ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ പുതിയ സീസണില്‍ രണ്ടാം മത്സരം കളിക്കാനിറങ്ങിയ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് അപ്രതീക്ഷിത സമനില. വോള്‍വസിനോട് ഓരോ ഗോള്‍വീതം നേടിയാണ് യുണൈറ്റഡ് സമനില വഴങ്ങിയത്. തുടര്‍ച്ചയായ രണ്ടാം വിജയം പ്രതീക്ഷിച്ചിറങ്ങിയ ടീമിന് സീസണ് തുടക്കത്തില്‍തന്നെ തിരിച്ചടിയേറ്റത് ആരാധകരില്‍ നിരാശയുളവാക്കി. ആദ്യ മത്സരത്തില്‍ ചെല്‍സിക്കെതിരെ നാല് ഗോള്‍ ജയം നേടിയശേഷമാണ് യുണൈറ്റഡ് രണ്ടാം മത്സരത്തില്‍ നിറംമങ്ങിയത്.
മത്സരത്തില്‍ ആധിപത്യമുണ്ടായിരുന്ന യുണൈറ്റഡ് 27-ാം മിനിറ്റില്‍ ആന്റണി മാര്‍ഷ്യലിലൂടെ ലീഡെടുത്തിരുന്നു. എന്നാല്‍, 55-ാം മിനിറ്റില്‍ റുബെന്‍ നെവസിലൂടെ വോള്‍വസ് തിരിച്ചടിച്ചു. ഇതിന് പിന്നാലെ മത്സരത്തില്‍ ലീഡെടുക്കാന്‍ യുണൈറ്റഡിന് സുവര്‍ണാവസരം ലഭിച്ചെങ്കിലും മുതലെടുക്കാനായില്ല. 68-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി പോള്‍ പോഗ്ബ പാഴാക്കുകയായിരുന്നു. ഇതിലൂടെ വിലപ്പെട്ട രണ്ട് പോയന്റും യുണൈറ്റഡ് നഷ്ടപ്പെടുത്തി.
സ്മിത്തിന് മാത്രമല്ല, ആര്‍ച്ചറുടെ തീയുണ്ടയില്‍ ധോണിക്കും പൊള്ളി... തീര്‍ന്നില്ല, ഇനിയുമുണ്ട്
പന്തടക്കത്തില്‍ യുണൈറ്റഡ് ആണ് മേല്‍ക്കൈ നേടിയതെങ്കിലും പ്രത്യാക്രമണത്തിലൂടെ തിരിച്ചടിക്കുകയെന്ന വോള്‍വസിന്റെ തന്ത്രം ഫലംകണ്ടു. യുണൈറ്റഡിനെതിരെ കടുത്ത പ്രതിരോധം തീര്‍ത്ത വോള്‍വസ് സ്വന്തം തട്ടകത്തില്‍ വിജയതുല്യമായ സമനിലയാണ് നേടിയെടുത്തത്. അവസാന മിനിറ്റുകളില്‍ വിജയഗോളിനായി യുണൈറ്റഡ് സമ്മര്‍ദ്ദം ചെലുത്തിയെങ്കിലും ഫലം കണ്ടില്ല.