പാരിസ്: 58 വര്‍ഷം പഴക്കമുള്ള യൂറോപ്പ്യന്‍ റെക്കോഡും തകര്‍ത്ത് ഫ്രഞ്ച് ലീഗില്‍ നിലവിലെ ചാംപ്യന്മാരായ പിഎസ്ജിയുടെ കുതിപ്പ്. ലീഗിലെ 12ാം റൗണ്ട് മല്‍സരത്തില്‍ ലില്ലെയെയും തകര്‍ത്തതോടെയാണ് പിഎസ്ജി യൂറോപ്പില്‍ പുതിയ റെക്കോഡിട്ടത്. സീസണിലെ തുടക്കത്തിലെ 12 മല്‍സരങ്ങളിലും വെന്നിക്കൊടി നാട്ടിയ ഏക യൂറോപ്പ്യന്‍ ടീമെന്ന റെക്കോഡാണ് പിഎസ്ജി തങ്ങളുടെ പേരിലാക്കിയത്. 1960-61 സീസണുകളില്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ പവര്‍ഹൗസുകളായ ടോട്ടനം ഹോട്സ്പര്‍ സ്ഥാപിച്ച തുടര്‍ച്ചയായ 11 വിജയങ്ങളെന്ന റെക്കോഡാണ് പിഎസ്ജി പഴങ്കഥയാക്കിയത്.
ലോകകപ്പിനൊരുങ്ങുന്ന ഇന്ത്യയ്ക്ക് തലവേദനയായി ബൗളിങ്; ബുംറ കേമന്‍, ഭുവി പോര, ഒപ്പമാര്?
ലില്ലെയെയും തോല്‍പ്പിച്ചതോടെ സീസണിലെ ആദ്യ 12 മല്‍സരങ്ങളില്‍ ജയിക്കുന്ന യൂറോപ്പ്യന്‍ ടീമെന്ന റെക്കോഡാണ് പിഎസ്ജിയുടെ പേരിലായത്. യൂറോപ്പിലെ പ്രധാനപ്പെട്ട അഞ്ച് ലീഗുകളില്‍ ഒരു ടീം സീസണിന്റെ തുടക്കത്തിലെ 12 മല്‍സരങ്ങളില്‍ ആദ്യമായാണ് വെന്നിക്കൊടി നാട്ടുന്നത്. ലില്ലെയ്ക്കെതിരേ ബ്രസീലിയന്‍ സൂപ്പര്‍താരം നെയ്മറും ഫ്രഞ്ച് സെന്സേഷന് കിലിയന്‍ എംബാപ്പയുമാണ് ഗോള്‍ നേടിയത്. എംബാപ്പെ 70ാം മിനിറ്റിലും നെയ്മര്‍ 84ാം മിനിറ്റിലുമാണ് പിഎസ്ജിക്കു വേണ്ടി ലക്ഷ്യംകണ്ടത്. സീണിലെ 11 മല്‍സരങ്ങളില്‍ നിന്ന് എംബാപ്പെയുടെ ഗോള്‍നേട്ടം 13 ആയി. ഫ്രഞ്ച് ലീഗില്‍ അവസാന 45 സീസണുകളില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ യുവ താരമാണ് 19 കാരനായ എംബാപ്പെ. 40 ഗോളുകളാണ് ഫ്രഞ്ച് ലീഗില്‍ നിന്നായി ഇതുവരെ എംബാപ്പെ അടിച്ചുകൂട്ടിയത്.
ഇഞ്ചുറിടൈമില്‍ നിക്കോളാസ് പെപെയുടെ വകയായിരുന്നു ലില്ലെയുടെ ആശ്വാസഗോള്‍. വിജയത്തോടെ പോയിന്റ് പട്ടികയില്‍ ഒന്നാംസ്ഥാനക്കാരായ പിഎസ്ജി രണ്ടാം സ്ഥാനക്കാരായ ലില്ലെയുമായുള്ള ലീഡ് വീണ്ടും വര്‍ധിപ്പിച്ചു. 12 റൗണ്ട് മല്‍സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 36 പോയിന്റുമായാണ് പിഎസ്ജി കുതിപ്പ് നടത്തുന്നത്. 25 പോയിന്റാണ് രണ്ടാം സ്ഥാനക്കാരായ ലില്ലെയ്ക്കുള്ളത്.