സാവോപോളോ: പരിക്ക് മൂലം ലോകകപ്പിലെ ബാക്കി മത്സരങ്ങളില്‍ വിട്ടുനില്‍ക്കേണ്ടി വരുന്ന നെയ്മറിന് ആശ്വാസവാക്കുകളുമായി ലയണല്‍ മെസ്സി. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് മെസ്സി നെയ്മറിന് പരിക്കേറ്റതിലെ സങ്കടം വെളിപ്പെടുത്തിയത്. ബാഴ്‌സലോണയിലെ തന്റെ സഹതാരമായ നെയ്മറിന്റെ ചിത്രങ്ങളും മെസ്സി ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.
ബ്രസീല്‍ ലോകകപ്പിലെ ഏറ്റവും വലിയ സൂപ്പര്‍ സ്റ്റാറുകളാണ് അര്‍ജന്റീന ക്യാപ്റ്റനായ ലയണല്‍ മെസ്സിയും ബ്രസീലിന്റെ നെയ്മറും. രണ്ടുപേരും ഈ ലോകകപ്പില്‍ ഇതുവരെ നാല് ഗോളുകള്‍ നേടിയിട്ടുണ്ട്. ആരാധകര്‍ എതിര്‍ചേരിയിലാണെങ്കിലും മെസ്സിയും നെയ്മറും അടുത്ത കൂട്ടുകാരാണ്. ഇരുടീമുകളും സെമി കടന്നാല്‍ പരസ്പരം ഒരു കളി കാണാന്‍ കാത്തിരിക്കുകയാണ് ആരാധകര്‍.

നെയ്മര്‍ക്ക് ആശംസ അറിയിച്ചുകൊണ്ട് മെസ്സി പോസ്റ്റ് ചെയ്ത പോസ്റ്റിന് അമ്പതിനായിരത്തിലധികം ഷെയറുകളാണ് ലഭിച്ചത്. ഒന്നരലക്ഷത്തോളം പേര്‍ പോസ്റ്റ് ലൈക്ക് ചെയ്തിട്ടുണ്ട്. കൊളംബിയയ്‌ക്കെതിരായ കളിയില്‍ തുടയ്ക്ക് പരിക്കേറ്റ നെയ്മര്‍ക്ക് ഈ ലോകകപ്പിലെ തുടര്‍ന്നുള്ള മത്സരങ്ങളില്‍ കളിക്കാനാകില്ല. സെമിഫൈനലില്‍ ജര്‍മനിക്കെതിരായാണ് ബ്രസീലിന്റെ അടുത്ത കളി.
കൊളംബിയന്‍ കളിക്കാരുടെ കടുത്ത ടാക്ലിംഗിന് വിധേയനായ നെയ്മറെ കളിയുടെ എണ്‍പത്തിമൂന്നാം മിനുട്ടില്‍ സ്‌ട്രെക്ചറിലാണ് പുറത്തേക്ക് കൊണ്ടുപോയത്. നട്ടെല്ലിന് പരിക്കേറ്റ നെയ്മറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുറഞ്ഞത് മൂന്ന് മത്സരങ്ങളെങ്കിലും നെയ്മര്‍ക്ക് നഷ്ടമാകും. അപ്പോഴേക്കും ഈ ലോകകപ്പും കഴിയും. 22 കാരനായ നെയ്മര്‍ പരിക്ക് വകവെക്കാതെയാണ് കൊളംബിയയ്‌ക്കെതിരെ ക്വാര്‍ട്ടര്‍ കളിക്കാനിറങ്ങിയത്.