Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പ്രീമിയര്‍ ലീഗില്‍ പുതിയ റെക്കോഡിട്ട് സിറ്റി; ആഴ്‌സനലിനും ചെല്‍സിക്കും തിരിച്ചടി

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് പോരാട്ടം അവസാന റൗണ്ടിലേക്ക് കടക്കാനൊരുങ്ങുമ്പോള്‍ ലീഗിലെ ടോപ് ഫോറിനായുള്ള പോരാട്ടം കനക്കുന്നു. അതേസമയം, സീസണിലെ ലീഗ് കിരീടം ഏറ്റുവാങ്ങിയതിനു പിന്നാലെ പുതിയ റെക്കോഡിട്ടിരിക്കുകയാണ് പെപ് ഗ്വാര്‍ഡിയോള തന്ത്രങ്ങളോതുന്ന മാഞ്ചസ്റ്റര്‍ സിറ്റി. ഹോംഗ്രൗണ്ടില്‍ ഒന്നിനെതിരേ മൂന്നു ഗോളുകള്‍ക്ക് ബ്രൈറ്റണിനെ തോല്‍പ്പിച്ചാണ് സിറ്റി റെക്കോഡ് ബുക്കില്‍ ഒരിക്കല്‍ കൂടി തങ്ങളുടെ പേര് എഴുതി ചേര്‍ത്തത്.

ബ്രൈറ്റണിനെതിരായ വിജയത്തോടെ പ്രീമിയര്‍ ലീഗ് ചരിത്രത്തില്‍ ഒരു സീസണില്‍ ഏറ്റവും കൂടുതല്‍ പോയിന്റ് നേടുന്ന ക്ലബ്ബെന്ന റെക്കോഡാണ് സിറ്റി സ്വന്തമാക്കിയത്. 37 മല്‍സരങ്ങളില്‍ നിന്ന് 97 പോയിന്റാണ് നിലവില്‍ ലീഗിലെ ഒന്നാംസ്ഥാനക്കാരായ സിറ്റിക്കുള്ളത്. അടുത്ത മല്‍സരത്തില്‍ ജയിക്കാനായാല്‍ സീസണില്‍ 100 പോയിന്റെന്ന അപൂര്‍വ്വ റെക്കോഡും സിറ്റിക്ക് കുറിക്കാനാവൂം. നേരത്തെ, 2004-05 സീസണില്‍ ജോസ് മൊറീഞ്ഞോയുടെ പരിശീലക മികവില്‍ ചെല്‍സി നേടിയ 95 പോയിന്റായിരുന്നു പ്രീമിയര്‍ ലീഗ് സീസണിലെ റെക്കോഡ് ബുക്കില്‍ ഉണ്ടായിരുന്നത്. അതാണ് ബ്രൈറ്റണിനെതിരായ വിജയത്തോടെ സിറ്റി തിരുത്തിയത്. കൂടാതെ സീസണിലെ ഗോള്‍ വേട്ടയിലും സിറ്റി പുതിയ റെക്കോഡിട്ടു. 105 ഗോളുകളാണ് ഈ സീസണില്‍ ഇതുവരെ സിറ്റി അടിച്ചുകൂട്ടിയിട്ടുള്ളത്.

epl

2009-10 സീസണില്‍ 104 ഗോള്‍ നേടിയ ചെല്‍സിയുടെ റെക്കോഡാണ് ഇതോടെ പഴങ്കഥയായത്. ബ്രൈറ്റണിനെതിരേ ഡാനിലോ (16ാം മിനിറ്റ്), ബെര്‍നാര്‍ഡോ സില്‍വ (34), ഫെര്‍ണാണ്ടീഞ്ഞോ (72) എന്നിവരാണ് സിറ്റിക്കു വേണ്ടി സ്‌കോര്‍ ചെയ്തത്. 20ാം മിനിറ്റില്‍ ലിയൊനാര്‍ഡോ ഉല്ലോവയുടെ വകയായിരുന്നു ബ്രൈറ്റണിന്റെ ആശ്വാസ ഗോള്‍.

അതേസമയം, 37ാം റൗണ്ട് പോരില്‍ ന്യൂകാസിലിനെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ച് ടോട്ടന്‍ഹാം ഹോട്‌സ്പര്‍ ലീഗിലെ ആദ്യ നാല് സ്ഥാനങ്ങളില്‍ ഇടം ഉറപ്പിച്ചു. ലീഗില്‍ പോയിന്റ് പട്ടികയില്‍ ആദ്യ നാല് സ്ഥാനങ്ങളിലെത്തിയതോടെ അടുത്ത സീസണിലെ യുവേഫ ചാംപ്യന്‍സ് ലീഗ് ടിക്കറ്റും ടോട്ടന്‍ഹാമിന് ലഭിച്ചു. 37ാം റൗണ്ടിലെ മറ്റൊരു മല്‍സരത്തില്‍ കഴിഞ്ഞ സീസണിലെ ചാംപ്യന്‍മാരായ ചെല്‍സിക്ക് സമനില പിണഞ്ഞതും ടോട്ടന്‍ഹാമിന് നേട്ടമായി. താരതമ്യേന ദുര്‍ബലരായ ഹഡേഴ്‌സ്ഫീല്‍ഡാണ് ചെല്‍സിയെ 1-1ന് പിടിച്ചുകെട്ടിയത്. ഇതോടെ ചെല്‍സിയുടെ അടുത്ത സീസണിലെ ചാംപ്യന്‍സ് ലീഗ് പ്രവേശനവും തുലാസിലായി. എന്നാല്‍, എവേ മല്‍സരത്തില്‍ ആഴ്‌സനല്‍ ലെസ്റ്റര്‍ സിറ്റിയോട് അപ്രതീക്ഷിത പരാജയം ഏറ്റുവാങ്ങി. സ്വന്തം തട്ടകത്തില്‍ ലെസ്റ്റര്‍ 3-1നാണ് ആഴ്‌സനലിനെ വീഴ്ത്തിയത്.

ഹോംഗ്രൗണ്ടില്‍ 50ാം മിനിറ്റില്‍ ഹാരി കെയ്ന്‍ നേടിയ ഗോളാണ് ന്യൂകാസിലിനെതിരേ ടോട്ടന്‍ഹാമിന് വിജയം നേടിക്കൊടുത്തത്. വിജയത്തോടെ 37 മല്‍സരങ്ങളില്‍ നിന്ന് ടോട്ടന്‍ഹാമിന് 74 പോയിന്റായി. നാലാം സ്ഥാനത്തുള്ള ലിവര്‍പൂളിന് 72 ഉം തൊട്ടുപിന്നിലുള്ള ചെല്‍സിക്ക് 70 ഉം പോയിന്റാണുള്ളത്. ചെല്‍സിക്കെതിരേ 50ാം മിനിറ്റില്‍ ലോറന്റ് ഡിപോട്രെ നേടിയ ഗോളിലൂടെ ഹഡേഴ്‌സ്ഫീല്‍ഡ് ആദ്യം മുന്നിലെത്തിയിരുന്നു. എന്നാല്‍, 62ാം മിനിറ്റില്‍ മാര്‍ക്കോസ് അലോന്‍സോയിലൂടെ ചെല്‍സി സമനില ഗോള്‍ കണ്ടെത്തുകയായിരുന്നു. സമനിലയോടെ നാലാം സ്ഥാനത്തിനു വേണ്ടി ചെല്‍സിയും ലിവര്‍പൂളും തമ്മിലാണ് പോര് നടക്കുക. ലീഗിലെ അവസാന റൗണ്ട് മല്‍സരത്തില്‍ ലിവര്‍പൂള്‍ തോല്‍ക്കുന്നതോടൊപ്പം ചെല്‍സിക്ക് ജയിക്കാനും കഴിഞ്ഞാല്‍ മാത്രമേ അടുത്ത സീസണിലെ ചാംപ്യന്‍സ് ലീഗ് യോഗ്യത നേടാന്‍ കഴിയുകയുള്ളൂ. 10 പേരുമായി കളിച്ച ആഴ്‌സനലിനെതിരേ ലെസ്റ്ററിനു വേണ്ടി കെലേച്ചി ഇഹെനാച്ചോ (14ാം മിനിറ്റ്), ജാമി വാര്‍ഡി (76), റിയാദ് മെഹ്‌റസ് (90) എന്നിവരാണ് ലക്ഷ്യംകണ്ടത്. 52ാം മിനിറ്റില്‍ പിയറെ എമെറിക് ഓബമെയാങാണ് ആഴ്‌സനലിന്റെ ആശ്വാസ ഗോള്‍ നേടിയത്.

Story first published: Thursday, May 10, 2018, 17:11 [IST]
Other articles published on May 10, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+