മൂന്ന് ഫൈനല്‍, മൂന്ന് തോല്‍വി. അതില്‍ രണ്ടെണ്ണം കോപ്പ അമേരിക്കയില്‍. ഒരെണ്ണം ലോകകപ്പില്‍. കോപ്പ അമേരിക്ക 2015 ന്റെ ഏറ്റവും ദുഖഭരിതമായ കാഴ്ചയായിരുന്നു കണ്ണീരോട കളംവിടുന്ന ലിയോ. മെസിയെ കളിയാക്കിയും ന്യായീകരിച്ചും കമന്റുകള്‍ ഇഷ്ടം പോലെ വന്നു. മെസ്സി അര്‍ജന്റീനയ്ക്ക് വേണ്ടി കളിക്കുന്നതില്‍ നിന്നും ഒരു ബ്രേക്ക് എടുക്കണമെന്ന് വരെ ദേഷ്യം കൊണ്ട് ദേശീയ മാധ്യമങ്ങള്‍ പറഞ്ഞു.
ബാഴ്‌സലോണയ്ക്ക് വേണ്ടി കളംനിറഞ്ഞുകളിക്കുന്ന മെസ്സി അര്‍ജന്റീനയുടെ കുപ്പായത്തിലെത്തുമ്പോള്‍ കളിമറക്കുന്നു എന്ന ആരോപണങ്ങള്‍ പുതിയതല്ല. എന്നാല്‍ വിമര്‍ശകര്‍ കാണാതെ പോകുന്ന ഒരു കാര്യമുണ്ട്. ലോകകപ്പിലും കോപ്പ അമേരിക്കയിലും ടൂര്‍ണമെന്റിന്റെ താരമായിരുന്നു മെസ്സി. കോപ്പ അമേരിക്ക ഫൈനലില്‍ ചിലിയോട് ഏറ്റ ഞെട്ടിപ്പിക്കുന്ന തോല്‍വിയോട് മെസ്സി ഒടുവില്‍ പ്രതികരിച്ചു.

സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റായ ഫേസ്ബുക്കിലൂടെയാണ് മെസ്സി തന്റെ മനസ്സുതുറന്നത്. ഫൈനലില്‍ തോല്‍ക്കുക എന്നതിപ്പുറം ഒരു സങ്കടം ഫുട്‌ബോളില്‍ ഇല്ല. എന്നാല്‍ അത് തന്നെ ആലോചിച്ചിരിക്കുന്നതില്‍ കാര്യമില്ല എന്നും താരം പറയുന്നു. ടീമിനും തനിക്കുമൊപ്പം നിന്ന ആരാധകരോട് നന്ദി പറഞ്ഞുകൊണ്ടാണ് ലിയോ തന്റെ കുറിപ്പ് അവസാനിപ്പിക്കുന്നത്.
അതേസമയം ലയണല്‍ മെസ്സിയെ അദ്ദേഹം അര്‍ഹിക്കുന്ന വിധത്തില്‍ രാജ്യം അംഗീകരിക്കുന്നില്ല എന്നും അര്‍ജന്റീനയില്‍ പറച്ചിലുകളുണ്ട്. ലോകത്തെ ഒന്നാം നമ്പര്‍ താരമാണ് മെസ്സി. എന്നാല്‍ ആ ബഹുമാനം ഇവിടെ കിട്ടുന്നില്ല. എപ്പോഴും എന്തെങ്കിലും വിവാദങ്ങള്‍ അദ്ദേഹത്തിന്റെ പേരിലുണ്ടാകും. ആളുകള്‍ കുറ്റപ്പെടുത്തും. ഒരുദിവസം മനസ്സ് മടുത്ത് മെസ്സി അര്‍ജന്റീനയ്ക്ക് വേണ്ടി കളിക്കുന്നത് നിര്‍ത്തിയേക്കുമെന്ന് പോലും മുന്‍താരം മാത്തിയസ് അല്‍മേഡ മുന്നറിയിപ്പ് നല്‍കുന്നു.