Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

റയൽ മാഡ്രിഡ് താരങ്ങൾ ലോകകപ്പിൽ തോൽക്കണം! ഫുട്ബോൾ ലോകത്തെ ഞെട്ടിച്ചുകൊണ്ട് ജോസ് മൗറീന്യോയുടെ ക്രൂരമായ തമാശ

ഫിഫ ലോകകപ്പ് 2026 ആവേശകരമായി മുന്നേറുന്നതിനിടെ കടുത്ത ഫുട്ബോൾ ആരാധകരെപ്പോലും ഞെട്ടിക്കുന്ന ഒരു പ്രസ്താവനയുമായി എത്തിയിരിക്കുകയാണ് റയൽ മാഡ്രിഡിന്റെ പുതിയ ബോസ് ജോസെ മൗറീന്യോ. ലോകകപ്പിൽ കളിക്കുന്ന റയൽ മാഡ്രിഡ് താരങ്ങളെല്ലാം എത്രയും പെട്ടെന്ന് തോറ്റ് പുറത്താകണമെന്നാണ് താൻ ആഗ്രഹിക്കുന്നത് എന്നായിരുന്നു മൗറീന്യോയുടെ തമാശരൂപേണയുള്ള വെളിപ്പെടുത്തൽ. ഇതിന് പിന്നിലെ കാരണവും താരം വ്യക്തമാക്കിയിട്ടുണ്ട്.

റയൽ മാഡ്രിഡ് പരിശീലകനായി തന്റെ രണ്ടാം ഊഴത്തിന് തയ്യാറെടുക്കുന്ന പോർച്ചുഗീസ് തന്ത്രജ്ഞനോട് ഈ ലോകകപ്പിൽ അദ്ദേഹം എന്താണ് പ്രതീക്ഷിക്കുന്നത് എന്ന് ചോദിച്ചപ്പോഴാണ് തനത് ശൈലിയിലുള്ള മറുപടി നൽകിയത്. "റയൽ മാഡ്രിഡ് താരങ്ങൾ ലോകകപ്പിൽ തോൽക്കണം എന്നാണ് ഞാൻ ആഗ്രഹിക്കുന്നത്. എങ്കിൽ മാത്രമേ ജൂലൈയിൽ നടക്കുന്ന പ്രീ-സീസൺ ക്യാമ്പിലേക്ക് എനിക്ക് അവരെ വേഗത്തിൽ തിരികെ ലഭിക്കൂ," ചിരിച്ചുകൊണ്ട് മൗറീന്യോ പറഞ്ഞു. സൂപ്പർ താരം കിലിയൻ എംബാപ്പെ, വിനീഷ്യസ് ജൂനിയർ, ജൂഡ് ബെല്ലിംഗ്ഹാം തുടങ്ങിയ വലിയൊരു നിര തന്നെ റയലിൽ നിന്ന് വിവിധ രാജ്യങ്ങൾക്കായി ലോകകപ്പ് കളിക്കുന്നുണ്ട്.

josemourinho-1

അതേസമയം, ഇത്തവണ ലോകകപ്പ് ഉയർത്താൻ സാധ്യതയുള്ള ടീമുകളിൽ ഒന്നായി ഇംഗ്ലണ്ടിനെയാണ് മൗറീന്യോ പ്രവചിക്കുന്നത്. ലാംപാർഡ്, ജെറാർഡ്, ബെക്കാം തുടങ്ങിയ സുവർണ്ണ തലമുറയ്ക്ക് ശേഷം ഇംഗ്ലണ്ടിന് വലിയ താരനിരയുണ്ടെന്നും എന്നാൽ മാധ്യമങ്ങളുടെ കടുത്ത സമ്മർദ്ദം മൂലമാണ് അവർക്ക് കിരീടം നേടാനാകാത്തതെന്നും അദ്ദേഹം നിരീക്ഷിച്ചു. നിലവിൽ തോമസ് ടുഹലിന്റെ കീഴിൽ കളിക്കുന്ന ഇംഗ്ലണ്ട് ഗ്രൂപ്പ് എല്ലിൽ ഒന്നാം സ്ഥാനത്താണ്.


മുൻപ് 2010 മുതൽ 2013 വരെ റയലിനെ പരിശീലിപ്പിച്ച മൗറീന്യോ ഒരു ലാലിഗയും കോപ്പ ഡെൽ റേയും നേടിയിട്ടുണ്ട്. ബെൻഫിക്കയിൽ നിന്നും റോമയിൽ നിന്നുമുള്ള സമീപകാലത്തെ മോശം ഫോമിന് ശേഷം റയലിലേക്ക് മൗറീന്യോ മടങ്ങിയെത്തിയത് ആരാധകരെ അത്ഭുതപ്പെടുത്തിയിരുന്നു. എന്തായാലും പ്രീ-സീസണിനായി താരങ്ങളെ വിട്ടുകിട്ടാൻ ലോകകപ്പിൽ സ്വന്തം കളിക്കാരുടെ തോൽവി ആഗ്രഹിക്കുന്ന മൗറീന്യോയുടെ വാക്കുകൾ ഫുട്ബോൾ ലോകത്ത് വലിയ ചർച്ചയായിക്കഴിഞ്ഞു.

കിലിയൻ എംബാപ്പെ, വിനീഷ്യസ് ജൂനിയർ, ജൂഡ് ബെല്ലിംഗ്ഹാം, അന്റോണിയോ റുഡിഗർ, ഫെഡറിക്കോ വാൽവെർഡെ തുടങ്ങി ലോകകപ്പിലെ വൻശക്തികളായ ഫ്രാൻസ്, ബ്രസീൽ, ഇംഗ്ലണ്ട്, ജർമ്മനി, ഉറുഗ്വേ ടീമുകളുടെ നട്ടെല്ലാണ് റയൽ മാഡ്രിഡ് താരങ്ങൾ. ഇവർക്ക് പുറമെ അർദ ഗുലർ (തുർക്കി), തിബോ കോർട്ടുവ (ബെൽജിയം), ബ്രാഹിം ഡയസ് (മൊറോക്കോ), ഡേവിഡ് അലബ (ഓസ്ട്രിയ) എന്നിവരും തങ്ങളുടെ രാജ്യങ്ങൾക്കായി ലോകവേദിയിൽ അണിനിരന്നു കഴിഞ്ഞു. ലോകകപ്പിലെ ഭൂരിഭാഗം മുൻനിര ടീമുകളുടെയും വിജയസാധ്യതകൾ നിർണ്ണയിക്കുന്നത് ഈ മാഡ്രിഡ് പടയാളികളാണ്. അതുകൊണ്ടുതന്നെ, ഇവരിൽ ആരൊക്കെയായിരിക്കും പുതിയ കോച്ച് ജോസെ മൗറീന്യോ ആഗ്രഹിച്ചതുപോലെ ജൂലൈയിലെ പ്രീ-സീസൺ ക്യാമ്പിലേക്ക് ആദ്യം തോറ്റ് മടങ്ങിയെത്തുക എന്നാണ് ഫുട്ബോൾ ലോകം ഇപ്പോൾ ഉറ്റുനോക്കുന്നത്. തുർക്കി പുറത്തായതുകൊണ്ടുതന്നെ, ​ഗുല്ലർ ഇതിനോടകം ലോകകപ്പിൽ നിന്നും പടിയിറങ്ങി കഴിഞ്ഞു.

Story first published: Friday, June 26, 2026, 17:05 [IST]
Other articles published on Jun 26, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+