ഐഎസ്എല്‍: ബ്ലാസ്‌റ്റേഴ്‌സിന്റെ നെഞ്ചു തുളച്ച് മുംബൈ, ആദ്യ തോല്‍വി
കൊച്ചി: 83 ആം മിനിറ്റില്‍ കേരളത്തിന്റെ നെഞ്ചു തുളച്ചാണ് അമിനി ഷെര്‍മിറ്റിയുടെ ഷോട്ടു പാഞ്ഞു കയറിയത്. പെനാല്‍റ്റി ബോക്‌സില്‍ ബ്ലാസ്‌റ്റേഴ്‌സ് പ്രതിരോധം കാട്ടിയ അലംഭാവം. മുംബൈയ്ക്ക് ഇതിലും വലിയ അവസരം കൈവരാനില്ല. ഐഎസ്എല്ലിലെ രണ്ടാം ഹോം മത്സരത്തില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിന് തോല്‍വി. എതിരില്ലാത്ത ഒരു ഗോളിന് മുംബൈ സിറ്റി കേരള ബ്ലാസ്‌റ്റേഴ്‌സിനെ കീഴടക്കി.

ആര്‍ത്തിരമ്പുന്ന മഞ്ഞക്കടലിനെ സാക്ഷിയാക്കിയാണ് ബ്ലാസ്റ്റേഴ്‌സ് രണ്ടാം ജയത്തിനായി ഇന്നിറങ്ങിയത്. വിജയ ഗോളിനായി ആഞ്ഞുശ്രമിച്ചു നായകന്‍ ബര്‍ത്തലോമിയ ഓഗ്ബച്ചെയും സംഘവും. പക്ഷെ ഗോള്‍ കീപ്പര്‍ അമരീന്ദര്‍ സിങ് കെട്ടിപ്പടുത്ത മുംബൈ കോട്ട തകര്‍ക്കപ്പെട്ടില്ല. മറുഭാഗത്ത് പൗളോ മഷാഡോ, മുഹമ്മദ് ലാര്‍ബി, ഡിയഗോ കാര്‍ലോസ് ത്രയം ബ്ലാസ്‌റ്റേഴ്‌സ് ഗോള്‍ മുഖത്ത് വട്ടമിട്ട് പറന്നപ്പോള്‍ മഞ്ഞപ്പടയുടെ നെഞ്ചിടിക്കുന്നത് ആരാധകര്‍ പലകുറി കണ്ടു. പക്ഷെ ഭാഗ്യം ബിലാല്‍ ഖാനൊപ്പമുണ്ടായിരുന്നു. ഓരോതവണയും എല്‍ക്കോ ഷട്ടോരിയുടെ ബ്ലാസ്‌റ്റേഴ്‌സ് തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. ജിയാനി സുവര്‍ലൂണിന്റെ ഇടപെടലുകളും ഇവിടെ നിര്‍ണായകമായി.
കഴിഞ്ഞ മത്സരത്തിലെ ജയം നേടിക്കൊടുത്ത ആത്മവിശ്വാസവുമായാണ് ശക്തരായ മുംബൈയെ ബ്ലാസ്റ്റേഴ്‌സ് സ്വന്തം തട്ടകത്തില്‍ നേരിട്ടത്. എന്നാല്‍ ജയിക്കാനുള്ള വാശി ബ്ലാസ്റ്റേഴ്‌സ് പുറത്തെടുത്തത് അപൂര്‍വം അവസരങ്ങളില്‍ മാത്രം. അലക്ഷ്യമായ ക്രോസുകളും ഷോട്ടുകളും ബ്ലാസ്‌റ്റേഴ്‌സിന്റെ കളിയില്‍ കല്ലുകടിയായി. ഓഫ്‌സൈഡുകളും ഫൗളുകളും നിറഞ്ഞ മത്സരത്തില്‍ മുനയൊടിഞ്ഞ മുന്നേറ്റങ്ങളാണ് ഇരുഭാഗത്തു നിന്നും ആരാധകര്‍ കണ്ടത്.

ഗോളുകള്‍ വീഴുന്നില്ലെന്ന് തിരിച്ചറിഞ്ഞ മുംബൈ കോച്ച് ജോര്‍ജി കോസ്റ്റ ആദ്യ പകുതിയില്‍ത്തന്നെ സ്റ്റാര്‍ സ്‌ട്രൈക്കര്‍ മോഡു സുഗുവിനെ ഇറക്കി. ഇതേസമയം, പ്രതീക്ഷയ്ക്ക് വിപരീതമായി സഹല്‍ അബ്ദുല്‍ സമദിനെ ഷട്ടോറി ഇന്നും പ്ലേയിങ് ഇലവനില്‍ ഇറക്കിയില്ല. മത്സരത്തിന്റെ 78 ആം മിനിറ്റുവരെ കാത്തിരിക്കേണ്ടി വന്നു സഹലിന് കളത്തിലിറങ്ങാന്‍.
ജയത്തോടെ മുംബൈ പോയിന്റ് പട്ടികയിൽ മുകളിലെത്തിയിട്ടുണ്ട്. രണ്ടു കളിയിൽ ഒരു ജയവും ഒരു തോൽവിയുമായി ബ്ലാസ്റ്റേഴ്സ് നാലാമതാണ് ഇപ്പോൾ.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications