റയല്‍ മാഡ്രിഡ് വിട്ട ജെയിംസ് റോഡ്രിഗസ് എവര്‍ട്ടനില്‍, കരാര്‍ രണ്ട് വര്‍ഷത്തേക്ക്
മാഡ്രിഡ്: കൊളംബിയന്‍ അറ്റാക്കിങ് മിഡ്ഫീല്‍ഡര്‍ ജെയിംസ് റോഡ്രിഗസ് റയല്‍ മാഡ്രിഡ് വിട്ട് എവര്‍ട്ടനില്‍. പ്രീമിയര്‍ ലീഗ് ക്ലബ്ബുമായി രണ്ട് വര്‍ഷത്തെ കരാറിലാണ് 29കാരനായ താരം ഒപ്പുവെച്ചത്. 20 മില്യണ്‍ യൂറോയ്ക്കാണ് കരാര്‍. ഈ സീസണില്‍ റയലുമായുള്ള കാലാവധി അവസാനിക്കുന്നതിനാല്‍ത്തന്നെ റോഡ്രിഗസിനെ ഒഴിവാക്കാന്‍ റയല്‍ തീരുമാനിക്കുകയായിരുന്നു. റയലിനൊപ്പം കളിച്ചതിലും കൂടുതല്‍ വായ്പയില്‍ മറ്റ് ക്ലബ്ബുകള്‍ക്കൊപ്പമാണ് റോഡ്രിഗസ് പന്ത് തട്ടിയത്. റയല്‍ മാഡ്രിഡ് പരിശീലകന്‍ സിനദിന്‍ സിദാന്റെ തന്ത്രങ്ങള്‍ക്കൊപ്പം അദ്ദേഹം റോഡ്രിഗസിനെ പരിഗണിച്ചിരുന്നില്ല. 2014ലെ ബ്രസീല്‍ ലോകകപ്പിലെ ടോപ് സ്‌കോററായതിന് പിന്നാലെ റോഡ്രിഗസിനെ റയല്‍ റാഞ്ചുകയായിരുന്നു.
'എവര്‍ട്ടനില്‍ എത്തിയതില്‍ സന്തോഷമുണ്ട്. മികച്ചത് ലഭിക്കാന്‍ പരിശ്രമിക്കും. മികച്ചതും ആസ്വാദ്യകരവുമായ ഫുട്‌ബോളിലൂടെ ടീമിനെ വിജയത്തിലെത്തിക്കാന്‍ ശ്രമിക്കും. കാര്‍ലോയുടെയും സഹ പരിശീലകരുടെയും സഹായത്താല്‍ വലിയ നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ സാധിക്കും. നേരത്തെ രണ്ട് തവണ കാര്‍ലോയോടൊപ്പം ചില മികച്ച സമയങ്ങള്‍ പങ്കിട്ടുണ്ട്. അതാണ് ഇവിടേക്ക് എത്താന്‍ കാരണമായത്'-ജെയിംസ് റോഡിഗ്രിസ് പറഞ്ഞു. എവര്‍ട്ടന്‍ പരിശീലകന്‍ കാര്‍ലോ ആന്‍സലോട്ടിയുമായി മികച്ച ബന്ധമാണ് റോഡ്രിഗസിനുള്ളത്. നേരത്തെ ബയേണ്‍ മ്യൂണിക്കിലും റയല്‍ മാഡ്രിഡിലും അദ്ദേഹത്തോടൊപ്പം റോഡ്രിഗസ് പ്രവര്‍ത്തിച്ചിരുന്നു. ഈ അടുപ്പമാണ് താരത്തെ എവര്‍ട്ടനിലേക്കുമെത്തിച്ചതെന്ന് അദ്ദേഹം തന്നെ പറഞ്ഞു.

2014 മുതല്‍ മൂന്ന് വര്‍ഷം റോഡ്രിഗസ് റയല്‍ മാഡ്രിഡില്‍ കളിച്ചു. ക്ലബ്ബിനുവേണ്ടി 85 മത്സരങ്ങളില്‍ നിന്ന് 29 ഗോളും നേടി. 2017ല്‍ വായ്പയില്‍ ബയേണിലെത്തിയ താരം രണ്ട് വര്‍ഷം ജര്‍മന്‍ ക്ലബ്ബിനുവേണ്ടി കളിച്ചു. 43 മത്സരത്തില്‍ നിന്ന് 14 ഗോളാണ് താരം നേടിയത്. റയല്‍ മാഡ്രിഡില്‍ അവസരം കുറഞ്ഞതോടെയാണ് റോഡ്രിഗസ് ക്ലബ്ബ് വിടാന്‍ തീരുമാനിച്ചത്. റയലിനൊപ്പം രണ്ട് ലാലിഗയും രണ്ട് ചാമ്പ്യന്‍സ് ലീഗും സൂപ്പര്‍ കപ്പും ഫിഫ ക്ലബ്ബ് ലോകകപ്പും ഒരു സൂപ്പര്‍ കോപ്പയും റോഡ്രിഗസ് സ്വന്തമാക്കി. ബയേണിനൊപ്പം രണ്ട് ബുണ്ടസ്ലീഗ കിരീടവും ചൂടി. 2011 മുതല്‍ കൊളംബിയക്കുവേണ്ടി കളിക്കുന്ന റോഡ്രിഗസ് 76 മത്സരത്തില്‍ നിന്ന് 22 ഗോളും നേടിയിട്ടുണ്ട്.
അവസാന സീസണില്‍ 12ാം സ്ഥാനത്തായിരുന്നു എവര്‍ട്ടന്‍. 38 മത്സരത്തില്‍ നിന്ന് 13 ജയവും 10 സമനിലയും 15 തോല്‍വിയുമാണ് എവര്‍ട്ടന്റെ അവസാന സീസണിലെ സമ്പാദ്യം. ഇത്തവണ മികച്ച താരങ്ങളുമായി കരുത്തറിയിക്കാനുള്ള ശ്രമത്തിലാണ് എവര്‍ട്ടന്‍.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications