ലണ്ടന്‍: ഇറ്റാലിയന്‍ ലീഗില്‍ യുവന്റസിനും എസി മിലാനും ജയം. ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ യുവന്റസ് 4-3 എന്ന സ്കോറിനാണ് നാപ്പോളിയെ തോല്‍പ്പിച്ചത്. മിലാന് ഏകപക്ഷീയമായ ഒരു ഗോളിന് ബ്രസീക്കയേയും തോല്‍പ്പിച്ചു. അവസാന സെക്കന്റ് ഗോളിലാണ് യുവന്റസ് നാപ്പോളിയുടെ സമനില ഭീഷണിയെ മറികടന്നത്.
വിജയികള്‍ക്കായി ഡാനിലോ ലൂയിസ്(16), ഹിഗ്വയ്ന്(19), ക്രിസ്റ്റിയാനോ റൊണാള്‍ഡോ(62) എന്നിവര്‍ ഗോള്‍ നേടി. 92-ാം മിനിറ്റില്‍ കൗലിബാലിയുടെ സെല്‍ഫ് ഗോളാണ് ടീമിന് ജയമൊരുക്കിയത്. മൂന്ന് ഗോളിന് പിന്നിട്ടുനിന്ന നാപ്പോളി രണ്ടാം പകുതിയില്‍ മൂന്നുഗോളും തിരിച്ചടിച്ച് പ്രതീക്ഷയുണര്‍ത്തിയതാണ്. മൊണോലാസ്(66), ലൊസാനോ(68), ലോറെന്‍സോ(81) എന്നിവരാണ് ഗോള്‍ സ്കോറര്‍മാര്‍. എന്നാല്‍, സെല്‍ഫ് ഗോള്‍ ടീമിന് അര്‍ഹിച്ച സമനില നഷ്ടമാക്കി.
ജര്‍മന്‍ ബുണ്ടസ് ലീഗയില്‍ ബയേണ്‍ മ്യൂണിക്ക് 6-1ന് മയ്ന്‍സിനെ തോല്‍പ്പിച്ചു. പവാര്‍ഡ്(36), അലാബ(45), ഇവാന് പെരിസിച്ച്(54), കോമാന്(64), ലെവെന്‍ഡോസ്കി(78), അല്‍ഫോണ്‍സോ ഡേവിസ്(80) എന്നിവര്‍ ബയേണിനായി ഗോള്‍ നേടിയപ്പോള്‍ ജീന്‍ പോളിന്റെ വകയായിരുന്നു മയ്ന്സിന്റെ ആശ്വാസഗോള്‍. മറ്റു മത്സരങ്ങളില്‍ ബയര്‍ ലെവര്കുസന് ഹോഫര്ഹെയ്മിനോട് ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞു. ഷാല്‍ക്കെ മൂന്നു ഗോളുകള്‍ക്ക് കോളിനെ തോല്‍പ്പിച്ചപ്പോള്‍ ബൊറൂസിയ ഡോട്ടമുണ്ട് 1-3 എന്ന സ്കോറിന് യൂണിയന് ബര്ലിനോട് തോറ്റു.