നാണംകെട്ട തോൽവിയും സമനിലകളും! കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ റെനി മ്യൂളൻസ്റ്റീൻ രാജിവെച്ചു...
കൊച്ചി: കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ റെനി മ്യൂളൻസ്റ്റീൻ പരിശീലകസ്ഥാനം രാജിവെച്ചു. ചൊവ്വാഴ്ച വൈകീട്ടോടെയാണ് പരിശീലകസ്ഥാനം രാജിവെക്കുന്നതായി അദ്ദേഹം അറിയിച്ചത്. വ്യക്തിപരമായ കാരണങ്ങളാലാണ് രാജിവെക്കുന്നതെന്നും റെനി മ്യൂളൻസ്റ്റീൻ പറഞ്ഞു.
മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ സഹപരിശീലകനായിരുന്ന റെനി മ്യൂളൻസ്റ്റീൻ ഐഎസ്എൽ നാലാം സീസണിലാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ പരിശീലകനായി സ്ഥാനമേറ്റെടുത്തത്. ഇസ്രായേൽ പ്രീമിയർ ലീഗിലെ മക്കാബി ഹൈഫയുടെ പരിശീലകസ്ഥാനം ഒഴിഞ്ഞതിന് ശേഷമായിരുന്നു അദ്ദേഹം ബ്ലാസ്റ്റേഴ്സിന്റെ പരിശീലകക്കുപ്പായമണിഞ്ഞത്. സ്റ്റീവ് കോപ്പലിന്റെ പകരമെത്തിയ റെനി മ്യൂളൻസ്റ്റീന് മൂന്നരക്കോടി രൂപയായിരുന്നു പ്രതിഫലം.

സഹപരീശിലകന്....
റെനി മ്യൂളൻസ്റ്റീൻ പരിശീലകസ്ഥാനം ഒഴിഞ്ഞതോടെ സഹപരിശീലകൻ തങ്ബോയ് സിങ്തോയ്ക്ക് താൽക്കാലിക ചുമതല നൽകി. ഐഎസ്എൽ നാലാം സീസണിൽ കേരള ബ്ലാസ്റ്റേഴ്സിന് ഇതുവരെ ഒരു കളി മാത്രമേ ജയിക്കാനായിട്ടുള്ളു. കഴിഞ്ഞ മത്സരത്തിൽ ബെംഗളൂരു എഫ്സിയോട് നാണംകെട്ട തോൽവിയും ഏറ്റുവാങ്ങി.

രാജിക്ക് കാരണം..
വ്യക്തിപരമായ കാരണങ്ങൾ കൊണ്ടാണ് രാജിവെക്കുന്നതെന്ന് റെനി മ്യൂളൻസ്റ്റീൻ പറഞ്ഞെങ്കിലും കേരള ബ്ലാസ്റ്റേഴ്സിന്റെ മോശം ഫോം തന്നെയാണ് രാജിക്ക് പിന്നിലുള്ള യഥാർത്ഥ കാരണം. ഏറെ പ്രതീക്ഷകളുമായെത്തിയ കേരള ബ്ലാസ്റ്റേഴ്സ് സീസണിൽ ഒരു മത്സരത്തിൽ മാത്രമാണ് വിജയിച്ചത്.

ഫെർഗൂസനൊപ്പം..
ഡച്ചുകാരനായ റെനി മ്യൂളൻസ്റ്റീൻ 1990ലാണ് പരിശീലക്കുപ്പായം അണിയുന്നത്. തുടർന്ന് 2001ൽ മാഞ്ചസ്റ്റർ യുണൈറ്റഡ് യൂത്ത് ടീമിന്റെ പരിശീലകനായി. പിന്നീട് മാഞ്ചസ്റ്റർ യുണൈറ്റഡ് സീനിയർ ടീമിന്റെ ടെക്നിക്കൽ സ്കിൽ ഡെവലപ്പ്മെന്റ് കോച്ചായി. ഈ കാലഘട്ടത്തിൽ അലക്സ് ഫെർഗൂസന്റെ വലംകൈയായിരുന്നു റെനി മ്യൂളൻസ്റ്റീൻ.

പ്രീമിയർ ലീഗ്...
2007ലെ യുവേഫ ചാമ്പ്യൻസ് ലീഗിലും, 2008ലെ ഫിഫ ക്ലബ് ലോകകപ്പിലും മാഞ്ചസ്റ്റർ കിരീടം ചൂടിയതിന് പിന്നിൽ റെനി മ്യൂളൻസ്റ്റീന്റെ തന്ത്രങ്ങളുമുണ്ടായിരുന്നു. ഇക്കാലത്ത് മൂന്നു പ്രീമിയർ ലീഗ് കിരീടങ്ങളും മാഞ്ചസ്റ്റർ സ്വന്തമാക്കി. പിന്നീട് 2013ൽ മാഞ്ചസ്റ്റർ വിട്ട അദ്ദേഹം ഫുൾഹാമിന്റെ പരിശീലകനായി ചുമതലയേറ്റു.

റെനിച്ചായൻ...
ഇസ്രായേലി പ്രീമിയർ ലീഗിൽ മക്കാബി ഹൈഫയുടെ പരിശീലകനായിരിക്കെയാണ് റെനി മ്യൂളൻസ്റ്റീന് കേരള ബ്ലാസ്റ്റഴ്സിൽ നിന്നും വിളിയെത്തുന്നത്. തുടർന്ന് 2017 ജൂലായ് അവസാനത്തോടെ അദ്ദേഹം ബ്ലാസ്റ്റേഴ്സ് പരിശീലകനായി ചുമതലയേറ്റു. മുൻ മാഞ്ചസ്റ്റർ പരിശീലകനായ റെനി മ്യൂളൻസ്റ്റീനെ റെനിച്ചായനെന്നായിരുന്നു ബ്ലാസ്റ്റേഴ്സ് ആരാധകർ വിളിച്ചിരുന്നത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications