ISL: കേരള ബ്ലാസ്റ്റേഴ്‌സിന് പിഴച്ചത് എവിടെ? അറിയണം നാലു പോരായ്മകള്‍

ഈ വര്‍ഷവും കഥ ഒന്നുതന്നെ. 'കപ്പടിക്കണം, കലിപ്പടക്കണം' എന്ന വീരവാദങ്ങളുമായിട്ടാണ് കേരള ബ്ലാസ്റ്റേഴ്‌സ് ഐഎസ്എല്‍ ആറാം സീസണില്‍ ഇറങ്ങിയത്. പുതിയ പരിശീലകന്‍. പുതിയ നായകന്‍. ഇത്തവണ ബ്ലാസ്റ്റേഴ്‌സ് സെമി കാണുമെന്ന് ആരാധകര്‍ മനസിലുറപ്പിച്ചു. എന്നാല്‍ സംഭവിച്ചതോ, ലീഗില്‍ ഏഴാം സ്ഥാനക്കാരായി കൊമ്പന്മാര്‍ ഒതുങ്ങി.

ഐഎസ്എല്ലില്‍ തുടര്‍ച്ചയായി മൂന്നാം തവണയാണ് കേരള ബ്ലാസ്റ്റേഴ്‌സ് പ്ലേ ഓഫ് കാണാതെ മടങ്ങുന്നത്. ആദ്യ മൂന്നു ഐഎസ്എല്‍ സീസണുകള്‍ അടക്കിവാണ ബ്ലാസ്‌റ്റേഴ്‌സിന് തലയെടുപ്പ് എങ്ങോ നഷ്ടമായി. ടീമിന് തുടരെ പിഴയ്ക്കുന്നത് എവിടെയാണ്? കഴിഞ്ഞ മൂന്നു സീസണുകളിലെ പരാജയങ്ങള്‍ അടിസ്ഥാനപ്പെടുത്തി കേരള ബ്ലാസ്റ്റേഴ്‌സിന്റെ പ്രധാന പോരായ്മകള്‍ ചുവടെ പരിശോധിക്കാം.

1. സ്ഥിരതയില്ലാത്ത മുന്നേറ്റ നിര

1. സ്ഥിരതയില്ലാത്ത മുന്നേറ്റ നിര

മുന്നേറ്റ നിരയുടെ സ്ഥിരതയും നിലവാരവും ബ്ലാസ്റ്റേഴ്‌സിന് വിട്ടുമാറാത്ത തലവേദനയാണ്. 2017-18 സീസണില്‍ ആകെ 20 ഗോളുകളാണ് എതിര്‍ പോസ്റ്റില്‍ ബ്ലാസ്‌റ്റേഴ്‌സ് അടിച്ചുകയറ്റിയത്. അതായത് 18 മത്സരങ്ങളില്‍ നിന്നും 20 ഗോളുകള്‍. അന്ന് അഞ്ചു ഗോളുകള്‍ കുറിച്ച ഇയാന്‍ ഹ്യൂമായിരുന്നു ടീമിലെ പ്രധാന ഗോള്‍ വേട്ടക്കാരന്‍. ഇക്കാലത്ത് വലിയ വീമ്പുവാദങ്ങളുമായി ടീമിലെത്തിയ ഗുഡ്‌ജോണ്‍ ബാല്‍ഡ്‌വിന്‍സണോ ദിമിതര്‍ ബെര്‍ബറ്റോവോ ബ്ലാസ്‌റ്റേഴ്‌സിന്റെ ഗോളടി മികവിനെ സ്വാധീനിച്ചില്ല.

ഈ നിരാശയിന്മേലാണ് തൊട്ടടുത്ത സീസണില്‍ ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റ് ടീം ഘടന പൊളിച്ചെഴുതിയത്. സ്ലോവേനിയന്‍ താരം മാതേജ് പോപ്ലാറ്റ്‌നിക്കും സെര്‍ബിയന്‍ താരം സ്റ്റൊജനോവിച്ചിനും മുന്നേറ്റങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചു. പക്ഷെ ഫലമുണ്ടായില്ല. നാലു ഗോളുകള്‍ വീതം അടിക്കാനേ ബാല്‍ക്കന്‍ ജോടിക്ക് കഴിഞ്ഞുള്ളൂ. ഇതോടെ 18 മത്സരങ്ങളില്‍ നിന്നും 18 ഗോളുകള്‍ മാത്രമായി ബ്ലാസ്റ്റേഴ്‌സിന്റെ സമ്പാദ്യം.

തുടര്‍ന്നാണ് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡില്‍ നിന്നും പരിശീലകന്‍ എല്‍ക്കോ ഷട്ടോരിയെയും ബര്‍ത്തലോമ്യ ഓഗ്ബച്ചയെയും സ്വന്തം പാളയത്തില്‍ ബ്ലാസ്റ്റേഴ്‌സ് കൊണ്ടുവരുന്നത്. ഇതോടെ ചിത്രം മാറുമെന്ന് ആരാധകര്‍ നിനച്ചു. ആറാം സീസണില്‍ എടികെയെ തകര്‍ത്ത് ബ്ലാസ്‌റ്റേഴ്‌സ് തുടങ്ങിയതോടെ പ്രതീക്ഷകള്‍ കൊടുമുടി കയറി. എന്നാല്‍ സീസണ്‍ പാതിയെത്തും മുന്‍പേ ടീം തോല്‍വികളുടെ പടുകുഴിയില്‍ ചെന്നുപതിച്ചു.

ഈ സീസണില്‍ ഓഗ്ബച്ചെയെ ആശ്രയിച്ചായിരുന്നു ബ്ലാസ്‌റ്റേഴ്‌സിന്റെ ഭൂരിപക്ഷം ഗോളുകളും. അടിച്ച 29 ഗോളുകളില്‍ 15 എണ്ണവും ഓഗ്ബച്ചെയുടെ വകയായി. ഓഗ്ബച്ചെ കഴിഞ്ഞാല്‍ എട്ടു ഗോള്‍ കുറിച്ച മെസ്സി ബൗളിയാണ് ടീമിലെ രണ്ടാമത്തെ ഉയര്‍ന്ന ഗോള്‍ സ്‌കോറര്‍.

2. അലസമായ പ്രതിരോധം

2. അലസമായ പ്രതിരോധം

2017-18 സീസണില്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ പ്രതിരോധത്തില്‍ വിള്ളലുകള്‍ കുറവായിരുന്നു. 18 മത്സരങ്ങളില്‍ നിന്നും 22 ഗോളുകള്‍ മാത്രമാണ് ടീം വഴങ്ങിയത്. അന്നു തുടര്‍ച്ചയായി ആറു ക്ലീന്‍ ഷീറ്റുകളും ബ്ലാസ്റ്റേഴ്‌സ് കയ്യടക്കി. എന്നാല്‍ ഗോളുകള്‍ അടിക്കുന്ന കാര്യത്തില്‍ പിന്നിലായത് ടീമിന്റെ സെമി മോഹങ്ങള്‍ പൊലിച്ചു.

2018-19 സീസണില്‍ ഇന്ത്യയ്ക്കായി അണ്ടര്‍ 17 ലോകകപ്പില്‍ മിന്നുംപ്രകടനം നടത്തിയ ഗോളി ധീരജ് സിങ്ങിനെയാണ് വല കാക്കാന്‍ ബ്ലാസ്‌റ്റേഴ്‌സ് ചുമതലപ്പെടുത്തിയത്. ഒപ്പം നെമാഞ്ച ലസിച്ച് പെസിച്ചിനയും സിറില്‍ കാലിയും കാവലാളുകളായി. പക്ഷെ ഈ സീസണില്‍ ടീമിന്റെ പ്രതിരോധം കൂപ്പുകുത്തി. 18 കളികളില്‍ നിന്നും 28 ഗോളുകളാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ വലയില്‍ പതിച്ചത്.

2019-20 സീസണിലും കഥ മാറിയില്ല. ലീഗില്‍ ഒരു ഭാഗത്ത് ഗോളടിച്ചു കൂട്ടിയപ്പോള്‍ മറുഭാഗത്ത് ഇതേ കണക്കിന് ഗോളുകള്‍ ചോദിച്ചുവാങ്ങുകയായിരുന്നു ബ്ലാസ്‌റ്റേഴ്‌സ്. അനാവശ്യമായ മൈനസ് പാസുകളും ഗോള്‍ കീപ്പര്‍ ടിപി രഹനേഷിന്റെ പിഴവുകളും ഇത്തവണ ഏറെ വിമര്‍ശനം നേടി. എന്തായാലും സീസണ്‍ പൂര്‍ത്തിയാകുമ്പോള്‍ 32 ഗോളുകളാണ് ബ്ലാസ്‌റ്റേഴ്‌സ് ഏറ്റുവാങ്ങിയത്. ഇതോടെ ഐഎസ്എല്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ വഴങ്ങുന്ന രണ്ടാമത്തെ ടീമുമായി കേരള ബ്ലാസ്‌റ്റേഴ്‌സ്.

3. മധ്യനിരയില്‍ നിലവാരത്തകര്‍ച്ച

3. മധ്യനിരയില്‍ നിലവാരത്തകര്‍ച്ച

ടീമില്‍ സന്തുലനം ഉറപ്പുവരുത്തുന്നതിനെ പറ്റിയൊന്നും ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റ് അധികം തലപുകയ്ക്കുന്നില്ല. കഴിഞ്ഞ മൂന്നു സീസണിലും കാശെറിഞ്ഞ് ഗോളടി വീരന്മാരെ പിടിക്കാനാണ് ഫ്രാഞ്ചൈസി ശ്രമിച്ചത്. ടീം ബജറ്റില്‍ നല്ലൊരു ഭാഗം മുന്നേറ്റ താരങ്ങള്‍ക്കായി ചിലവഴിക്കപ്പെട്ടു. ഫലമോ, മധ്യനിരയിലും പ്രതിരോധത്തിലും വിട്ടുവീഴ്ചകള്‍ സംഭവിച്ചു.

Most Read: ന്യൂസിലാന്‍ഡിലെ ദയനീയ പ്രകടനം... കോലിയുടെ സിംഹാസനം തെറിച്ചു!! ഒന്നാം റാങ്ക് നഷ്ടം

വ്യക്തിഗത മികവുണ്ടായിരുന്നെങ്കിലും കറേജ് പെക്യൂസന്‍, വിക്ടര്‍ പുല്‍ഗാ, കിസീറ്റോ കിസീറോണ്‍ ത്രയത്തിന് മധ്യനിരയില്‍ താളം കൈവരിക്കാന്‍ കഴിഞ്ഞ രണ്ടു സീസണിലും കഴിഞ്ഞില്ല. മധ്യനിരയില്‍ നിന്നുള്ള പരിതാപകരമായ പാസുകളും അവസരങ്ങള്‍ സൃഷ്ടിക്കുന്നതിലെ പാകപ്പിഴവുകളും ബ്ലാസ്റ്റേഴ്‌സിന്റെ മുന്നേറ്റങ്ങളെ സാരമായി ബാധിച്ചു.

ഇതേസമയം, ആറാം സീസണില്‍ ഗോളടി മികവില്‍ ടീം ബഹുദൂരം മുന്നേറി. എന്നാല്‍ മധ്യനിരയുടെ മികവല്ല ഇതിന് പിന്നില്‍. ഓഗ്ബച്ചെയുടെയും മെസ്സി ബൗളിയുടെയും വ്യക്തിഗത പ്രകടനമാണ് ബ്ലാസ്റ്റേഴ്‌സിനെ മിക്കപ്പോഴും തുണച്ചത്.

4. പ്രീ-സീസണ്‍ പരാജയം

4. പ്രീ-സീസണ്‍ പരാജയം

ഇന്ത്യയ്ക്ക് പുറത്ത് പ്രീ-സീസണ്‍ ക്യാംപ് സംഘടിപ്പിക്കാതിരുന്ന ഐഎസ്എല്‍ ക്ലബാണ് കേരള ബ്ലാസ്റ്റേഴ്‌സ്. ലീഗില്‍ പ്രതിയോഗികളെല്ലാം സ്‌പെയിനിലും ഗള്‍ഫ് രാജ്യങ്ങളിലും ചെന്ന് മത്സരങ്ങള്‍ കളിച്ചപ്പോള്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ തയ്യാറെടുപ്പുകള്‍ ഇന്ത്യയ്ക്കകത്തു മാത്രമായി ഒതുങ്ങി. പ്രീ-സീസണില്‍ മുഴുവന്‍ താരങ്ങളെയും പങ്കെടുപ്പിക്കാന്‍ എല്‍ക്കോ ഷട്ടോരിക്ക് കഴിയാതെ പോയതും ടീമിന് വിനയായി.

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
Story first published: Wednesday, February 26, 2020, 18:36 [IST]
Other articles published on Feb 26, 2020
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X