മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താഴോട്ട്; പ്രശ്‌നം പോഗ്ബയോ? തലപുകച്ച് സോള്‍ഷെയര്‍
ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ ഏറ്റവും പ്രഭലരായ ക്ലബ്ബുകളുടെ പട്ടികയിലാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ സ്ഥാനം. എന്നാല്‍ അടുത്തിടയ്‌ക്കൊന്നും പ്രീമിയര്‍ ലീഗ് കിരീടം നേടാന്‍ അവര്‍ക്ക് സാധിച്ചിട്ടില്ല. ഈ സീസണിന്റെ തുടക്കത്തില്‍ ടീമില്‍ ആഭ്യന്തര സംഘര്‍ഷം രൂക്ഷമായതോടെ പരിശീലകസ്ഥാനത്ത് നിന്ന് ജോസ് മൗറീഞ്ഞോയെ മാറ്റി പകരം സോള്‍ഷെയറെ യുണൈറ്റഡ് നിയമിച്ചു. മുന്‍ യുണൈറ്റഡ് താരം കൂടിയായ സോള്‍ഷെയറിന് കീഴില്‍ യുണൈറ്റഡ് തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്തതോടെ ഒരു ഘട്ടത്തില്‍ എട്ടാം സ്ഥാനത്ത് നിന്ന് നാലാം സ്ഥാനത്തേക്കെത്താനും യുണൈറ്റഡിന് സാധിച്ചു.
എന്നാല്‍ അവസാന കുറച്ച് മത്സരങ്ങളിലായി യുണൈറ്റഡിന്റെ പ്രകടനം ആരാധകരെ നിരാശപ്പെടുത്തുന്നു. അവസാന അഞ്ച് മത്സരത്തില്‍ നാല് മത്സരത്തിലും അവര്‍ പരാജയപ്പെട്ടു. സീസണ്‍ അവസാന ഘട്ടത്തിലേക്കെത്തുമ്പോള്‍ താരങ്ങളുടെ പ്രകടനം യുണൈറ്റഡ് മാനേജ്‌മെന്റിനും തലവേദന സൃഷ്ടിക്കുന്നു. പ്രീമിയര്‍ ലീഗിലെ പോയിന്റ് പട്ടികയില്‍ 32 മത്സരങ്ങളില്‍ നിന്ന് 18 ജയവും ഏഴ് വീതം തോല്‍വിയും സമനിലയുമടക്കം 61 പോയിന്റുള്ള യുണൈറ്റഡ് ആറാം സ്ഥാനത്താണ്. ഇനി ആറ് മത്സരങ്ങള്‍ അവശേഷിക്കെ യുണൈറ്റഡ് തിരിച്ചുവരുമോയെന്ന് കാത്തിരുന്ന് കാണണം.

അവസാന അഞ്ച് മത്സരം
മാര്‍ച്ച് 10ന് നടന്ന മത്സരത്തില്‍ ആഴ്‌സണലിനോട് തോറ്റതോടെ യുണൈറ്റഡിന്റെ കഷ്ടകാലം തുടങ്ങി. എതിരില്ലാത്ത രണ്ട് ഗോളിനായിരുന്നു ഗണ്ണേഴ്‌സിനോട് യുണൈറ്റഡ് തോറ്റത്. മാര്‍ച്ച് 16ന് നടന്ന എഫ്.എ കപ്പില്‍ വോള്‍വ്‌സിനോട് തോറ്റത് യുണൈറ്റഡിനെ കൂടുതല്‍ സമ്മര്‍ദ്ദത്തിലാക്കി.ഒന്നിനെതിരേ രണ്ട് ഗോളിനായിരുന്നു തോല്‍വി. അടുത്ത മത്സരത്തില്‍ വാറ്റ്‌ഫോര്‍ഡിനോട് 2-1ന് മുട്ടുമടത്തിയതോടെ യുണൈറ്റഡില്‍ പ്രതിസന്ധി രൂക്ഷമായി. ആരാധകരും വിമര്‍ശനം ശക്തമാക്കിയതോടെ അടുത്ത മത്സരത്തില്‍ വോള്‍വ്‌സിനോട് യുണൈറ്റഡ് ജയിച്ചു. ഒന്നിനെതിരേ രണ്ട് ഗോളിനായിരുന്നു ഈ ജയം. ദുര്‍ബലരായ വോള്‍വ്‌സിനോട് വിറച്ചുജയിച്ച യുണൈറ്റഡിന് ചാമ്പ്യന്‍സ് ലീഗിലെ ആദ്യ പാദത്തില്‍ ബാഴ്‌സലോണയോടും മുട്ടുമടക്കേണ്ടി വന്നതോടെ ടീമില്‍ മാറ്റങ്ങള്‍ക്കായുള്ള മുറവിളി ശക്തമാവുകയാണ്.

പോഗ്ബയുടെ കൂടുമാറ്റം പ്രശ്‌നം
പോള്‍ പോഗ്ബ റയല്‍ മാഡ്രിഡിലേക്ക് കൂടുമാറുന്നുവെന്ന വാര്‍ത്ത യുണൈറ്റഡിനെ കാര്യമായി ബാധിച്ചിട്ടുണ്ട്. യുണൈറ്റഡിന്റെ വിജയക്കുതിപ്പിന് മദ്ധ്യനിരയില്‍ ചുക്കാന്‍ പിടിക്കുന്ന പോഗ്ബ പഴയ ഫോം കാട്ടാത്തതാണ് പ്രധാന പ്രശ്‌നം. റോമലു ലുക്കാക്കു,റാഷ്‌ഫോര്‍ഡ് എന്നിവര്‍ക്കും താളം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. യുണൈറ്റഡ് വിടാന്‍ താല്‍പ്പര്യപ്പെടുന്നില്ലെന്ന് ആദ്യം പോഗ്ബ വ്യക്തമാക്കിയിരുന്നെങ്കിലും ഇപ്പോള്‍ അങ്ങനെയല്ല കാര്യങ്ങള്‍. കരാര്‍ പുതുക്കാന്‍ പ്രതിഫലം ഉയര്‍ത്തി നല്‍കണമെന്നാണ് പോഗ്ബയുടെ ആവശ്യം. ഇതിന് ക്ലബ്ബ് പച്ചകൊടി നല്‍കാതിരുന്നാല്‍ റയലിലേക്ക് പോഗ്ബ കൂടുമാറുമെന്നുറപ്പാണ്.

പ്രതിരോധം തലവേദന
മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ പ്രതിരോധ നിര ടീമിന് തലവേദന സൃഷ്ടിക്കുന്നു. ലൂക്ക് ഷാ,ആഷ്‌ളി യങ്,ക്രിസ് സ്മാലിങ് എന്നിവര്‍ക്ക് സംഭവിക്കുന്ന പിഴവ് ബാഴ്‌സലോണയ്‌ക്കെതിരെയും കണ്ടു. ലൂക്ക് ഷായുടെ സെല്‍ഫ് ഗോളിലാണ് യുണൈറ്റഡ് കളി കൈവിട്ടത്. അതിനാല്‍ ഡിഫന്‍സിലെ പിഴവുകള്‍ നികത്താനുള്ള തയ്യാറെടുപ്പിലാണ് ക്ലബ്ബുള്ളത്. ഈ സീസണില്‍ പുതിയൊരു കൈമാറ്റം എളുപ്പമല്ലാത്തതിനാല്‍ തല്‍ക്കാലം ഈ താരങ്ങളെ നിലനിര്‍ത്തി തന്ത്രം മെനയുകയേ സോള്‍ഷെയറിന് രക്ഷയുള്ളു. 43 ഗോളാണ് പ്രീമിയര്‍ ലീഗില്‍ യുണൈറ്റഡ് വഴങ്ങിയതെന്നത് പ്രതിരോധത്തിലെ പോരായ്മയെ എടുത്തുകാട്ടുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications