കൊച്ചി: കേരളാ ബ്ലാസ്റ്റേഴ്സ് താരങ്ങളായ പ്രശാന്ത് കെ, ലോകെൻ മിറ്റോയ് തുടങ്ങിയവർക്ക് വിദഗ്ധ പരിശീലനം നൽകാൻ ഫിൻലഡിലെ മുൻനിര ക്ലബായ ' സിയനാ ജുവാൻ ജാൽക്കാ പല്ലൊകൊറോ' (എസ്ജെകെ ) യിലേക്കു അയച്ചു. ജൂലൈ 1 വരെ മികച്ച കോച്ചുകളുടെ കീഴിൽ ഇവർ പരിശീലനം നേടും. നാലാം സീസണിലേക്ക് ടീമിനെ ഒരുക്കുന്നതിന്റെ ഭാഗമായാണ് നടപടി.
20 കാരനായ പ്രശാന്ത് ബ്ലാസ്റ്റേഴ്സിന്റെ വേഗം കൂടിയ വിംഗ് കളിക്കാരനാണ്. ഏതു പൊസിഷനിലും കളിക്കാനുള്ള കഴിവും മാനേജ്മെന്റ് വിലയിരുത്തുന്നു. അണ്ടർ - 19 ദേശീയ ടീമിലേക്കും നേരത്തെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. മണിപ്പൂർ സ്വദേശിയായ ലോകെൻ ബ്ലാസ്റ്റേഴ്സിന് വേണ്ടി ബൂട്ടണിഞ്ഞത് കഴിഞ്ഞ സീസണിലാണ്. 21 കാരനായ ലോകെൻ, റോയൽ വാഹിങ്ദോ ക്ലബിലാണ് കളിച്ചു തുടങ്ങിയത്.
ഫിൻലൻഡ് ടോപ് ഡിവിഷൻ ലീഗിലെ ഇപ്പോഴത്തെ റണ്ണർ അപ്പ് ടീമാണ് എസ്. ജെ. കെ. 2016 ൽ ലീഗ് ചാമ്പ്യൻമാരായിരുന്നു. കഴിഞ്ഞ മൂന്ന് വർഷമായി യുയോഫാ യൂറോപ്പ് ലീഗിലും കളിക്കുന്നുണ്ട്.എസ്. ജെ. കെ. യുമായുള്ളതുപോലെയുള്ള ബന്ധം മറ്റു പല ക്ലബുകളുമായി ബ്ലാസ്റ്റേഴ്സിനുണ്ടെന്നും കളിക്കാർക്ക് കൂടുതൽ ലോക നിലവാരത്തിലുള്ള പരിശീലനവും, മികച്ച കളിക്കാരുമൊത്തുള്ള പരിശീലനവുമാണ് ലക്ഷ്യമിടുന്നതെന്നും കേരളം ബ്ലാസ്റ്റേഴ്സ് കോച്ച് ഡേവിഡ് ജെയിംസ് പറഞ്ഞു.