അവസാന നിമിഷവും ആരാധകര്‍ ആഗ്രഹിച്ചു. കേട്ട വാര്‍ത്ത ശരിയാകരുതേയെന്ന്. ആ ആഗ്രഹങ്ങളെല്ലാം അവസാനിച്ചിരിക്കുകയാണ്. അനിവാര്യമായ വിട വാങ്ങലിന്റെ സമയമാണിത്. ലയണല്‍ മെസിയെന്ന ഫുട്‌ബോളിന്റെ മിശിഹ ബാഴ്‌സലോണയുടെ നെറുകയില്‍ വച്ച കരങ്ങള്‍ എടുത്തിരിക്കുകയാണ്. ഇനി കാല്‍പ്പന്തുകൊണ്ട് ജാലവിദ്യ കാണിക്കുന്ന ആ മാന്ത്രികന്‍ ബാഴ്‌സയുടെ ജഴ്‌സിയിലില്ല.
മെസി ഇനി എങ്ങോട്ട് എന്ന് ചോദ്യങ്ങളാണ് എങ്ങും. പലരും പറയുന്ന പേര് പിഎസ്ജിയുടേതാണ്. അടുത്ത ചുവടുവെപ്പിനെക്കറിച്ചുള്ള ചര്‍ച്ചകള്‍ പുരോഗമിക്കവെ ലോകമെമ്പാടുമുള്ള ഫുട്‌ബോള്‍ ആരാധകരുടെ മനസിലേക്ക് സങ്കടത്തതിന്റെ തിരമാലകള്‍ പാസ് ചെയ്തു വിട്ടിരിക്കുകയാണ് മെസി. ക്ലബ്ബില്‍ നിന്നും യാത്രയാകുന്നതിന് മുമ്പ് നടത്തിയ വിടവാങ്ങള്‍ പ്രസംഗത്തിലൂടെ. വികാരഭരിതമായിരുന്നു മെസിയുടെ വിടവാങ്ങല്‍ പ്രസംഗം.

''ഈ ദിവസങ്ങളിലത്രയും എന്താണ് പറയേണ്ടത് എന്നതിനെക്കുറിച്ച് ചിന്തിക്കുകയായിരുന്നു ഞാന്‍. സത്യം പറഞ്ഞാല്‍ എനിക്കൊന്നും ചിന്തിച്ചെടുക്കാന്‍ സാധിച്ചില്ല''. സംസാരിക്കാനായി മൈക്കിനരികിലേക്ക് നടന്നു വരുമ്പോള്‍ തന്നെ മെസിയുടെ കണ്ണുകള്‍ നിറഞ്ഞിരുന്നു. എഴുന്നേറ്റ് നിന്ന് കൈയ്യടിച്ചാണ് സദസ് മെസിയെ സ്വീകരിച്ചത്. അവര്‍ക്ക് മുമ്പില്‍ വിതുമ്പിക്കരഞ്ഞു കൊണ്ട് മെസി തന്റെ പ്രസംഗം തുടര്‍ന്നു.
''ഇത് ഏറെ പ്രയാസം നിറഞ്ഞതാണ്. ഇത്രയും വര്‍ഷങ്ങള്‍ക്ക് ശേഷം, എന്റെ ജീവിതം മുഴുവന്‍ ഇവിടെയായിരുന്നു. ഞാന്‍ ഇതിന് തയ്യാറല്ല. കഴിഞ്ഞ വര്‍ഷം എന്താണ് പറയേണ്ടത് എന്നെനിക്ക് അറിയാമായിരുന്നു. പക്ഷെ ഈ വര്‍ഷം അതങ്ങനെയല്ല. ഇവിടെ തുടരണമെന്ന് ഞാനും എന്റെ കുടുംബവും തീരുമാനിച്ചിരുന്നു. മറ്റെന്തേതിനേക്കാളും ഞങ്ങള്‍ക്ക് അതായിരുന്നു വേണ്ടിയിരുന്നത്. ഞങ്ങള്‍ ബാഴ്‌സലോണയില് തന്നെ തുടരുമെന്ന് കരുതി. പക്ഷെ ഇന്ന് ഇതിനോടെല്ലാം എനിക്ക് ഗുഡ് ബൈ പറയേണ്ടി വന്നിരിക്കുന്നു''.
''എന്നും ഞങ്ങളുടെ വീടായിരുന്നു ഇവിടം. ബാഴ്‌സലോണയില്‍ തന്നെ തുടരുമെന്നാണ് കരുതിയത്. ഈ നഗരത്തില്‍ ചെലവിട്ട സമയവും മനോഹരമായിരുന്നു. പക്ഷെ ഇന്ന് എല്ലാത്തിനോടും എനിക്ക് വിട പറയേണ്ടി വന്നിരിക്കുകയാണ്. എന്റെ 13-ാമത്തെ വയസ് മുതല്‍ ഞാന്‍ ഇവിടെയുണ്ട്. 21 വര്‍ഷങ്ങള്‍ക്ക് ശേഷം ഞാന്‍ മടങ്ങുന്നത് എന്റെ ഭാര്യയ്ക്കും മൂന്ന് കറ്റാലന്‍-അര്‍ജന്റീന്‍ കുട്ടികള്‍ക്കുമൊപ്പമാണ്. തിരികെ വരില്ലെന്ന് പറയാനാകില്ല. കാരണം ഇതെന്റെ വീടാണ്. എന്റെ മക്കള്‍ക്ക് ഞാനത് വാക്കു കൊടുത്തതാണ്''.
''ഞാനെന്നും ക്ലബ്ബിനോടും എന്റെ സഹതാരങ്ങളോടും എനിക്കൊപ്പം നിന്ന എല്ലാവരോടും കടപ്പെട്ടിരിക്കുന്നു. ചിലരെ കുറച്ച് തവണ മാത്രമേ കണ്ടിരുന്നുള്ളുവെങ്കില്‍ പോലും. ഇവിടെ കൂടിയിരിക്കുന്ന എല്ലാവരോടുമായി പറയുകയാണ്, ഒരുപാട് അനുഭവങ്ങളിലൂടെ ജീവിക്കാന്‍ എനിക്ക് പകര്‍ന്ന് സ്‌നേഹത്തിനും, എന്നെ വളരാന്‍ സഹായിച്ചതിനും, മെച്ചപ്പെട്ടാന്‍ സഹായിച്ചതിനും ഇന്നത്തെ ഞാന്‍ ആകാന്‍ കൂടെ നിന്നതിനും നന്ദി''.
''ഈ ക്ലബിന് വേണ്ടി എല്ലാം ഞാന്‍ നല്‍കി. ജനങ്ങള്‍ എനിക്ക് തന്ന സ്‌നേഹത്തിനും കരുതലിനും നന്ദി. ഒരിക്കലും വിട പറയുന്നതിനെക്കുറിച്ച് ഞാന്‍ ചിന്തിച്ചിരുന്നില്ല. അതേക്കുറിച്ച് ചിന്തിച്ചിട്ടേയില്ലായിരുന്നു. ഇങ്ങനെയാകുമെന്നും കരുതിയിരുന്നില്ല. പിച്ചില്‍ ആളുകളുടെ നടുവിലാകുമെന്നായിരുന്നു കരുതിയിരുന്നത്. ഒന്നര വര്‍ഷം ആരാധകരെ കാണാതെയാണ് ഞാന്‍ ക്ലബിനോട് വിട പറയുന്നത്. ചിന്തിക്കാന്‍ കഴിഞ്ഞിരുന്നുവെങ്കില്‍, നിറഞ്ഞ ക്യാമ്പ് നൗവില്‍ വച്ച് എല്ലാവരോടും ഗുഡ് ബൈ പറയുന്നതിനെക്കുറിച്ചായിരിക്കും ചിന്തിച്ചിട്ടുണ്ടാവുക''.എന്നും മെസി കൂട്ടിച്ചേർത്തു.
അതേസമയം ഇനിയെങ്ങോട്ട് എന്ന ചോദ്യങ്ങള്‍ക്കുള്ള ഉത്തരത്തിലേക്ക് ഒരു സൂചനയും മെസി നല്‍കുന്നുണ്ട്. പിഎസ്ജിയാണോ അടുത്ത ക്ലബ് എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് അതൊരു സാധ്യതയാണെന്നായിരുന്നു മെസിയുടെ മറുപടി. ഒന്നും തീരുമാനിച്ചിട്ടില്ലെന്നാണ് താരം പറയുന്നത്. പിഎസ്ജി കരാറിലെത്തിയതായി റിപ്പോർട്ടുകളുണ്ട്. ഔദ്യോഗിക പ്രസ്താവനയ്ക്കായി ആരാധകരും കാത്തിരിക്കുകയാണ്.