Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

'നീ യുണൈറ്റഡിൽ നിൽക്കൂ, ഞാൻ വരുന്നു'; ഡാലോട്ടിന്റെ കരിയർ മാറ്റിയ റൊണാൾഡോയുടെ ആ ഒറ്റ മെസ്സേജ്!

ഫുട്ബോൾ ലോകത്തെ എക്കാലത്തെയും മികച്ച പോരാട്ടമാണ് ലയണൽ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും തമ്മിലുള്ളത്. ഈ രണ്ട് ഇതിഹാസങ്ങളുടെ മത്സരവീര്യം കളിക്കളത്തിന് പുറത്ത് സഹതാരങ്ങളെപ്പോലും എത്രത്തോളം സ്വാധീനിക്കുന്നു എന്ന് വ്യക്തമാക്കുകയാണ് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പോർച്ചുഗൽ പ്രതിരോധ താരം ഡിയോഗോ ഡാലോട്ടിന്റെ വാക്കുകൾ. ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കൊപ്പം മാഞ്ചസ്റ്റർ യുണൈറ്റഡിലും ദേശീയ ടീമിലും കളിച്ചപ്പോഴുള്ള തന്റെ അവിസ്മരണീയമായ അനുഭവങ്ങളാണ് താരം ഇപ്പോൾ പങ്കുവെച്ചിരിക്കുന്നത്.

മിലാനിലേക്ക് പോകാനിരുന്ന ഡാലോട്ടിനെ യുണൈറ്റഡിൽ നിലനിർത്തിയ ആ മെസ്സേജ്

2018-ൽ ഹോസെ മൗറീഞ്ഞോയ്ക്ക് കീഴിലാണ് ഡാലോട്ട് മാഞ്ചസ്റ്റർ യുണൈറ്റഡിൽ എത്തുന്നത്. എന്നാൽ പിന്നീട് മൗറീഞ്ഞോ പുറത്തായതോടെ ഡാലോട്ടിന് ടീമിൽ സ്ഥാനം നഷ്ടമാവുകയും 2020-ൽ അദ്ദേഹം എസി മിലാനിലേക്ക് ലോണിൽ പോവുകയും ചെയ്തു. മിലാനിൽ സ്ഥിരമായി തുടരാൻ ആഗ്രഹിച്ചിരുന്ന ഡാലോട്ടിന്റെ കരിയർ മാറ്റിമറിച്ചത് റൊണാൾഡോയുടെ അപ്രതീക്ഷിതമായ ഒരു മെസ്സേജായിരുന്നു. "കുട്ടീ, നീ അവിടെത്തന്നെ നിൽക്കൂ, ഞാൻ മാഞ്ചസ്റ്ററിലേക്ക് തിരിച്ചുവരുന്നുണ്ട്" എന്നായിരുന്നു റൊണാൾഡോ ഡാലോട്ടിന് അയച്ച സന്ദേശം. പ്ലേയേഴ്സ് ട്രിബ്യൂണിന് നൽകിയ അഭിമുഖത്തിലാണ് ഡാലോട്ട് ഈ രഹസ്യം പരസ്യമാക്കിയത്.

cristianoronaldo1

"മെസ്സിയാണ് എതിരാളിയെങ്കിൽ ഒന്നും ഒന്നിനും തികയില്ല"

റൊണാൾഡോയ്ക്കൊപ്പം കളിച്ച സീസണാണ് തന്നെ ഒരു കളിക്കാരനെന്ന നിലയിലും വ്യക്തിയെന്ന നിലയിലും വളർത്തിയതെന്ന് ഡാലോട്ട് പറയുന്നു. ജിമ്മിൽ ആരെങ്കിലും ഒരു സെറ്റ് വ്യായാമം ഒഴിവാക്കിയാൽ പോലും റൊണാൾഡോ അത് കൃത്യമായി ശ്രദ്ധിക്കുമായിരുന്നു. യുണൈറ്റഡിലെ ഒരു സ്ട്രൈക്കറെക്കുറിച്ച് റൊണാൾഡോ നടത്തിയ പ്രവചനവും ഡാലോട്ട് പങ്കുവെച്ചു. ആദ്യ സീസണിൽ മികച്ച പ്രകടനം നടത്തിയ ആ കളിക്കാരൻ ഇവിടെ അധികകാലം മുന്നോട്ടുപോകില്ലെന്നായിരുന്നു റൊണാൾഡോയുടെ കണ്ടെത്തൽ. ഇന്ന് അയാൾ രണ്ട് ഗോൾ അടിച്ചല്ലോ എന്ന് ഡാലോട്ട് ചോദിച്ചപ്പോൾ, "അതെ, പക്ഷേ മൂന്നാമത്തെ ഗോളിനായുള്ള ആവേശം അവനിൽ കണ്ടില്ല" എന്നായിരുന്നു റൊണാൾഡോയുടെ മറുപടി. ലയണൽ മെസ്സിയെപ്പോലൊരു എതിരാളിയുള്ളപ്പോൾ ഒന്നിനും തൃപ്തിപ്പെടാത്ത ചിന്താഗതിയാണ് റൊണാൾഡോയെ ലോകത്തെ ഏറ്റവും മികച്ചവനാക്കി മാറ്റുന്നത് എന്ന് ഡാലോട്ട് ഓർമ്മിപ്പിച്ചു.

റൊണാൾഡോയുടെ വിമർശകർക്ക് മറുപടി

2026 ലോകകപ്പിനുള്ള പോർച്ചുഗൽ ടീമിൽ റൊണാൾഡോയെ ഉൾപ്പെടുത്തിയതിനെ വിമർശിക്കുന്നവർക്കെതിരെയും ഡാലോട്ട് കടുത്ത ഭാഷയിൽ ആഞ്ഞടിച്ചു. ലോകകപ്പിൽ റൊണാൾഡോ കളിക്കണമോ എന്ന് ആളുകൾ ചർച്ച ചെയ്യുന്നത് തന്നെ മണ്ടത്തരമാണെന്ന് അദ്ദേഹം പറഞ്ഞു. റൊണാൾഡോയ്ക്ക് ഇപ്പോൾ 41 വയസ്സായി, അദ്ദേഹം 22 വയസ്സുകാരനെപ്പോലെ ഓടുന്നുണ്ടാകില്ല, പക്ഷേ ഇപ്പോഴും എല്ലാ മത്സരങ്ങളിലും ഗോൾ നേടുന്നുണ്ട്. തന്റെ മക്കളുടെ പ്രായമുള്ള യുവാക്കൾക്കൊപ്പമാണ് അദ്ദേഹം കളിക്കുന്നത് എങ്കിലും റൊണാൾഡോ ടീമിലുള്ളത് സഹതാരങ്ങളുടെ പ്രകടനം കൂടുതൽ മികച്ചതാക്കാൻ സഹായിക്കുമെന്നും ഡാലോട്ട് കൂട്ടിച്ചേർത്തു. ജൂൺ 11ന് ആരംഭിക്കുന്ന ഫിഫ ലോകകപ്പിലേക്കാണ് ഇപ്പോൾ ഏവരുടെയും ശ്രദ്ധ. പതിനേഴാം തിയതിയാണ് പോർച്ചു​ഗൽ ആദ്യ മത്സരത്തിന് ഇറങ്ങുന്നത്.

Story first published: Saturday, June 6, 2026, 9:12 [IST]
Other articles published on Jun 6, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+