Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐഎസ്എല്‍: ബെംഗളൂരുവിന് മുന്നില്‍ മുട്ടുമടക്കി ചെന്നൈ

1
2026444

ബെംഗളൂരു: ഐഎസ്എല്ലില്‍ ചെന്നൈയിന്‍ എഫ്‌സിയെ തകര്‍ത്തെറിഞ്ഞ് ബെംഗളൂരു എഫ്‌സി. മടക്കമില്ലാത്ത മൂന്നു ഗോളുകള്‍ക്കാണ് ബെംഗളൂരൂവിന്റെ ജയം. ശ്രീകണ്ഠീരവ സ്റ്റേഡിയത്തെ സാക്ഷിയാക്കി എറിക് പാര്‍ത്താലവും സുനില്‍ ഛേത്രിയും സെംപോയും ബെംഗളൂരു എഫ്‌സിക്കായി ഗോള്‍ കണ്ടെത്തി. തുടക്കം മുതല്‍ക്കെ ആക്രമണ ഫുട്‌ബോളാണ് ബെംഗളൂരു പുറത്തെടുത്തത്. സന്ദര്‍ശകരെ ഇടംവലം വരിഞ്ഞ് സുനില്‍ ഛേത്രിയും സംഘവും മുന്നേറ്റങ്ങള്‍ ആവിഷ്‌കരിച്ചു.

ബെംഗളൂരു എഫ്സി - ചെന്നൈയിൻ എഫ്സി മത്സരം

നാലാം മിനിറ്റിലാണ് മത്സരത്തിലെ ആദ്യ ആക്രമണം. രാഹുല്‍ ഭേക്കെ നീട്ടി നല്‍കിയ ത്രോയ്ക്ക് പാര്‍ത്താലു കൃത്യമായി തലവെച്ചു. ചെന്നൈ ഗോള്‍ കീപ്പര്‍ വിശാല്‍ കെയ്ത്ത് എളുപ്പം പന്ത് പിടിച്ചെടുത്തെങ്കിലും ചെന്നൈ ആദ്യ നിമിഷങ്ങളില്‍ തന്നെ പകച്ചു പോയി. ആറാം മിനിറ്റില്‍ വീണ്ടും കെയ്ത്ത് ചെന്നൈയുടെ രക്ഷകനായി. ഭേക്കെയുടെ മറ്റൊരു ഉഗ്രന്‍ ലോങ് ത്രോ. വലതു വിങ്ങില്‍ നിന്നും അഗസ്‌റ്റോ പന്ത് പിടിച്ചെടുത്ത് മിഡ്ഫീല്‍ഡര്‍ ജുവാനോന് നല്‍കി. പന്ത് കിട്ടി ആദ്യ തവണ തന്നെ ജുവാനോന്‍ ഷോട്ടുതിര്‍ത്തെങ്കിലും കെയ്ത്തിയെ മറികടക്കാനായില്ല.

ബെംഗളൂരു എഫ്സി - ചെന്നൈയിൻ എഫ്സി മത്സരം

തുടര്‍ന്ന് മത്സരത്തിന്റെ പത്താം മിനിറ്റിലും 12 ആം മിനിറ്റിലും കണ്ടു ബെംഗളൂരുവിന്റെ തകര്‍പ്പന്‍ കരുനീക്കം. ഒടുവില്‍ 14 ആം മിനിറ്റില്‍ ബെംഗളൂരു ആദ്യ ഗോളടിക്കുകയും ചെയ്തു. ദിമാസിന്റെ കോര്‍ണറിന് കണിശമായി തലവെച്ചു കൊടുത്തു പാര്‍ത്താലു --- ഗോള്‍! പക്ഷെ ഒരു ഗോള്‍ കൊണ്ടു തൃപ്തിപ്പെടാന്‍ ബെംഗളൂരു ഒരുക്കമായിരുന്നില്ല. 25 ആം മിനിറ്റില്‍ ഛേത്രിയുടെ എണ്ണം പറഞ്ഞ ഷോട്ട് ചെന്നൈയുടെ വലയില്‍ വീണ്ടും തുളഞ്ഞുകയറി. അഗസ്‌റ്റോ നീട്ടി നല്‍കിയ പന്തിനെ തകര്‍പ്പന്‍ വോളിയിലൂടെയാണ് ഛേത്രി പോസ്റ്റിലേക്ക് അടിച്ചുകയറ്റിയത്.

ഇന്ന് ചെന്നൈയുടെ ഗോള്‍ മുഖത്താണ് 'ആക്ഷനുകൾ' ഏറെയും അരങ്ങേറിയത്. ഗോളെന്നുറപ്പിച്ച ബെംഗളൂരുവിന്റെ ഒരുപിടി നീക്കങ്ങള്‍ കെയ്ത്തിയുടെ മിന്നും പ്രകടനത്തില്‍ തട്ടിത്തെറിക്കുന്നതും ഫുട്‌ബോള്‍ പ്രേമികള്‍ ഇന്ന് കണ്ടു. മറുഭാഗത്ത് 31 ആം മിനിറ്റിലാണ് ബെംഗളൂരു ഗോള്‍ കീപ്പര്‍ ഗുര്‍പ്രീത് സിങ് സന്ധുവിനെ ചെന്നൈ ആദ്യമായി പരീക്ഷിച്ചത്. റഹീമിന്റെ അലക്ഷ്യമായ ഹെഡര്‍ പ്രതിരോധിക്കാന്‍ ഗുര്‍പ്രീതിന് വലിയ പ്രയാസമുണ്ടായില്ല.

ബെംഗളൂരു എഫ്സി - ചെന്നൈയിൻ എഫ്സി മത്സരം

രണ്ടാം പകുതിയില്‍ ആക്രമണത്തിലൂന്നിയാണ് ബെംഗളൂരു വിരുന്നുകാരെ നേരിട്ടത്. എതിര്‍ഭാഗത്ത് ചെന്നൈ ക്യാംപും ഉണര്‍ന്നു കളിച്ചു; പക്ഷെ കാര്യമായ ആക്രണണങ്ങള്‍ മാത്രം കണ്ടില്ല. ഇതേസമയം, 69 ആം മിനിറ്റില്‍ ഒരുതവണ കൂടി ബെംഗളൂരു ചെന്നൈയെ വിറപ്പിച്ചു. ദിമാസും ഉദാന്ത സിങ്ങും ചേര്‍ന്ന് സുനില്‍ ഛേത്രിക്ക് അവസരം ഒരുക്കിയെങ്കിലും പന്ത് റാഞ്ചാന്‍ ബെംഗളൂരു നായകന് കഴിയാതെ പോയി.

83 ആം മിനിറ്റില്‍ നിര്‍ഭാഗ്യം ധനപാല്‍ ഗണേഷിന് വിനയായപ്പോള്‍ ഗോളെന്നുറപ്പിച്ച അവസരം ചെന്നൈയ്ക്ക് നഷ്ടമായി. പക്ഷെ തൊട്ടടുത്ത നിമിഷംതന്നെ പകരക്കാരനായി ഇറങ്ങിയ സെംപോയി ചെന്നൈയെ ഞെട്ടിച്ച് ബെംഗളൂരുവിനായി മൂന്നാമത്തെ ഗോളും അടിച്ചു. ഗോള്‍ കീപ്പര്‍ കെയ്ത്തിന്റെ പിഴവില്‍ നിന്നാണ് സെംപോയി ഗോള്‍ കണ്ടെത്തിയത്.

ജയത്തോടെ പോയിന്റ് പട്ടികയില്‍ അഞ്ചാമത് തുടരുകയാണ് ബെംഗളൂരു എഫ്‌സി. നാലു കളിയില്‍ നിന്നും ആറ് പോയിന്റുണ്ട് ടീമിന്. ഇന്നത്തെ തോല്‍വി കൂടിയാകുമ്പോള്‍ പട്ടികയില്‍ ഏറ്റവുമൊടുവില്‍ ഇരിപ്പുറപ്പിച്ചിരിക്കുകയാണ് ചെന്നൈയിന്‍ എഫ്‌സി. നാലു കളിയില്‍ നിന്നും ഒരു പോയിന്റ് മാത്രമാണ് ചെന്നൈ ഇതുവരെ നേടിയത്.

Story first published: Sunday, November 10, 2019, 21:29 [IST]
Other articles published on Nov 10, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+