
ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോളില്‍ നിലവിലെ ജേതാക്കളായ മാഞ്ചസ്റ്റര്‍ സിറ്റിക്കു അപ്രതീക്ഷിത തോല്‍വി നേരിട്ടപ്പോള്‍ പുതിയ കോച്ച് ഒലെ ഗണ്ണാര്‍ സോള്‍ഷേറിന് കീഴില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ വിജയക്കുതിപ്പ് അവസാനിച്ചു. എവേ മല്‍സരത്തില്‍ ന്യൂസികാസില്‍ യുനൈറ്റഡാണ് ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കു സിറ്റിയെ ഞെട്ടിച്ചത്. യുനൈറ്റഡ് ഹോം മാച്ചില്‍ ബേണ്‍ലിയുമായി 2-2ന്റെ സമനില വഴങ്ങുകയായിരുന്നു. മറ്റു മല്‍സരങ്ങളില്‍ ആഴ്‌സനല്‍ 2-1ന് കാര്‍ഡിഫ് സിറ്റിയെയും ഫുള്‍ഹാം 4-2ന് ബ്രൈറ്റണിനെയും എവേര്‍ട്ടന്‍ 1-0ന് ഹഡേഴ്‌സ്ഫീല്‍ഡിനെയും വോള്‍ഫ്‌സ് 3-0ന് വെസ്റ്റ്ഹാമിനെയും പരാജയപ്പെടുത്തി.
എവ് മല്‍സരത്തില്‍ ന്യൂകാസിലിനെതിരേ ഒരു ഗോളിന് ലീഡ് ചെയ്ത ശേഷമാണ് സിറ്റി അപ്രതീക്ഷിത തോല്‍വിയിലേക്കു കൂപ്പുകുത്തിയത്. സൂപ്പര്‍ താരം സെര്‍ജിയോ അഗ്യൂറോ ആദ്യ മിനിറ്റില്‍ തന്നെ സിറ്റിക്കു ലീഡ് നേടിക്കൊടുത്തിരുന്നു. എന്നാല്‍ സൊളാമോന്‍ റൊന്‍ഡന്‍ (66), മാറ്റ് റിച്ചി (80) എന്നിവരുടെ ഗോളുകളില്‍ ന്യൂകാസില്‍ അവിശ്വസനീയ ജയം പിടിച്ചെടുക്കുകയായിരുന്നു. സിറ്റിയുടെ തോല്‍വിയോടെ ലീഗില്‍ തലപ്പത്തു നില്‍ക്കുന്ന ലിവര്‍പൂൡന്റെ കിരീടസാധ്യത വര്‍ധിക്കുകയും ചെയ്തു. അടുത്ത മല്‍സരം ജയിച്ചാല്‍ രണ്ടാമതുള്ള സിറ്റിക്കു മേല്‍ ഏഴു പോയിന്റിന്റെ ലീഡ് കരസ്ഥമാക്കാന്‍ ലിവര്‍പൂളിനാവും.

അതേസമയം, തുടര്‍ച്ചയായ എട്ടു ജയങ്ങളുമായി മുന്നേറിയ യുനൈറ്റഡ് അപ്രതീക്ഷിത സമനിലയാണ് ബേണ്‍ലിക്കെതിരേ നേരിട്ടത്. ഒരു ഘട്ടത്തില്‍ 0-2ന്റെ തോല്‍വി മുന്നില്‍ കണ്ട യുനൈറ്റഡ് 87, 90+4 മിനിറ്റുകളില്‍ ഗോളുകള്‍ തിരിച്ചടിച്ച് സമനില കൈക്കലാക്കുകായായിരുന്നു. പോള്‍ പോഗ്ബ, വിക്ടര്‍ ലിന്‍ഡെലോഫ് എന്നിവരാണ് യുനൈറ്റഡിന്റെ സ്‌കോറര്‍മാര്‍.
കളിയിലുടനീളം യുനൈറ്റഡ് ആധിപത്യം പുലര്‍ത്തിയെങ്കിലും ലഭിച്ച അവസരങ്ങളില്‍ പലതും ഗോളാക്കി മാറ്റാനായില്ല. ഹോംഗ്രൗണ്ടില്‍ കാര്‍ഫിനെതിരേ പിയറെ എമെറിക് ഔബമെയാങ് (66ാം മിനിറ്റ്), അലെക്‌സാണ്ട്രെ ലക്കാസറ്റെ (83) എന്നിവരുടെ ഗോളുകളാണ് ആഴ്‌സനലിനു ജയം സമ്മാനിച്ചത്.