മാഡ്രിഡ്: ലാലിഗയില്‍ വിജയക്കുതിപ്പ് തുടര്‍ന്ന് അത്ലറ്റികോ മാഡ്രിഡ്. വലന്‍സിയയെ 3-1നാണ് അത്ലറ്റികോ മാഡ്രിഡ് തോല്‍പ്പിച്ചത്. 4-4-2 ഫോര്‍മേഷനെ 3-1-4-2 ഫോര്‍മേഷനിലാണ് അത്ലറ്റികോ മാഡ്രിഡ് നേരിട്ടത്. 11ാം മിനുട്ടില്‍ യുറോസ് റാസിക്കിന്റെ ഗോളിലൂടെ വലന്‍സിയ ആദ്യം വലകുലുക്കിയെങ്കിലും 23ാം മിനുട്ടില്‍ ജോ ഫെലിക്സിന്റെ ഗോളില്‍ അത്ലറ്റികോ മാഡ്രിഡ് സമനില പിടിച്ചു. 54ാം മിനുട്ടില്‍ ലൂയിസ് സുവാരസ് അത്ലറ്റികോയെ മുന്നിലെത്തിച്ചപ്പോള്‍ 72ാം മിനുട്ടില്‍ ഏഞ്ചല്‍ കോറിയയാണ് അത്ലറ്റികോ മാഡ്രിഡിന്റെ സ്കോര്‍ബോര്‍ഡ് പൂര്‍ത്തിയാക്കിയത്.
51 ശതമാനം പന്തടക്കത്തില്‍ മുന്നിട്ട് നിന്നത് വലന്സിയയാണെങ്കിലും എട്ടിനെതിരേ 14 ഗോള്‍ശ്രമവുമായി ആക്രമണത്തില്‍ അത്ലറ്റികോ മാഡ്രിഡ് മുന്നിട്ട് നിന്നു. 18 മത്സരത്തില്‍ നിന്ന് 47 പോയിന്റുമായി അത്ലറ്റികോ മാഡ്രിഡ് തലപ്പത്ത് തുടരുകയാണ്. 19 മത്സരത്തില്‍ നിന്ന് 40 പോയിന്റുള്ള റയല്‍ മാഡ്രിഡ് രണ്ടാം സ്ഥാനത്താണ്.
മറ്റൊരു മത്സരത്തില്‍ ബാഴ്സലോണ എതിരില്ലാത്ത രണ്ട് ഗോളിന് എല്ച്ചിയെ തോല്‍പ്പിച്ചു. സന്ദര്‍ശകരായെത്തിയാണ് ബാഴ്സലോണയുടെ ജയം. 39ാം മിനുട്ടില്‍ ഫ്രങ്കി ഡീ ജോങ് ബാഴ്സയെ മുന്നിലെത്തിച്ചപ്പോള്‍ 89ാം മിനുട്ടില്‍ റിക്കാര്‍ഡ് പ്യൂഗ് രണ്ടാം ഗോളും നേടി. പന്തടക്കത്തിലും ഗോള്‍ശ്രമത്തിലും മുന്നിട്ട് നില്ക്കാന് ബാഴ്സയ്ക്കായി. 37 പോയിന്റുള്ള ബാഴ്സലോണ നിലവില്‍ മൂന്നാം സ്ഥാനത്താണ്. ഒരു പോയിന്റ് വ്യത്യാസത്തില്‍ സെവിയ്യ നാലാം സ്ഥാനത്തുമുണ്ട്.
ബുണ്ടസ്ലീഗയില് ബയേണ്‍ മ്യൂണിക്ക് വിജയക്കുതിപ്പ് തുടരുകയാണ്. ഷാല്‍ക്കയെ എതിരില്ലാത്ത നാല് ഗോളിനാണ് ബയേണ്‍ തോല്‍പ്പിച്ചത്. 33ാം മിനുട്ടില്‍ തോമസ് മുള്ളര്‍ ബയേണിന്റെ സ്കോര്‍ബോര്‍ഡ് തുറന്നു. 54ാം മിനുട്ടില്‍ ലെവന്‍ഡോസ്കി രണ്ടാം ഗോള്‍ നേടിയപ്പോള്‍ 88ാം മിനുട്ടില്‍ തോമസ് മുള്ളര്‍ വീണ്ടും ബയേണിനായി ലക്ഷ്യംകണ്ടു. 90ാം മിനുട്ടില്‍ ഡേവിഡ് അലാബയാണ് ബയേണിന്റെ ഗോള്‍പട്ടിക പൂര്‍ത്തിയാക്കിയത്. 18 മത്സരത്തില്‍ നിന്ന് 42 പോയിന്റുള്ള ബയേണ്‍ മ്യൂണിക്ക് തലപ്പത്ത് തുടരുകയാണ്. രണ്ടാം സ്ഥാനത്തുള്ള ലെയ്പ്സിഗിന് 35 പോയിന്റാണുള്ളത്.
സീരി എയില്‍ ബൊളോഗനയെ എതിരില്ലാത്ത രണ്ട് ഗോളിന് യുവന്റസും തോല്‍പ്പിച്ചു. 15ാം മിനുട്ടില്‍ ആര്‍തുറും 71ാം മിനുട്ടില്‍ വെസ്റ്റന്‍ മെക്കിനിയുമാണ് യുവന്റസിനായി ഗോള്‍ നേടിയത്. 36 പോയിന്റുള്ള യുവന്റസ് നാലാം സ്ഥാനത്താണ്. 43 പോയിന്റുള്ള എസി മിലാനാണ് തലപ്പത്ത്.