ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ കരുത്തരുടെ പോരാട്ടത്തില്‍ ആഴ്‌സണലിനെ തോല്‍പ്പിച്ച് മാഞ്ചസ്റ്റര്‍ സിറ്റി. ഏകപക്ഷീയമായ ഒരു ഗോളിനാണ് ഗണ്ണേഴ്‌സിനെ പെപ് ഗാര്‍ഡിയോളയുടെ ശിഷ്യന്‍മാര്‍ വീഴ്ത്തിയത്. വാശിയേറിയ പോരാട്ടത്തിന്റെ 23ാം മിനുട്ടില്‍ റഹിം സ്‌റ്റെര്‍ലിങ്ങാണ് സിറ്റിയുടെ വിജയഗോള്‍ നേടിയത്. സീസണില്‍ നാല് മത്സരത്തില്‍ നിന്ന് സിറ്റിയുടെ രണ്ടാം ജയമാണിത്. നിലവില്‍ ഒമ്പതാം സ്ഥാനത്താണ് സിറ്റി. ആഴ്‌സണല്‍ അഞ്ചാം സ്ഥാനത്തും.
മറ്റൊരു മത്സരത്തില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ന്യൂകാസിലിനെ 4-1ന് തോല്‍പ്പിച്ചു. ഒരു ഗോളിന് പിന്നിട്ട് നിന്നശേഷമാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ തിരിച്ചുവരവ്. രണ്ടാം മിനുട്ടില്‍ ലൂക്ക് ഷായുടെ സെല്‍ഫ് ഗോളില്‍ ന്യൂകാസില്‍ മുന്നിലെത്തി. 20ാം മിനുട്ടില്‍ ബ്രൂണോ ഫെര്‍ണാണ്ടസ് വലകുലുക്കിയെങ്കിലും ഓഫ്‌സൈഡിനെത്തുടര്‍ന്ന് ഗോള്‍ നിഷേധിക്കപ്പെട്ടു. 23ാം മിനുട്ടില്‍ ഹാരി മഗ്യുയിറാണ് യുണൈറ്റഡിന് സമനില ഗോള്‍ സമ്മാനിക്കുന്നത്.

58ാം മിനുട്ടില്‍ യുണൈറ്റഡിന് അനുകൂലമായി പെനാല്‍റ്റി ലഭിച്ചെങ്കിലും ബ്രൂണോ ഫെര്‍ണാണ്ടസ് പാഴാക്കി. 86ാം മിനുട്ടില്‍ ബ്രൂണോ ഫെര്‍ണാണ്ടസ് യുണൈറ്റഡ് ഗോള്‍പോസ്റ്റില്‍ രണ്ടാം ഗോള്‍ ചേര്‍ത്തപ്പോള്‍ 90ാം മിനുട്ടില്‍ വാന്‍ ബിസേക്കയും ഇഞ്ചുറി ടൈമിന്റെ അവസാന സമയത്ത് റാഷ്‌ഫോര്‍ഡും യുണൈറ്റഡിനായി ലക്ഷ്യം കണ്ടു. നിലവില്‍ ആറ് പോയിന്റുമായി യുണൈറ്റഡ് 14ാം സ്ഥാനത്തും 7 പോയിന്റുള്ള ന്യൂകാസില്‍ 11ാം സ്ഥാനത്തുമാണ്.
സ്പാനിഷ് ലീഗില്‍ നിലവിലെ ചാമ്പ്യന്മാരായ റയല്‍ മാഡ്രിഡും ബാഴ്‌സലോണയും തോല്‍വി നേരിട്ടു. ബാഴ്‌സലോണയെ ഖത്താഫെ ഏകപക്ഷീയമായ ഒരു ഗോളിനാണ് പരാജയപ്പെടുത്തിയത്. മെസ്സിയെ കുന്തമുനയാക്കി 4-2-3-1 ഫോര്‍മേഷനിലിറങ്ങിയ ബാഴ്‌സയെ 4-4-2 ഫോര്‍മേഷനിലാണ് ഖത്താഫെ തളച്ചത്. 56ാം മിനുട്ടില്‍ പെനാല്‍റ്റി വലയിലെത്തിച്ച ജെയ്മി മാറ്റയാണ് ഖത്താഫെയുടെ വിജയ ശില്‍പ്പി. പന്തടക്കത്തില്‍ 73 ശതമാനം ബാഴ്‌സ മുന്നിട്ട് നിന്നപ്പോള്‍ 7നെതിരേ 9 ഗോള്‍ശ്രമവുമായി ഖത്താഫെ കരുത്ത് കാട്ടി. നിലവില്‍ ഏഴ് പോയിന്റുള്ള ബാഴ്‌സ ഒമ്പതാം സ്ഥാനത്താണ്.

അതേ സമയം കാഡിസാണ് റയലിനെ 1-0ന് തോല്‍പ്പിച്ചത്. 16ാം മിനുട്ടില്‍ അന്തോണി ലൊസാനോയാണ് കാഡിസിന്റെ വിജയഗോള്‍ നേടിയത്. തോറ്റെങ്കിലും 5 മത്സരത്തില്‍ നിന്ന് 10 പോയിന്റുമായി റയല്‍ തലപ്പത്താണ്.കാഡിസ് മൂന്നാം സ്ഥാനത്തും. മറ്റൊരു മത്സരത്തില്‍ സെല്‍റ്റാ വിഗോയെ അത്‌ലറ്റികോ മാഡ്രിഡ് 2-0ന് തോല്‍പ്പിച്ചു.6ാം മിനുട്ടില്‍ ലൂയിസ് സുവാരസ് അത്‌ലറ്റിക്കോയുടെ അക്കൗണ്ട് തുറന്നപ്പോള്‍ ഇഞ്ചുറി ടൈമില്‍ യാനിക്ക് കറാസ്‌കോയാണ് രണ്ടാം ഗോള്‍ നേടിയത്. എട്ട് പോയിന്റുള്ള അത്‌ലറ്റികോ നിലവില്‍ ആറാം സ്ഥാനത്താണ്.
ബുണ്ടസ്ലീഗയില്‍ ബയേണ്‍ മ്യൂണിക്ക് അര്‍മിനീനിയ ബിലിഫെല്‍ഡിനെ 4-1ന് തോല്‍പ്പിച്ചു. തോമസ് മുള്ളര്‍,ലെവന്‍ഡോസ്‌കി എന്നിവര്‍ ബയേണിനായി ഇരട്ടഗോള്‍ നേടിയപ്പോള്‍ റിട്‌സു ഡോനാണ് അര്‍മീനിയക്കായി വലകുലുക്കിയത്. ബയേണിന്റെ കോറന്റീന്‍ ടോലിസ്‌കോയ്ക്ക് മത്സരത്തില്‍ ചുവപ്പുകാര്‍ഡ് ലഭിച്ചു.