
കൊല്‍ക്കത്ത: മുന്‍ ചാംപ്യന്‍മാരായ എടിക്കെയെ അവരുടെ തട്ടകത്തില്‍ കെട്ടുകെട്ടിച്ച് മുംബൈ സിറ്റി ഐഎസ്എല്ലിന്റെ സെമി ഫൈനലിലേക്കു കുതിച്ചു. ഒന്നിനെതിരേ മൂന്നു ഗോളുകളുടെ ആധികാരിക ജയമാണ് മുംബൈ നേടിയത്. മൊദു സൊഗുവിന്റെ ഹാട്രിക്കാണ് മുംബൈയുടെ അവിസ്മരണീയ വിജയത്തിന് അടിത്തറയിട്ടത്. 26, 39, 60 മിനിറ്റുകളിലായിരുന്നു സൊഗുവിന്റെ ഹാട്രിക് നേട്ടം. 67ാം മിനിറ്റില്‍ ആന്ദ്രെ ബിക്കെയുടെ വകയായിരുന്നു എടിക്കെയുടെ ആശ്വാസഗോള്‍. തോല്‍വിയോടെ എടിക്കെയുടെ സെമി ഫൈനല്‍ പ്രതീക്ഷകള്‍ അസ്തമിച്ചു. ലീഗില്‍ തുടര്‍ച്ചയായ മൂന്നു തോല്‍വികള്‍ക്കു ശേഷം മുംബൈയുടെ ആദ്യ വിജയം കൂടിയാണിത്. ബെംഗളൂരു എഫ്‌സി, എഫ്‌സി ഗോവ എന്നിവര്‍ക്കു പിന്നാലെ സെമിയിലെത്തിയ മൂന്നാമത്തെ ടീമാണ് മുംബൈ.
നിര്‍ണായക മല്‍സരത്തില്‍ എടിക്കെയ്‌ക്കെതിരേ തുടക്കം മുതല്‍ മികച്ച പ്രകടനമാണ് മുംബൈ കാഴ്ചവച്ചത്. 26ാം മിനിറ്റില്‍ അര്‍ഹിച്ച ലീഡും അവര്‍ കൈക്കലാക്കി. പ്രാഞ്ചാല്‍ നല്‍കിയ പന്തുമായി മുന്നേറിയ സൊഗു എടിക്കെ പ്രതിരോധത്തെയും വെട്ടിയൊഴിഞ്ഞ് തൊടുത്ത ഇടംകാല്‍ ഷോട്ട് ഗോളി അരിന്ദമിനെ നിസ്സഹായനാക്കി വലയില്‍ കയറി. 39ാം മിനിറ്റില്‍ മുംബൈയുടെ ആധിപത്യമുറപ്പാക്കി സൊഗു വീണ്ടും വലകുലുക്കി. വലതു വിങിലൂടെയുള്ള അതിവേഗ നീക്കത്തിനൊടുവില്‍ സിസ്സോക്കോ ബോക്‌സിനുള്ളിലേക്കു നല്‍കിയ മനോഹരമായ പാസ് സൊഗു അനായാസം ലക്ഷ്യത്തിലെത്തിച്ചു.
രണ്ടാംപകുതിയിലും മുംബൈ തന്നെ കളംവാണു. 60ാം മിനിറ്റില്‍ എടിക്കെയുടെ തോല്‍വിയും മുംബൈയുടെ സെമി ഫൈനല്‍ ബബെര്‍ത്തും ഉറപ്പിച്ചുകൊണ്ട് സൊഗു തന്റെ ഹാട്രിക്ക് പൂര്‍ത്തിയാക്കി. സീസണില്‍ താരത്തിന്റെ രണ്ടാം ഹാട്രിക്കാണിത്. മക്കാഡോ നല്‍കിയ പാസില്‍ നിന്നായിരുന്നു സൊഗുവിന്റെ ഹാട്രിക്ക് ഗോള്‍. 67ാം മിനിറ്റില്‍ ബിക്കെയിലൂടെ എടിക്കെ ഗോള്‍ മടക്കിയെങ്കിലും അപ്പോഴേക്കും കളി കൈവിട്ടു പോയിരുന്നു.