ലണ്ടന്‍: ഏറെ പ്രതീക്ഷയോടെ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ടീമിലെത്തിച്ച പോള്‍ പോഗ്ബയുടെ മോശം ഫോമിനെതിരെ തുറന്നടിച്ച് കോച്ച് ഹോസെ മൗറീന്യോ. പരിക്ക് പോഗ്ബയുടെ കളിയെ ബാധിച്ചിട്ടില്ലെന്നും എന്നാല്‍ ഫോമില്ലായ്മയുടെ കാരണം തുറന്നു പറയേണ്ടത് ഫ്രഞ്ച്താരം തന്നെയാണെന്നും മൗറീന്യോ പറഞ്ഞു.
കഴിഞ്ഞ സപ്തംബറില്‍ ബാസലിനെതിരായ മത്സരത്തില്‍ പോഗ്ബയ്ക്ക് പരിക്കേറ്റിരുന്നു. പല കളികളിലും ചെറിയ പരിക്കുകളും ഫോമില്ലായ്മയും താരത്തെ വലച്ചു. കഴിഞ്ഞ മൂന്നു മത്സരങ്ങളില്‍ മാഞ്ചസ്റ്ററിന്റെ ആദ്യ ഇലവനില്‍ കയറിപ്പറ്റാനും കഴിഞ്ഞില്ല. ഇതേക്കുറിച്ചുള്ള മാധ്യമ പ്രവര്‍ത്തരുടെ ചോദ്യത്തിനാണ് മൗറീന്യോ മറുപടി പറഞ്ഞത്.

പോഗ്ബയുടെ ഫോമിനെക്കുറിച്ച് അവസരം ലഭിക്കുമ്പോള്‍ അദ്ദേഹത്തോടുതന്നെ ചോദിക്കൂ. പോഗ്ബയ്ക്കുവേണ്ടി എനിക്കാകുന്നത് ചെയ്യുന്നുണ്ട്. അത്രമാത്രമേ കോച്ച് എന്ന നിലയില്‍ ചെയ്യാന്‍ കഴിയൂ. പരിക്ക് പോഗ്ബയെ ബാധിച്ചിട്ടില്ല. പോഗ്ബയുടെ പരിക്ക് മറ്റേതൊരു താരത്തിനും സംഭവിക്കുന്നതു മാത്രമാണെന്നും മൗറീന്യോ പറഞ്ഞു.
അതേസമയം, കഴിഞ്ഞദിവസം റഷ്യയ്‌ക്കെതിരെ നടന്ന അന്താരാഷ്ട്ര സൗഹൃദ മത്സരത്തില്‍ ഫ്രാന്‍സിനുവേണ്ടി പോഗ്ബ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ഒരു ഗോള്‍ നേടുകയും മറ്റൊരു ഗോളിന് അവസരമുണ്ടാക്കി നല്‍കുകയും ചെയ്തു. മാഞ്ചസ്റ്റര്‍ കോച്ച് മൗറീന്യോ പോഗ്ബയില്‍ അതൃപ്തി പ്രകടിപ്പിച്ചതോടെ സീസണ്‍ ഒടുവിലെ താരക്കൈമാറ്റത്തില്‍ പോഗ്ബ ടീം വിടുമെന്ന അഭ്യൂഹവും ശക്തമായിട്ടുണ്ട്.