കൊച്ചി: പുതിയ കോച്ച് നെലോ വിന്‍ഗാദയ്ക്കും കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ തലവര മാറ്റാന്‍ കഴിഞ്ഞില്ല. തുടര്‍ച്ചയായ 12ാമത്തെ കളിയിലും ജയം നേടാവാവാതെ മഞ്ഞപ്പട കളി മതിയാക്കി. ഹോംഗ്രൗണ്ടായ കൊച്ചിയിലെ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ നടന്ന മല്‍സരത്തില്‍ മുന്‍ ചാംപ്യന്‍മാരായ എടിക്കെയുമായി ബ്ലാസ്റ്റേഴ്‌സ് 1-1ന്റെ സമനില സമ്മതിക്കുകയായിരുന്നു. ഗോള്‍രഹിതമായി കലാശിക്കുമെന്ന കളിയുടെഅവസാന അഞ്ചു മിനിറ്റിനിടെയാണ് രണ്ടു വലകളും കുലുങ്ങിയയത്.

85ാം മിനിറ്റില്‍ എഡു ഗാര്‍ഷ്യ മനോഹരമായ ഫ്രീകിക്കിലൂടെ നേടിയ ഗോളില്‍ എടിക്കെ 1-0ന്റെ വിജയം കൊയ്യുമെന്നാണ് കരുതിയത്. എന്നാല്‍ മഞ്ഞപ്പടയ്ക്കു തോല്‍ക്കാന്‍ മനസ്സില്ലായിരുന്നു. മൂന്നു മിനിറ്റിനുള്ളില്‍ മത്തേയ് പോപ്ലാറ്റ്‌നിക്കിലൂടെ ബ്ലാസ്റ്റേഴ്‌സ് സമനില പിടിച്ചുവാങ്ങി. സിറില്‍ കാളിയുടെ വലതുമൂലയില്‍ നിന്നുള്ള ക്രോസില്‍ പോപ്ലാറ്റ്‌നിക്കിന്റെ ക്ലോസ്‌റേഞ്ച് ഹെഡ്ഡര്‍ ക്രോസ് ബാറില്‍ തട്ടി വലയ്ക്കുള്ളില്‍ വീഴുകയായിരുന്നു.
ഒന്നാംപകുതി തീര്‍ത്തും വിരസമായിരുന്നു. കാര്യമായ ഗോള്‍ശ്രമങ്ങളൊന്നും ആദ്യപകുതിയില്‍ കണ്ടില്ല. വിന്‍ഗാദയ്ക്കു കീഴില്‍ ഇറങ്ങിയ മഞ്ഞപ്പട എടിക്കെയ്‌ക്കെതിരേ കൗണ്ടര്‍ അറ്റാക്കിങ് ശൈലിയാണ് പരീക്ഷിച്ചത്. ചില ലോങ്‌റേഞ്ചറുകള്‍ പരീക്ഷിച്ചതൊഴിച്ചാല്‍ ആദ്യപകുതിയില്‍ ഗോളെന്നുറച്ച ഒരു ഷോട്ടും ആതിഥേയരുടെ ഭാഗത്ത് നിന്നുണ്ടായില്ല. എന്നാല്‍ ഗോള്‍കീപ്പര്‍ ധീരജ് സിങിന്റെ ഒരു കണ്ണഞ്ചിപ്പിക്കുന്ന സേവാണ് എടിക്കെയ്ക്ക് ഒന്നാം പകുതിയില്‍ ലീഡ് നിഷേധിച്ചത്. ബോക്‌സിനു തൊട്ടരികില്‍ നിന്നും ജിങ്കനെ കബളിപ്പിച്ച് ഒന്നു വെട്ടിത്തിരിഞ്ഞ് എഡു ഗാര്‍ഷ്യ തൊടുത്ത വെടിയുണ്ട കണക്കെയുള്ള ഷോട്ട് ധീരജ് വായുവില്‍ പറന്നുയര്‍ന്നു കുത്തിയകറ്റുകയായിരുന്നു.
ആദ്യപകുതിയെ അപേക്ഷിച്ച് രണ്ടാംപകുതി തുറന്ന പോരായിരുന്നു. രണ്ടു ടീമുകളും ഗോളിനായി മികച്ച മുന്നേറ്റങ്ങള്‍ തന്നെ രണ്ടാംപകുതിയില്‍ നടത്തി. ധീരജ് സിങിന്റെ മികച്ചൊരു സേവാണ് രണ്ടാംപകുതിയുടെ തുടക്കത്തില്‍ ബ്ലാസ്റ്റേഴ്‌സിനെ ഗോള്‍ വഴങ്ങാതെ രക്ഷിച്ചത്. തുടര്‍ന്ന് ലീഡ് നേടാന്‍ ബ്ലാസ്‌റ്റേഴ്‌സിന് മൂന്നിലധികം സുവര്‍ണാവസരങ്ങള്‍ ലഭിച്ചെങ്കിലും മുതലാക്കാനായില്ല.