
ഗുവാഹത്തി: ഐഎസ്എല്ലിലെ നിര്‍ണണായക മല്‍സരത്തില്‍ നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡും പൂനെ സിറ്റിയും 1-1നു സമനില സമ്മതിച്ചു പിരിഞ്ഞു. സമനിലയോടെ നോര്‍ത്ത് ഈസ്റ്റിന് പ്ലേഓഫിലേക്കു യോഗ്യത നേടാന്‍ ഇനിയും കാത്തിരിക്കണം. അവസാന മല്‍സരത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സിനോട് തോല്‍ക്കാതിരുന്നാല്‍ നോര്‍ത്ത് ഈസ്റ്റിനു ഇതാദ്യമായി സെമി ഫൈനലില്‍ കളിക്കാം. പൂനെയ്‌ക്കെതിരേ ജയിച്ചിരുന്നെങ്കില്‍ അവസാന മല്‍സരത്തിന് കാത്തുനില്‍ക്കാതെ നോര്‍ത്ത് ഈസ്റ്റിന് സെമി ഫൈനലിലെത്താമായിരുന്നു. എന്നാല്‍ സമനില പൂനെയുടെ പ്ലേഓഫ് മോഹങ്ങള്‍ അവസാനിപ്പിച്ചു. ശേഷിച്ച രണ്ടു മല്‍സരങ്ങള്‍ ജയിച്ചാലും പൂനെയ്ക്ക് ഇനി സെമി ഫൈനലിലെത്താനാവില്ല.
നോര്‍ത്ത് ഈസ്റ്റും പൂനെയും തമ്മിലുള്ളള മല്‍സരം ആവേശകരമായിരുന്നു. ഇരുടീമുകളും ജയത്തിന് വേണ്ടി ഇഞ്ചോടിഞ്ച് പൊരുതി. രണ്ടു ടീമുകള്‍ക്കും ഗോളുകള്‍ നേടാന്‍ നിരവധി അവസരങ്ങള്‍ ലഭിച്ചെങ്കിലും ഓരോ തവണ മാത്രമേ എതിര്‍ ഗോള്‍ വല കുലുക്കാനായുള്ളൂ. ഗോള്‍രഹിതമായ ആദ്യപകുതിക്കു ശേഷം രണ്ടാം പകുതിയിലാണ് രണ്ടു ഗോളുകളും പിറന്നത്. ഒന്നാംപകുതിയില്‍ ഇയാന്‍ പൂനെയ്ക്കായി വല ചലിപ്പിച്ചെങ്കിലും ഓഫ്‌സൈഡ് കെണിയില്‍ കുടുങ്ങുകയായിരുന്നു.
47ാം മിനിറ്റില്‍ റൗളിന്‍ ബോര്‍ജസിന്റെ ഗോളില്‍ നോര്‍ത്ത് ഈസ്റ്റാണ് ആദ്യം മുന്നിലെത്തിയത്. പൂനെ ഗോളിക്കു വന്ന പിഴവില്‍ നിന്നായിരുന്നു ഗോള്‍. ബോര്‍ജസിന്റെ ഗോള്‍ശ്രമം തടയാന്‍ ശ്രമിച്ച ഗോളി കമല്‍ജിത്തിന് പന്ത് പിടിയിലൊതുക്കാനായില്ല. തുടര്‍ന്ന് ബോര്‍ജസ് ഒഴിഞ്ഞ വലയിലേക്ക് പന്ത് തട്ടിയിടുകയായിരുന്നു. ഈ ഗോളില്‍ നോര്‍ത്ത് ഈസ്റ്റ് ജയവും പ്ലേഓഫ് ടിക്കറ്റും ഉറപ്പിക്കുമെന്ന് കരുതിയെങ്കിലും 69ാം മിനിറ്റില്‍ ആദില്‍ ഖാന്റെ ഗോളില്‍ പൂനെ ഒപ്പമെത്തി. ഡീഗോ കാര്‍ലോസിന്റെ ക്രോസ് തകര്‍പ്പനൊരു വോളിയിലൂടെയാണ് ആദില്‍ വലയിലേക്കു പായിച്ചത്. 89ാം മിനിറ്റില്‍ ല്യുഡോ റൊമാന രണ്ടാം മഞ്ഞക്കാര്‍ഡും കണ്ടു പുറത്തായതോടെ വിജയഗോള്‍ നേടുകയെന്ന നോര്‍ത്ത് ഈസ്റ്റിന്റെ പ്രതീക്ഷകളും അസ്തമിച്ചു.