മുംബൈ: ഐഎസ്എല്‍ ടീമായ മുംബൈ സിറ്റി എഫ്‌സിയുടെ സിംഹഭാഗം ഓഹരിയും മാഞ്ചസ്റ്റര്‍ സിറ്റി ഉടമസ്ഥര്‍ വാങ്ങുമെന്ന് സൂചന. വിശ്വസനീയമായ വൃത്തങ്ങളെ ഉദ്ധരിച്ച് രാജ്യാന്തര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സാണ് ഈ വിവരം പുറത്തുവിട്ടത്. നിലവില്‍ സിറ്റി ഫുട്‌ബോള്‍ ഗ്രൂപ്പിന് (സിഎഫ്ജി) കീഴിലാണ് പ്രീമിയര്‍ ലീഗ് ജേതാക്കളായ മാഞ്ചസ്റ്റര്‍ സിറ്റി നിലകൊള്ളുന്നത്. മുംബൈ സിറ്റി എഫ്‌സിയുടെ ഭൂരിഭാഗം ഓഹരിയും വാങ്ങാനുള്ള നടപടികള്‍ സിഎഫ്ജി പൂര്‍ത്തിയാക്കിയെന്നാണ് വിവരം. ഔദ്യോഗിക പ്രഖ്യാപനം വൈകാതെ വരും. സിഎഫ്ജി ഗ്രൂപ്പിന്റെ കുടക്കീഴില്‍ വരുന്ന എട്ടാമത്തെ ക്ലാബായിരിക്കും മുംബൈ സിറ്റി എഫ്സി.

ന്യൂയോര്‍ക്ക് സിറ്റി എഫ്‌സി (അമേരിക്ക), മെല്‍ബണ്‍ സിറ്റി എഫ്‌സി (ഓസ്‌ട്രേലിയ), യോക്കോഹാമ എഫ് മറീനോസ് (ജപ്പാന്‍), ഗിറോണ എഫ്‌സി (സ്‌പെയിന്‍), ക്ലബ് അത്‌ലറ്റികോ ടോര്‍ഖ് (ഉറുഗുവായ്), സിച്ചുവന്‍ ജിയുനിയ (ചൈന), മാഞ്ചസ്്റ്റര്‍ സിറ്റി (ഇംഗ്ലണ്ട്) കബ്ലുകള്‍ ഇതിനോടകം സിഎഫ്ജിയിലുണ്ട്. അബുദാബി രാജകുടുംബാംഗവും യുഎഇയുടെ ഡെപ്യൂട്ടി പ്രധാനമന്ത്രിയുമായ ഷെയ്ഖ് മന്‍സൂര്‍ ബിന്‍ സായെദ് അല്‍ നഹ്യാനാണ് സിഎഫ്ജിയില്‍ ഭൂരിഭാഗം ഓഹരിയുള്ളത്. ഇതേസമയം, മുംബൈ സിറ്റി എഫ്‌സിയില്‍ നിക്ഷേപം നടത്തുമെന്ന വാര്‍ത്തയില്‍ സിഎഫ്ജി പ്രതികരിക്കാന്‍ കൂട്ടാക്കിയിട്ടില്ല. നിലവില്‍ ബോളിവുഡ് താരം റണ്‍ബീര്‍ കപൂറാണ് മുംബൈ സിറ്റി എഫ്‌സിയുടെ സഹഉടമ.

എന്തായാലും സിഎഫ്ജി ഗ്രൂപ്പ് മുംബൈ സിറ്റി എഫ്‌സിയെ ഏറ്റെടുക്കുന്നത് ഇന്ത്യന്‍ ഫുട്‌ബോളിന് ഗുണം ചെയ്യുമെന്നാണ് പൊതുവിലയിരുത്തല്‍. മുംബൈ കേന്ദ്രീകൃതമായ ഗ്രാസ് റൂട്ട് പരിശീലന പരിപാടികള്‍ക്കും സൗകര്യങ്ങള്‍ക്കും പുതിയ മാനം കൈവരും. നടന്നുകൊണ്ടിരിക്കുന്ന സീസണില്‍ വലിയ സാമ്പത്തിക പ്രതിസന്ധി മുംബൈ സിറ്റി എഫ്‌സി നേരിടുന്നുണ്ട്. ഇക്കാരണത്താല്‍ തന്നെ 2019-20 സീസണില്‍ കാര്യമായ ചിലവുചുരുക്കല്‍ നടപടികള്‍ ക്ലബ് പ്രഖ്യാപിച്ചിരുന്നു. 2018 -ല്‍ മാഞ്ചസ്റ്റര്‍ സിറ്റി സിഇഒ ഫെറന്‍ സോറിയാനോ ഇന്ത്യയിലെത്തി ജംഷ്ഡ്പൂര്‍ എഫ്‌സിയുടെ കളി നേരില്‍ കണ്ടിരുന്നു. അനന്തമായ സാധ്യതകള്‍ ഇന്ത്യയിലുണ്ടെന്നാണ് അന്ന് അദ്ദേഹം പറഞ്ഞത്.