ഒന്നിനും ആശ്വാസം നല്‍കാനാവില്ലെന്ന് മെസ്സി
ബ്യൂണസ് ഐറിസ്: ലോകകപ്പ് ഫുട്‌ബോള്‍ കിരീടം കയ്യില്‍ നിന്നും വഴുതിപ്പോയതിന്റെ ദു:ഖത്തില്‍ നിന്നും മെസ്സി ഇനിയും മോചിതനായിട്ടില്ല. അത്രമേല്‍ മെസ്സി ലോകകപ്പ് ആഗ്രഹിച്ചിരുന്നു. ഫൈനലില്‍ ജയമുറപ്പിക്കാവുന്ന മൂന്നു ഷോട്ടുകള്‍ നഷ്ടപ്പെടുത്തിയത് ഏതുറക്കത്തിലും വന്ന് മെസ്സിയെ വേദനിപ്പിക്കും. കപ്പിനും ചുണ്ടിനുമിടയില്‍ തകര്‍ന്നുപോയൊരു സ്വപ്‌നത്തെക്കുറിച്ചാണ് ഇപ്പോഴും മെസ്സി ചിന്തിക്കുന്നതും വേദനിക്കുന്നതും.
ലോകകപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ മികച്ച കളിക്കാരനുള്ള ഗോള്‍ഡന്‍ ബോള്‍ കയ്യിലേന്തി നില്‍ക്കുന്ന മെസ്സിയുടെ മുഖത്ത് എല്ലാമുണ്ടായിരുന്നു. ഉള്ളില്‍പ്പൊട്ടിക്കരയുന്ന മെസ്സിയുടെ മുഖം ആരാധകര്‍ക്കും അത്ര എളുപ്പത്തില്‍ മറക്കാന്‍ കഴിയില്ല. ഫൈനലില്‍ ജര്‍മനിയോട് തോറ്റെങ്കിലും അര്‍ജന്റീനന്‍ തലസ്ഥാനമായ ബ്യൂണസ് ഐറിസില്‍ എത്തിയ ടീമിന് ആരാധകര്‍ വമ്പിച്ച സ്വീകരണമാണ് നല്‍കിയത്.

ലോകകപ്പ് നഷ്ടത്തില്‍ ലോകത്തെ ഒന്നിനും തന്നെ ആശ്വസിപ്പിക്കാന്‍ കഴിയില്ലെന്ന് മെസ്സി പറഞ്ഞു. താനടക്കം മൂന്ന് അവസരങ്ങള്‍ പാഴാക്കിയതില്‍ മെസ്സി ക്ഷമ ചോദിച്ചു. വിജയം അര്‍ഹിച്ചിരുന്നു. ഗോളവസരമുണ്ടായിട്ടും പാഴാക്കി കളഞ്ഞതിലാണ് മെസ്സിക്ക് ഏറെ സങ്കടം. വര്‍ഷങ്ങളെത്ര കഴിഞ്ഞാലും വ്യക്തിപരമായി എത്ര കിരീടം നേടിയാലും ലോകകപ്പ് പോലൊരു വിജയം കൈവിട്ടു കളഞ്ഞതിലെ ദു:ഖം മെസ്സിയില്‍ നിന്നും വിട്ടുമാറില്ലെന്ന് ഉറപ്പാണ്.
ഫൈനലിലെ തോല്‍വിയില്‍ ആരാധകര്‍ ടീമിനെ കൈവിട്ടില്ലെന്ന് ബ്യൂണസ് ഐറിസിലെ സ്വീകരണം തെളിയിക്കുന്നു. ശരാശരിക്കാരായ ടീമിനെ ഫൈനല്‍വരെ എത്തിച്ച മെസ്സിയെ അവര്‍ കുറ്റപ്പെടുത്തുന്നില്ല. അവസരങ്ങള്‍ ഇനിയുമുണ്ടാകുമെന്നും സ്വപ്‌നങ്ങള്‍ അവസാനിച്ചിട്ടില്ലെന്നുമാണ് ഒരു ആരാധകന്‍ ടീമിന്റെ തോല്‍വിയില്‍ പ്രതികരിച്ചത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications