വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ചാംപ്യന്‍സ് ലീഗ്: തോറ്റിട്ടും ലിവര്‍പൂള്‍ ഫൈനലില്‍; പൊരുതി കീഴടങ്ങി റോമ

റോം: നീണ്ട 11 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ഇംഗ്ലീഷ് ഗ്ലാമര്‍ ക്ലബ്ബായ ലിവര്‍പൂള്‍ യുവേഫ ചാംപ്യന്‍സ് ലീഗ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ ഫൈനലിലേക്ക് മുന്നേറി. അത്യതം ആവേശകരമായ സെമിഫൈനലില്‍ ഇരുപാദങ്ങളിലായി ഇറ്റാലിയന്‍ വമ്പന്‍മാരായ എഎസ് റോമയെ 6-7ന് പരാജയപ്പെടുത്തിയാണ് ലിവര്‍പൂള്‍ ടൂര്‍ണമെന്റിന്റെ കലാശപ്പോരാട്ടത്തിന് ടിക്കറ്റെടുത്തത്. രണ്ടാംപാദത്തില്‍ റോമയോട് 4-2ന് തോറ്റിട്ടും ആദ്യപാദ സെമിഫൈനലില്‍ നേടിയ 2-5ന്റെ മേല്‍ക്കൈ ലിവര്‍പൂളിനെ കിരീടപ്പോരിലേക്കെത്തിക്കുകയായിരുന്നു.

കലാശപ്പോരില്‍ നിലവിലെ ചാംപ്യന്‍മാരും സ്പാനിഷ് അതികായന്‍മാരുമായ റയല്‍ മാഡ്രിഡാണ് ലിവര്‍പൂളിന്റെ എതിരാളി. മെയ് 26ന് ഉക്രെയ്‌ന്റെ തലസ്ഥാനമായ കീവിലെ പ്രശസ്തമായ ഒളിംപിക് സ്റ്റേഡിയത്തിലാണ് റയല്‍-ലിവര്‍പൂള്‍ കിരീടപ്പോരാട്ടം. രണ്ടാംപാദത്തില്‍ റോമയ്ക്കുവേണ്ടി റദ നെയ്ന്‍ഗോളന്‍ ഇരട്ട ഗോള്‍ നേടിയപ്പോള്‍ എഡിന്‍ സെക്കോ ഒരു തവണ ലക്ഷ്യംകണ്ടു. മറ്റൊരു ഗോള്‍ ലിവര്‍പൂള്‍ താരം ജെയിംസ് മില്‍നറിന്റെ സെല്‍ഫ് ഗോളായിരുന്നു. ലിവര്‍പൂളിനായി സാദിയോ മെയ്ന്‍, ജോര്‍ജിനിയോ വിനാല്‍ഡം എന്നിവരാണ് സ്‌കോര്‍ ചെയ്തത്. ലിവര്‍പൂളിന്റെ എട്ടാം ചാംപ്യന്‍സ് ലീഗ് ഫൈനല്‍ പ്രവേശനം കൂടിയാണിത്. അഞ്ച് തവണ ചാംപ്യന്‍മാരായ ലിവര്‍പൂളിന്റെ ടൂര്‍ണമെന്റിലെ അവസാന കിരീടനേട്ടം 2005ലായിരുന്നു. 2007ല്‍ കലാശപ്പോരിനിറങ്ങിയെങ്കിലും ഇറ്റാലിയന്‍ ഗ്ലാമര്‍ ടീമായ എസി മിലാനു മുന്നില്‍ ലിവര്‍പൂള്‍ കിരീടം കൈവിടുകയായിരുന്നു.

liverpoolteam

ആദ്യപകുതിയില്‍ രണ്ടടിച്ച് ലിവര്‍പൂള്‍

ടുര്‍ണമെന്റിന്റെ ഫൈനല്‍ പ്രവേശനത്തിന് ലിവര്‍പൂളിനെ സഹായിച്ചത് ആന്‍ഫീല്‍ഡില്‍ നേടിയ അഞ്ച് ഗോളുകള്‍ക്കു പിന്നാലെ റോമയുടെ തട്ടകത്തില്‍ ആദ്യപകുതിയില്‍ നേടിയ രണ്ട് വിലപ്പെട്ട ഗോളുകളായിരുന്നു. ആവേശകരമായ മല്‍സരത്തില്‍ ഇരു ടീമും ഒപ്പത്തിനൊപ്പം പൊരുതിയപ്പോള്‍ ആരാധകര്‍ക്ക് വിരുന്നായി മാറുകയായിരുന്നു. ഒളിംപിക് സ്റ്റേഡിയത്തില്‍ സ്വന്തം കാണികള്‍ക്കു മുന്നില്‍ ആക്രമണ ഫുട്‌ബോളിന് തുടക്കമിട്ടത് റോമയായിരുന്നു. കളിയുടെ ഒന്നാം മിനിറ്റില്‍ തന്നെ സെക്കോയിലൂടെ റോമ ആദ്യ ഗോള്‍ ശ്രമം നടത്തുകയും ചെയ്തു. കളിയുടെ ഒമ്പതാം മിനിറ്റാവുമ്പോഴേക്കും ലിവര്‍പൂളിന് രണ്ട് ഫ്രീകിക്ക് അവസരം ലഭിച്ചെങ്കിലും. മുതലാക്കാനായില്ല. പുത്തന്‍ താരോദയവും ഗോളടിവീരനുമായ മുഹമ്മദ് സലാഹിന്റെ രണ്ട് ഫ്രീകിക്കുകളും റോമന്‍ പ്രതിരോധത്തില്‍ തട്ടി തെറിക്കുകയായിരുന്നു. എന്നാല്‍, ഒമ്പതാം മിനിറ്റില്‍ റോമയെ ഞെട്ടിച്ച് മെയ്‌നിലൂടെ ലിവര്‍പൂള്‍ മല്‍സരത്തിലെ ആദ്യ ഗോള്‍ നേടി. റോബര്‍ട്ടോ ഫിര്‍മിനോയുടെ മനോഹരമായ ത്രൂപാസില്‍ റോമന്‍ ഗോളിക്ക് ഒരുപഴുതും നല്‍കാതെ ഇടംകാല്‍ കൊണ്ട് മെയ്ന്‍ ഗോള്‍ വലയ്ക്കുള്ളിലേക്ക് പന്ത് അടിച്ചുകയറ്റുകയായിരുന്നു. ചാംപ്യന്‍സ് ലീഗിന്റെ ഈ സീസണില്‍ താരം നേടുന്ന ഒമ്പതാമത്തെ ഗോള്‍ കൂടിയാണിത്. പക്ഷേ, ആറ് മിനിറ്റുകള്‍ക്കകം റോമ മല്‍സരത്തില്‍ ഒപ്പമെത്തി. സെല്‍ഫ് ഗോളിലൂടെയായിരുന്നു റോമയുടെ തിരിച്ചുവരവ്. പോസ്റ്റിനു മുന്നില്‍ നിന്ന് ലിവര്‍പൂള്‍ പ്രതിരോധ താരം ദെയാന്‍ ലോവ്‌റന്‍ പന്ത് ക്ലിയര്‍ ചെയ്യാന്‍ ശ്രമിക്കവെ മുന്നിലുണ്ടായിരുന്ന മില്‍നറുടെ തലയില്‍ അബദ്ധത്തില്‍ കൊണ്ട് സ്വന്തം ഗോള്‍ പോസ്റ്റിനുള്ളിലേക്ക് പന്ത് കയറുകയായിരുന്നു. 25ാം മിനിറ്റില്‍ വിനാല്‍ഡമിലൂടെ ലിവര്‍പൂള്‍ വീണ്ടും മുന്നിലെത്തി. ബോക്‌സിനുള്ളില്‍വച്ച് ലഭിച്ച ഉയര്‍ന്നുവന്ന പന്ത് ഹെഡ്ഡറിലൂടെ വിനാല്‍ഡം ഗോളാക്കി മാറ്റുുകയായിരുന്നു. പിന്നീട് ഇരുടീമും ചില മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും ആദ്യപകുതിയില്‍ 2-1ന് കളംവിടുകയായിരുന്നു.

football

രണ്ടാംപകുതിയില്‍ പോരാട്ടവീര്യം പുറത്തെടുത്ത് റോമ


ആദ്യപകുതിയെ അപേക്ഷിച്ച് കനത്ത ആക്രമണാത്മക ഫുട്‌ബോളും ചെറുത്ത് നില്‍പ്പും കണ്ടത് കളിയുടെ രണ്ടാംപകുതിയിലായിരുന്നു. രണ്ടാംപകുതിയിലെ ആദ്യ അഞ്ച് മിനിറ്റില്‍ സലായിലൂടെയും മെയ്‌നിലൂടെയും ലിവര്‍പൂള്‍ ചില നീക്കങ്ങള്‍ നടത്തിയെങ്കിലും പിന്നീടങ്ങോട്ട് റോമയുടെ പോരാട്ടവീര്യത്തിനാണ് ഒളിംപിക് സ്റ്റേഡിയം സാക്ഷിയായത്. 52ാം മിനിറ്റില്‍ സെക്കോയിലൂടെ റോമ രണ്ടാം ഗോളും നേടി. റീബൗണ്ടിലൂടെ ലഭിച്ച പന്ത് സെക്കോ അനായാസം ലിവര്‍പൂള്‍ വലയ്ക്കുള്ളിലാക്കുകയായിരുന്നു. പിന്നീടും മികച്ച മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും 86ാം മിനിറ്റിലാണ് റോമയ്ക്ക് മല്‍സരത്തിലെ മൂന്നാം ഗോള്‍ കണ്ടെത്താനായത്. അലെക്‌സാന്‍ഡര്‍ കൊലറോവിന്റെ പാസ് സ്വീകരിച്ച നെയ്ന്‍ഗോളന്‍ മികച്ചൊരു ഷോട്ടുതീര്‍ത്തപ്പോള്‍ പോസ്റ്റിന്റെ വലതുമൂലയില്‍ തട്ടി പന്ത് വലയ്ക്കുള്ളിലേക്ക് കയറുകയായിരുന്നു. കളിതീരാന്‍ സെക്കന്‍ഡുകള്‍ മാത്രം ബാക്കിനില്‍ക്കേ നാലാം ഗോള്‍ കണ്ടെത്താന്‍ കഴിഞ്ഞെങ്കിലും ആദ്യപാദത്തില്‍ വഴങ്ങിയ ഗോള്‍മറികടക്കാന്‍ റോമയ്ക്കു കഴിഞ്ഞില്ല. ബോക്‌സിനുള്ളില്‍വച്ച് ലിവര്‍പൂള്‍ താരം റാഗ്നര്‍ ക്ലാവാന്റെ ഹാന്‍ഡ് ബോളിനെ തുടര്‍ന്നാണ് റോമയ്ക്ക് അനുകൂലമായി റഫറി പെനാല്‍റ്റി വിധിച്ചത്.

പെനാല്‍റ്റിയെടുത്ത നെയ്ന്‍ഗോളന്‍ ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു. റഫറി ഫൈനല്‍ വിസില്‍ വിളിച്ചപ്പോള്‍ സ്വന്തം കാണികള്‍ക്കു മുന്നില്‍ മറ്റൊരു അദ്ഭുതം പ്രതീക്ഷിച്ച റോമയ്ക്ക് നിരാശരായി കളംവിടേണ്ടിവന്നു. നേരത്തെ, സ്പാനിഷ് അതികായന്‍മാരായ ബാഴ്‌സലോണയെ ക്വാര്‍ട്ടര്‍ ഫൈനലില്‍ അപ്രതീക്ഷിത തോല്‍വി സമ്മാനിച്ചാണ് റോമ ടൂര്‍ണമെന്റിന്റെ സെമിയിലെത്തിയത്. ക്വാര്‍ട്ടറില്‍ ആദ്യപാദത്തില്‍ ബാഴ്‌സയോട് 4-1ന് തോറ്റ റോമ രണ്ടാംപാദത്തില്‍ 0-3ന്റെ ഗംഭീര തിരിച്ചുവരവിലൂടെ ഫുട്‌ബോള്‍ ലോകത്തെ ഞെട്ടിക്കുകയായിരുന്നു. എന്നാല്‍, യുര്‍ഗന്‍ ക്ലോപ് പരിശിലിപ്പിക്കുന്ന ലിവര്‍പൂളിനു മുന്നില്‍ ഇത്തരമൊരു അട്ടിമറി നടത്താന്‍ റോമയ്ക്ക് കഴിഞ്ഞില്ല. ഇതോടെ 1984നു ശേഷം ചാംപ്യന്‍സ് ലീഗ് ഫൈനലിലെത്താനുള്ള അവസരവും റോമയ്ക്ക് നഷ്ടമായി.

Story first published: Thursday, May 3, 2018, 9:05 [IST]
Other articles published on May 3, 2018
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X