ലണ്ടന്‍: ഇംഗ്ലണ്ടിലെ ഗ്ലാമര്‍ ക്ലബ്ബായ ലിവര്‍പൂള്‍ സ്വന്തം തട്ടകമായ അന്‍ഫീല്‍ഡില്‍ ആനന്ദനൃത്തമാടിയപ്പോള്‍ ഗാലറിയിലെ ചുവപ്പന്‍ ജനസാഗരം ആഹ്ലാദത്താല്‍ പൊട്ടിത്തെറിച്ചു. അതില്‍ മുഹമ്മദ് സലായെന്ന അവരുടെ രാജകുമാരന്‍ തന്നെയായിരുന്നു നായകന്‍. പക്ഷേ, അവസാന 10 മിനിറ്റുകള്‍ ആശങ്കയ്ക്ക് കൂടി വകനല്‍കിയാണ് അന്‍ഫീല്‍ഡില്‍ ആവേശ കാല്‍പന്തിന് റഫറി ഫൈനല്‍ വിസില്‍ വിളിച്ചത്.
യുവേഫ ചാംപ്യന്‍സ് ലീഗ് ഫുട്‌ബോളിലെ ആദ്യ സെമി ഫൈനലില്‍ ഗ്ലാമര്‍ ടീമുകളായ ലിവര്‍പൂളും റോമയും ഏറ്റുമുട്ടിയപ്പോള്‍ അന്‍ഫീല്‍ഡിലെ കാഴ്ചകളില്‍പെട്ടതായിരുന്നു ഇവയൊക്കെ. ആരാധകര്‍ക്കു മുന്നില്‍ മനോഹരമായ ഫുട്‌ബോള്‍ കാഴ്ചവച്ച ലിവര്‍പൂള്‍ രണ്ടിനെതിരേ അഞ്ചു ഗോളുകള്‍ക്ക് ഇറ്റാലിയന്‍ വമ്പന്‍മാരായ റോമയ്‌ക്കെതിരേ വിജയം ആഘോഷിക്കുകയായിരുന്നു. ഇരട്ട ഗോള്‍ വീതം നേടിയ മുഹമ്മദ് സലായും റോബര്‍ട്ടോ ഫിര്‍മിനോയുമാണ് സ്വന്തം കാണികള്‍ക്കു മുന്നില്‍ ലിവര്‍പൂളിന് തകര്‍പ്പന്‍ ജയം സമ്മാനിച്ചത്. സാദിയോ മാനെയാണ് ലിവര്‍പൂളിന്റെ മറ്റൊരു സ്‌കോറര്‍.
എഡിന്‍ സെക്കോ, ഡീഗോ പെറോറ്റി എന്നിവരാണ് രണ്ടാംപാദ സെമിഫൈനലിലേക്ക് മുതല്‍ കൂട്ടാക്കി റോമയുടെ ഗോളുകള്‍ തിരിച്ചടിച്ചത്. അടുത്ത മാസം രണ്ടിന് റോമയുടെ തട്ടകത്തിലാണ് രണ്ടാംപാദ സെമി ഫൈനല്‍ പോരാട്ടം അരങ്ങേറുന്നത്. മല്‍സരത്തില്‍ മൂന്ന് ഗോള്‍ മാര്‍ജിനില്‍ തോല്‍ക്കാതിരുന്നാല്‍ തന്നെ 11 വര്‍ഷങ്ങള്‍ക്കു ശേഷം ലിവര്‍പൂളിന് ചാംപ്യന്‍സ് ലീഗ് കലാശപ്പോരാട്ടത്തിലേക്ക് ടിക്കറ്റെടുക്കാനാവും. എന്നാല്‍, സ്പാനിഷ് അതികായന്‍മാരായ ബാഴ്‌സലോണയ്‌ക്കെതിരേ ക്വാര്‍ട്ടറില്‍ പുറത്തെടുത്ത തിരിച്ചുവരവ് റോമ ആവര്‍ത്തിച്ചാല്‍ രണ്ടാംപാദ സെമി ഫൈനല്‍ പോരാട്ടം കൂടുതല്‍ ആവേശകരമാവുമെന്നുറപ്പ്. മല്‍സരത്തില്‍ പന്തടകത്തില്‍ ഇരു ടീമും ഒപ്പത്തിനൊപ്പമായിരുന്നെങ്കിലും ആക്രമിച്ചു കളിക്കുന്നതില്‍ ലിവര്‍പൂളായിരുന്നു മുന്നില്‍.

ഗോളടിച്ചും ഗോളടിപ്പിച്ചും സലാ
പ്രീമിയര്‍ ലീഗ് സീസണിലെ മികച്ച താരത്തിനുള്ള പുരസ്‌കാരം സ്വന്തമാക്കിയതിനു പിന്നാലെ കളത്തിലിറങ്ങിയ സലാ അവിസ്മരണീയ ഫോം റോമയ്‌ക്കെതിരേയും തുടരുകയായിരുന്നു. മല്‍സരത്തില്‍ രണ്ട് ഗോള്‍ നേടുന്നതിനൊപ്പം രണ്ട് ഗോളുകള്‍ക്ക് വഴിയൊരുക്കുകയും ചെയ്താണ് ഈജിപ്ഷ്യന്‍ സ്‌ട്രൈക്കര്‍ അന്‍ഫീല്‍ഡില്‍ ലിവര്‍പൂളിന്റെ ഹീറോയായത്.
കളിയുടെ 36ാം മിനിറ്റിലാണ് സലാ റെഡ്‌സിനെ ആദ്യം മുന്നിലെത്തിച്ചത്. 36ാം മിനിറ്റില്‍ ഫിര്‍മിനോയുടെ പാസില്‍ മുന്നേറിയ സലാ റോമന്‍ ഗോളിയെ കാഴ്ചക്കാരനാക്കി ഇടതുകാലിലൂടെ മനോഹരമായ ഷോട്ടിലൂടെ പന്ത് വലയ്ക്കുള്ളിലാക്കുകയായിരുന്നു. ആദ്യപകുതിയിലെ എക്‌സ്ട്രാ ടൈമില്‍ സലാ ലിവര്‍പൂളിന്റെ രണ്ടാം ഗോളും നിറയൊഴിച്ചു. ഫിര്‍മിനോ മുന്നിലേക്ക് നല്‍കിയ ത്രൂപാസ് സ്വീകരിച്ച് കുതിച്ച സലാ റോമന്‍ പ്രതിരോധനിരയെയും ഗോളിയെയും കബളിപ്പിച്ച് അനായാസം പന്ത് ലക്ഷ്യത്തിലെത്തിക്കുയായിരുന്നു.
രണ്ടാംപകുതിയിലെ 56ാം മിനിറ്റില്‍ മാനെയിലൂടെ ലിവര്‍പൂള്‍ മല്‍സരത്തിലെ മൂന്നാം ഗോളും നേടി. സലാ നല്‍കിയ മികച്ചൊരു പാസ് മാനെയ്ക്ക് വലയിലേക്ക് തിരിച്ചുവിടാന്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. 61ാം മിനിറ്റില്‍ ഫിര്‍മിനോയുടെ ഊഴമായിരുന്നു. സലാ തന്നെയായിരുന്നു ലിവര്‍പൂളിന്റെ നാലാം ഗോളിനും വഴിയൊരുക്കിയത്. റോമന്‍ പ്രതിരോധനിരയെ കബളിപ്പിച്ച് സലാ നല്‍കിയ മനോഹരമായ പാസ് ഫിര്‍മിനോ അനായാസം പന്ത് വലയ്ക്കുള്ളിലാക്കുകയായിരുന്നു. 68ാം മിനിറ്റില്‍ ഫിര്‍മിനോ മല്‍സരത്തിലെ രണ്ടാം ഗോളും നേടി. ജെയിംസ് മില്‍നറെടുത്ത കോര്‍ണര്‍ കിക്ക് ഹെഡ്ഡറിലൂടെ ഫിര്‍മിനോ പന്ത് റോമന്‍ വലയ്ക്കുള്ളിലാക്കുകയായിരുന്നു. അഞ്ച് ഗോളിന്റെ അനായാസ ജയത്തോടെ ലിവര്‍പൂള്‍ വ്യക്തമായ മുന്‍തൂക്കം നേടുമെന്ന അവസ്ഥയില്‍ നിന്നാണ് റോമയ്ക്ക് പ്രതീക്ഷ നല്‍കിയ രണ്ട് ഗോളുകള്‍ പിറന്നത്. 81ാം മിനിറ്റില്‍ റാഡ്ജ നൈന്‍ഗോളന്‍ നല്‍കിയ ലോങ് ത്രൂപാസ് സ്വീകരിച്ച സെക്കോ ലിവര്‍പൂള്‍ ഗോളിക്ക് ഒരുപഴുതും നല്‍കാതെ പന്ത് വലയ്ക്കുള്ളിലേക്ക് അടിച്ചുകയറ്റുകയായിരുന്നു. 85ാം മിനിറ്റില്‍ പെനാല്‍റ്റി കിക്കിലൂടെയായിരുന്നു റോമയുടെ രണ്ടാം ഗോള്‍. ബോക്‌സില്‍വച്ച് ലിവര്‍പൂള്‍ താരം ജോര്‍ദന്‍ ഹെന്‍ഡേഴ്‌സന്റെ കൈയില്‍ പന്ത് തട്ടിയതിനെ തുടര്‍ന്നാണ് റോമയ്ക്ക് അനുകൂലമായി റഫറി പെനാല്‍റ്റി വിധിച്ചത്. പകരക്കാരന്റെ റോളിലെത്തിയ പെറോറ്റി പെനാല്‍റ്റി കിക്ക് അനായാസം പന്ത് ലിവര്‍പൂള്‍ വലയ്ക്കുള്ളിലാക്കി.
മല്‍സരത്തിലെ 18ാം മിനിറ്റില്‍ ലിവര്‍പൂള്‍ താരം ഒക്‌സലഡ് ചാംബര്‍ലെയ്ന്‍ പരിക്കുമൂലം കളംവിട്ടിരുന്നു. മല്‍സരത്തിലെ ഇരട്ട ഗോളോടെ സീസണിലെ ചാംപ്യന്‍സ് ലീഗില്‍ സലായുടെയും ഫിര്‍മിനോയുടെയും ഗോള്‍ നേട്ടം 10 ആയി. 15 ഗോളുമായി റയല്‍ മാഡ്രിഡ് സൂപ്പര്‍താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോയാണ് പട്ടികയില്‍ മുന്നില്‍. എന്നാല്‍, ഈ സീസണില്‍ എല്ലാ ടൂര്‍ണമെന്റുകളില്‍ നിന്നായി കൂടുതല്‍ ഗോള്‍ നേടുന്ന താരമായി സലാ മാറി. ക്രിസ്റ്റിയാനോയെ മറികടന്ന സലായുടെ സീസണിലെ ഇതുവരെയുള്ള ഗോള്‍ നേട്ടം 43 ആണ്. ക്രിസറ്റിയാനോ 42 ഗോളുമായി തൊട്ടുപിന്നിലുണ്ട്. ബാഴ്‌സലോണ സൂപ്പര്‍താരം ലയണല്‍ മെസ്സി 40 ഗോളുമായി നാലാം സ്ഥാനത്താണ്. സീസണില്‍ ഇനിയും മല്‍സരങ്ങള്‍ ശേഷിക്കെ സലാ മറ്റൊരു ചരിത്ര നേട്ടത്തിനരികിലാണ്. ഒരു സീസണില്‍ ലിവര്‍പൂളിനു വേണ്ടി കൂടുതല്‍ ഗോള്‍ നേടിയ താരമാവാന്‍ സലായ്ക്ക് ഇനി അഞ്ച് ഗോളുകള്‍ മതി. 47 മല്‍സരങ്ങളില്‍ നിന്നാണ് 43 ഗോളുകള്‍ സലാ ഇതുവരെ ഈ സീസണില്‍ നിന്ന് നേടിയത്. 1983-84 സീസണില്‍ 65 മല്‍സരങ്ങളില്‍ നിന്ന് 47 ഗോള്‍ നേടിയ ഇയാന്‍ റഷാണ് നിലവില്‍ ഒരു സീസണില്‍ ലിവര്‍പൂളിനു വേണ്ടി കൂടുതല്‍ ഗോള്‍ നേടിയ താരം.