം ഇത്തവണയും നിലനിര്‍ത്തുമെന്ന് തോന്നിപ്പിക്കുന്ന പ്രകടനമാണ് ലിവര്‍പൂള്‍ ഇത്തവണയും പുറത്തെടുക്കുന്നത്. ആദ്യ മൂന്ന് മത്സരവും ലിവര്‍പൂള്‍ വിജയിച്ചു. ചെല്‍സിയും ലീഡ്‌സുമാണ് ആദ്യ മത്സരങ്ങളില്‍ ലിവര്‍പൂളിന് മുന്നില്‍ വീണത്. നിലവില്‍ 9 പോയിന്റുമായി പട്ടികയില്‍ രണ്ടാം സ്ഥാനത്താണ് ലിവര്‍പൂള്‍. ആദ്യ മൂന്ന് മത്സരവും ജയിച്ച ലെസ്റ്റര്‍ സിറ്റിയാണ് ഗോള്‍ ശരാശരിയില്‍ ലിവര്‍പൂളിനെ മറികടന്ന് ഒന്നാം സ്ഥാനത്തുള്ളത്. ആഴ്‌സണലിന്റെ സീസണിലെ ആദ്യ തോല്‍വിയാണിത്.
വെസ്റ്റ് ഹാമിനെയും ഫുല്‍ഹാമിനെയും തോല്‍പ്പിച്ചെത്തിയ ആഴ്‌സണലിന് ലിവര്‍പൂളിന് മുന്നില്‍ അടിപതറി. ലെസ്റ്റര്‍ സിറ്റിയോട് വമ്പന്‍ തോല്‍വി ഏറ്റുവാങ്ങിയ മാഞ്ചസ്റ്റര്‍ സിറ്റിയുടെ ഇത്തവണത്തെ തുടക്കം അത്ര ഗംഭീരമായിരുന്നില്ല. മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ക്രിസ്റ്റല്‍ പാലസിനോടും തോറ്റിരുന്നു. ചെല്‍സി മൂന്ന് മത്സരങ്ങളില്‍ 1 മത്സരത്തില്‍ ജയിക്കുകയും തോല്‍ക്കുകയും സമനില വഴങ്ങുകയും ചെയ്തിട്ടുണ്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications