Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ISL: പ്ലേഓഫ് സാധ്യത സജീവമാക്കി ഒഡീഷ, ചെന്നൈയ്ക്ക് തോല്‍വി

ഭുബനേശ്വര്‍: ഐഎസ്എല്‍ പ്ലേ ഓഫ് സാധ്യതകള്‍ സജീവമാക്കി ഒഡീഷ എഫ്‌സി. നിര്‍ണായകമായ പതിനൊന്നാം റൗണ്ട് മത്സരത്തില്‍ മടക്കമില്ലാത്ത രണ്ടു ഗോളുകള്‍ക്ക് ചെന്നൈയിന്‍ എഫ്‌സിയെ ആതിഥേയരായ ഒഡീഷ കീഴടക്കി. ജെറി മാമിങ്താങ്കയും വിനീത് റായുമാണ് ഒഡീഷയുടെ ഗോള്‍ സ്‌കോറര്‍മാര്‍. ആദ്യ പകുതിയിലായിരുന്നു ഒഡീഷയെ മുന്നിലെത്തിച്ച രണ്ടു ഗോളുകളും പിറന്നത്. ഇതേസമയം, വീണുകിട്ടിയ പെനാല്‍റ്റി ചെന്നൈ പാഴാക്കുന്നതും ആരാധകര്‍ കണ്ടു.

24 ആം മിനിറ്റിലാണ് മത്സരത്തില്‍ ആധിപത്യം നേടാനുള്ള സുവര്‍ണാവസരം ചെന്നൈയ്ക്ക് ലഭിച്ചത്. ബോക്‌സിനകത്ത് വാല്‍സ്‌ക്കിസിനെ വീഴ്ത്തിയ ശുഭം സാരംഗി സന്ദശകര്‍ക്ക് പെനാല്‍റ്റി വെച്ചുനീട്ടി. പക്ഷെ ഗോള്‍ പ്രതീക്ഷ കാക്കാന്‍ കിക്കെടുത്ത വാല്‍സ്‌ക്കിസിനായില്ല. ഇദ്ദേഹം തൊടുത്ത ഷോട്ട് ക്രോസ് ബാറിന്് മുകളിലൂടെ ചീറിപ്പോയി.

ഒഡീഷ എഫ്സി - ചെന്നൈയിൻ എഫ്സി മത്സരം

37 ആം മിനിറ്റിലാണ് കളിയിലെ ആദ്യ ഗോള്‍ വീഴുന്നത്. ചെന്നൈ ഗോള്‍ മുഖത്തെ ആശയക്കുഴപ്പം കൃത്യമായി മുതലെടുക്കുകയായിരുന്നു ഒഡീഷ. ബോക്‌സിന്റെ വലതുഭാഗത്ത് നിന്നും അരിടാന സാന്‍ടാന നല്‍കിയ ക്രോസ്. ഓടിയെത്തിയ സഹതാരം നന്ദകുമാര്‍ ശേഖറിന് പന്തിനെ പിടിച്ചെടുക്കാനായില്ല. നന്ദകുമാര്‍ പിടിക്കുമെന്ന് കരുതി ഡൈവ് ചെയ്ത ഗോള്‍ കീപ്പര്‍ വിശാല്‍ കെയ്ത്തിനും കണക്കുകള്‍ പിഴച്ചു. നന്ദകുമാറിനെയും കടന്ന് പന്ത് നീങ്ങി. എന്തായാലും പൊസിഷന്‍ പാലിച്ചു നിന്ന ജെറിക്ക് വലിയ അധ്വാനമുണ്ടായില്ല. പന്തിനെ പോസ്റ്റിനകത്തേക്ക് സാവകാശം തട്ടിയിടുകയായിരുന്നു ജെറി --- മത്സരത്തില്‍ ഒഡീഷയുടെ ആദ്യ ഗോള്‍.

ഒഡീഷ എഫ്സി - ചെന്നൈയിൻ എഫ്സി മത്സരം

അപ്രതീക്ഷിതമായി വഴങ്ങിയ ഗോളിന്റെ ക്ഷീണം മാറും മുമ്പെയാണ് ചെന്നൈയെ നടുക്കിക്കൊണ്ട് ഒഡീഷ രണ്ടാമതും നിറയൊഴിക്കുന്നത്. 41 ആം മിനിറ്റില്‍ വിനീത് റായി തൊടുത്ത ഷോട്ട് ചാട്ടുളി കണക്കെ ചെന്നൈയുടെ വലയില്‍ തറഞ്ഞുകയറി. ഇവിടെയും അരിടാനയുടെ മാന്ത്രികസ്പര്‍ശം കാണാം. ബോക്‌സിനകത്ത് നിന്ന് നെഞ്ചേറ്റി വാങ്ങിയ പന്തിനെ തേബാറിലേക്ക് നല്‍കുകയായിരുന്നു അരിടാന. തേബാറാകട്ടെ പന്തിനെ ഓടിയെത്തിയ വിനീത് റായിക്ക് അടിക്കാന്‍ പാകത്തില്‍ കൈമാറി. 30 യാര്‍ഡ് അകലത്തില്‍ നിന്നും വിനീത് റായി പായിച്ച ഷോട്ട് തടുക്കാന്‍ വിശാല്‍ കെയ്ത്തിനായില്ല. രണ്ടാം പകുതിയില്‍ ഗോള്‍ മടക്കാനുള്ള ഊര്‍ജ്ജിത ശ്രമം ചെന്നൈയിന്റെ ഭാഗത്തും നിന്നുമുണ്ടായി. എന്നാല്‍ മത്സരത്തിന്റെ വേഗം കുറച്ച് ഒഡീഷ പ്രതിരോധത്തിലേക്ക് കളം മാറിയതോടെ സന്ദര്‍ശകരുടെ നീക്കങ്ങളെല്ലാം വിഫലമായി.

ജയത്തോടെ പോയിന്റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്താണ് ഇപ്പോള്‍ ഒഡീഷ. 11 മത്സരങ്ങളില്‍ നിന്നും 15 പോയിന്റുകളാണ് ടീം നേടിയിരിക്കുന്നത്. മറുഭാഗത്ത് ചെന്നൈ 11 കളികളില്‍ നിന്നും ഒന്‍പതു പോയിന്റുമായി ഒന്‍പതാം സ്ഥാനത്ത് തുടരുന്നു.

Story first published: Monday, January 6, 2020, 21:30 [IST]
Other articles published on Jan 6, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+