ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ ഗ്ലാമര്‍ പോരാട്ടത്തില്‍ ആഴ്‌സനലിനും സീസണിനു ശേഷം ക്ലബ്ബിന്റെ പരിശീലകസ്ഥാനം ഒഴിയുന്ന ആഴ്‌സന്‍ വെങറിനും ഇഞ്ചുറി നല്‍കി മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് നാടകീയ ജയം. മുന്‍ ചാംപ്യന്‍മാര്‍ തമ്മിലുള്ള ലീഗിലെ 35ാം റൗണ്ട് പോരാട്ടത്തില്‍ മാഞ്ചസ്റ്റര്‍ ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്ക് ആഴ്‌സനലിനെ പരാജയപ്പെടുത്തുകയായിരുന്നു. ഓള്‍ഡ് ട്രാഫോര്‍ഡില്‍ ഇഞ്ചുറിടൈമില്‍ നേടിയ ഗോളാണ് ജോസ് മൊറീഞ്ഞോ പരിശീലിപ്പിക്കുന്ന മാഞ്ചസ്റ്ററിന് നാടകീയ വിജയം സമ്മാനിച്ചത്. ആഷ്‌ലി യങിന്റെ ക്രോസില്‍ ഹെഡ്ഡറിലൂടെ ബെല്‍ജിയം താരമായ മറൗനെ ഫെല്ലയ്‌നി ആഴ്‌സനല്‍ ഗോളിയെ കാഴ്ചക്കാരാനാക്കി മാഞ്ചസ്റ്ററിന്റെ വിജയഗോള്‍ ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു.
ആവേശകരമായ മല്‍സരത്തില്‍ 16ാം മിനിറ്റില്‍ പോള്‍ പോഗ്ബയിലൂടെ മാഞ്ചസ്റ്റര്‍ മുന്നിലെത്തിയിരുന്നു. എന്നാല്‍, 51ാം മിനിറ്റില്‍ ഹെന്റിക് മിക്കിതാര്‍യാനിലൂടെ ആഴ്‌സനല്‍ മല്‍സരത്തില്‍ ഒപ്പമെത്തി. പക്ഷേ, സമനില പ്രതീക്ഷകളെ തകിടം മറിച്ച് ഇഞ്ചുറിടൈമില്‍ ഫെല്ലയ്‌നി ആഴ്‌സനലിന്റെ വില്ലനാവുകയായിരുന്നു. ആഴ്‌സനല്‍ പരിശീലകനായി വെങറിന്റെ അവസാന മാഞ്ചസ്റ്റര്‍ പര്യടനം കൂടിയായിരുന്നു മല്‍സരം.

മല്‍സരത്തില്‍ പന്തടക്കത്തില്‍ മാഞ്ചസ്റ്ററിന് മേല്‍ക്കൈ ഉണ്ടായിരുന്നെങ്കിലും ആക്രമിച്ചു കളിക്കുന്നതില്‍ ഇരു ടീമും ഒപ്പത്തിനൊപ്പം നില്‍ക്കുന്ന പ്രകടനമാണ് കാഴ്ചവച്ചത്. നിലവില്‍ 77 പോയിന്റുമായി പട്ടികയില്‍ സീസണിലെ കിരീടം ഉറപ്പിച്ച മാഞ്ചസ്റ്റര്‍ സിറ്റിക്കു തൊട്ടുപിന്നിലായി രണ്ടാം സ്ഥാനത്താണ് മാഞ്ചസ്റ്റര്‍. എന്നാല്‍, 57 പോയിന്റുമായി ആറാം സ്ഥാനത്താണ് ആഴ്‌സനല്‍.