Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐഎസ്എല്‍: അവസരങ്ങള്‍ പാഴാക്കി ചെന്നൈ തോറ്റു, കൊല്‍ക്കത്ത ഒന്നാമന്‍

ചെന്നൈ: 20 ഷോട്ടുകള്‍. അഞ്ചെണ്ണം ലക്ഷ്യത്തില്‍. എന്നിട്ടും ഒരു ഗോളടിക്കാന്‍ മറീന സ്‌റ്റേഡിയത്തില്‍ ചെന്നൈയിന്‍ എഫ്‌സിക്കായില്ല. ഐഎസ്എല്‍ ആറാം സീസണിലെ പതിനൊന്നാം മത്സരത്തില്‍ ചെന്നൈയിന്‍ എഫ്‌സിക്ക് എതിരെ അത്‌ലറ്റികോ ഡി കൊല്‍ക്കത്തയ്ക്ക് ഏകപക്ഷീയമായ ഒരു ഗോള്‍ ജയം.

സ്വന്തം തട്ടകത്തില്‍ 90 മിനിറ്റു കളിച്ചിട്ടും സമനില ഗോള്‍ കണ്ടെത്താന്‍ ചെന്നൈയ്യനായില്ല. മറുപുറത്ത് 48 ആം മിനിറ്റില്‍ത്തന്നെ ആതിഥേയരുടെ ഗോള്‍ വല കുലുക്കി കൊല്‍ക്കത്ത ആധിപത്യം കൈയ്യടക്കി. ഡേവിഡ് വില്യംസാണ് കൊല്‍ക്കത്തയ്ക്കായി വിജയ ഗോള്‍ കുറിച്ചത്.

ചെന്നൈ - കൊൽക്കത്ത മത്സരം

രണ്ടാം പകുതിയില്‍ സുവര്‍ണാവസരങ്ങള്‍ നിരവധിയുണ്ടായിരുന്നു ചെന്നൈയുടെ പക്കല്‍. 61 മിനിറ്റില്‍ ക്രിവെല്ലാറോയുടെ പാസ്, 72 ആം മിനിറ്റില്‍ അനിരുധ് ഥാപ്പയുടെ പാസ്, 88 ആം മിനിറ്റില്‍ 24 യാര്‍ഡിന് പുറത്തുവെച്ചൊരു ഫ്രീകിക്ക് --- പക്ഷെ കൊല്‍ക്കത്തയുടെ പോസ്റ്റില്‍ ഗോള്‍ മാത്രം വീണില്ല.

നേരത്തെ വലതു വിങ്ങില്‍ നിന്നും പ്രാഭിര്‍ ദാസ് തുടക്കമിട്ട നീക്കം ജാവിയര്‍ ഹെര്‍ണാണ്ഡസിലൂടെ ഡേവിഡ് വില്യംസിലെത്തുകയായിരുന്നു. ഗോള്‍ പോസ്റ്റിന് തൊട്ടുമുന്നില്‍ വീണുകിട്ടിയ പന്തിനെ വലയിലെത്തിക്കാന്‍ ഡേവിഡിന് പിഴച്ചില്ല --- 48 ആം മിനിറ്റില്‍ കൊല്‍ക്കത്ത കുറിച്ചു കളിയിലെ ആദ്യ ഗോള്‍.

ഇന്ന് പ്രതിരോധ നിരയില്‍ അഞ്ചു താരങ്ങളെയും കൊണ്ടാണ് എടികെ ആതിഥേയരെ നേരിട്ടത്. പ്രതിരോധത്തില്‍ കാലൂന്നിയ ആക്രമണം. റോയി കൃഷ്ണയും ഡേവിഡ് വില്യംസും കൂടി ചെന്നൈ കോട്ട പലകുറി മുറിച്ചു കടന്നു. എന്നാല്‍ ഓരോ തവണയും നായകന്‍ ലൂസിയാന്‍ ഗോയന്റെ നേതൃത്വത്തില്‍ എടികെ മുന്നേറ്റങ്ങളെ ചെന്നൈ ഭദ്രമായി പൂട്ടി.

ചെന്നൈ - കൊൽക്കത്ത മത്സരം

പ്രത്യാക്രമണത്തിലൂടെ കളിക്ക് വേഗം കൂട്ടാനാണ് ചെന്നൈ ശ്രമിച്ചത്. ഫലമോ, കൊല്‍ക്കത്തയുടെ നെഞ്ചിടിപ്പ് ഒന്നിലേറെ അവസരങ്ങളില്‍ ഉയര്‍ന്നു. 9 ആം മിനിറ്റിലാണ് സന്ദര്‍ശകര്‍ക്ക് ചെന്നൈ ആദ്യ ഭീഷണി മുഴക്കിയത്. ഇടതു വിങ്ങില്‍ നിന്നും ചീറിയെത്തിയ ലാലിയന്‍ സുവാല ലാങ്‌ത്തെ കൊല്‍ക്കത്തന്‍ ഗോള്‍ മുഖത്ത് ഭീതി പടര്‍ത്തി. നൊടിയിടയില്‍ അതിമനോഹരമായ പാസ്. പക്ഷെ ലാങ്‌ത്തെയുടെ ശ്രമത്തെ ഗോളാക്കി മാറ്റാന്‍ ലിത്വാനിയന്‍ താരം വാല്‍സ്‌ക്കിസിനായില്ല.

11 ആം മിനിറ്റിലും കണ്ടു ഇതേ ചിത്രം. എന്നാല്‍ കൂട്ടാളിയെ കണ്ടെത്താനാവാതെ ലാങ്‌ത്തെ ഒരിക്കല്‍ക്കൂടി നിരാശപ്പെട്ടു. മറുഭാഗത്ത് റോയി കൃഷ്ണയും ഡേവിഡ് വില്യംസും മൈക്കല്‍ സൂസൈരാജും ഇടവേളകളില്‍ ചെന്നൈയിന്‍ ക്യാംപിനെ അലട്ടി. 14 ആം മിനിറ്റില്‍ സിക്‌സ് യാര്‍ഡ് ബോക്‌സിനകത്ത് റോയി കൃഷ്ണയെ വീഴ്ത്തിയതിന് കൊല്‍ക്കത്ത ഒന്നടങ്കം അപ്പീല്‍ ചെയ്‌തെങ്കിലും റഫറി അനുവദിച്ചില്ല.

21 ആം മിനിറ്റില്‍ വീണ്ടും ലാങ്‌ത്തെ ചെന്നു കൊല്‍ക്കത്തയുടെ ഗോള്‍ മുഖത്തേക്ക്. ഇത്തവണ മറ്റാര്‍ക്കും കാത്തുനില്‍ക്കാതെ ലാങ്‌ത്തെ സ്വന്തമായി ഷോട്ടുതിര്‍ത്തു. എന്നാല്‍ അരിന്ദം ഭട്ടാചാര്യയെ മറികടക്കാന്‍ മാത്രം ആ നീക്കം പര്യാപ്തമായിരുന്നില്ല. 39 ആം മിനിറ്റില്‍ ഡേവിഡ് വില്യംസിന് ഗോളെന്നുറപ്പിക്കാന്‍ അവസരം ലഭിച്ചെങ്കിലും റഫറിയുടെ പിഴവ് കൊല്‍ക്കത്തയ്ക്ക് തിരിച്ചടിയായി. കളിയുടെ ചടുലമായ താളം കെടുത്തി റഫറി ഓഫ്‌സൈഡ് വിളിക്കുകയാണുണ്ടായത്.

ഇന്നത്തെ ജയത്തോടെ പോയിന്റ് പട്ടികയില്‍ ഒന്നാമതെത്തിയിരിക്കുകയാണ് കൊല്‍ക്കത്ത. മൂന്നു കളിയില്‍ നിന്നും രണ്ടു ജയവും ഒരു തോല്‍വിയുമാണ് ടീമിന്റെ സമ്പാദ്യം. മൂന്നു കളിയില്‍ നിന്നും രണ്ടും തോല്‍വിയും ഒരു സമനിലയുമായി എട്ടാം സ്ഥാനത്താണ് ചെന്നൈയിന്‍ എഫ്‌സി.

Story first published: Wednesday, October 30, 2019, 21:40 [IST]
Other articles published on Oct 30, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+