മോസ്കോ: റഷ്യ ലോകകപ്പിലെ മികച്ച താരത്തിനുള്ള ഗോള്‍ഡന്‍ ബോള്‍ പുരസ്കാരം ക്രൊയേഷ്യയുടെ ലൂക്കാ മോഡ്രിച്ചിന്. ഫൈനലില്‍ കളിച്ച ഫ്രാന്‍സിന്റെ കൈലിയന്‍ എംബാപ്പെയും പുരസ്കാര സാധ്യതാ പട്ടികയില്‍ ഉള്‍പ്പെട്ടിരുന്നു. സെമിയില്‍ തോറ്റ ബെല്‍ജിയത്തിന്റെ ഈദന്‍ ഹസാര്‍ഡും, ഇംഗ്ലണ്ടിന്റെ ഹാരി കെയിനും മികച്ച കളിക്കാര്‍ക്കുള്ള പരിഗണനയിലുണ്ടായിരുന്നെങ്കിലും മോഡ്രിച്ചനാണ് പുരസ്കാരം ലഭിച്ചത്.
ഫൈനലില്‍ തോറ്റ ടീമിലെ താരത്തിനാണ് 1998 മുതല്‍ പുരസ്കാരം നല്‍കിവരുന്നത്. 2014ല്‍ അര്‍ജന്റീനയുടെ ലയണല്‍ മെസ്സിക്കായിരുന്നു ഗോള്‍ഡന്‍ ബോള്‍. ഇത്തവണ അത് ലൂക്കാ മോഡ്രിച്ചിനാകാനാണ് സാധ്യതയെന്ന് നേരത്തെതന്നെ റിപ്പോര്‍ട്ടുണ്ടായിരുന്നു. ക്രൊയേഷ്യയെ ചരിത്രത്തില്‍ ആദ്യമായി ലോകകപ്പിന്റെ ഫൈനല്‍വരെ എത്തിക്കുന്നതില്‍ മോഡ്രിച്ചിന്റെ പ്രകടനം നിര്‍ണായകമായിരുന്നു.
ഫ്രാന്‍സിന്റെ തുരുപ്പുചീട്ടായ കൈലിയന്‍ എംബാപ്പെ അര്‍ജന്റീനയ്ക്കെതിരായ പ്രകടനത്തോടെയാണ് ശ്രദ്ധനേടിയത്. വേഗതയിലും കളിമിടുക്കിലും പ്രതിഭ തെളിയിച്ച എംബാപ്പെയ്ക്ക് പുറമെ, ഫ്രാന്‍സിന്റെ എന്‍ഗോളോ കാന്റെയും സ്വര്‍ണപ്പന്ത് പുരസ്കാരത്തിന് പരിഗണനയിലുണ്ടായിരുന്നു.
ബെല്‍ജിയത്തിന്റെ ഈദന്‍ ഹസാര്‍ഡും മികച്ച പ്രകടനമാണ് റഷ്യയില്‍ പുറത്തെടുത്തത്. ശക്തരായ ബ്രസീലിനെതിരെ ബെല്‍ജിയത്തിന് വിജയം നേടിക്കൊടുത്തതില്‍ ഹസാര്‍ഡിന്റെ പ്രകടനം നിര്‍ണായകമായിരുന്നു. ടൂര്‍ണമെന്റില്‍ മൂന്നു ഗോളുകള്‍ നേടിയ ഹസാര്‍ഡ് ഗോള്‍ഡന്‍ ബോള്‍ പുരസ്കാര പട്ടികയില്‍ മുന്പിലെത്തിയിരുന്നു.