Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ISL: ജയം വിട്ടുകളഞ്ഞ് ചെന്നൈ, അവസാന മിനിറ്റില്‍ ഗോളടിച്ച് ജംഷഡ്പൂര്‍

ജംഷഡ്പൂര്‍: എവെ മത്സരങ്ങളില്‍ ജയിക്കുന്നില്ലെന്ന പേരുദോഷം ചെന്നൈയിന്‍ എഫ്‌സി തുടരുന്നു. ഹോം മത്സരങ്ങളില്‍ ഇതുവരെ തോറ്റിട്ടില്ലെന്ന പത്രാസ് ജംഷ്ഡപൂര്‍ എഫ്‌സിയും മുറുക്കെപ്പിടിച്ചു. ഐഎസ്എല്ലില്‍ ജംഷഡ്പൂര്‍ എഫ്‌സി - ചെന്നൈയിന്‍ എഫ്‌സി മത്സരം സമനിലയില്‍. മത്സരത്തില്‍ ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി. ചെന്നൈയ്ക്കായി വാല്‍സ്‌ക്കിസാണ് ഗോളടിച്ചത്. ജംഷഡ്പൂരിനായി ഐസക് വാന്‍മല്‍സാമ സമനില ഗോള്‍ കണ്ടെത്തി.

ജംഷഡ്പൂർ - ചെന്നൈ മത്സരം

26 ആം മിനിറ്റില്‍ ഗോള്‍ വീണതൊഴിച്ചാല്‍ ആദ്യ പകുതി തീര്‍ത്തും വിരസമായിരുന്നു. ചെന്നൈയുടെയും ജംഷ്ഡ്പൂരിന്റെയും പ്രതിരോധം ഇരുഭാഗത്തേക്കും ഇരച്ചെത്തിയ മുന്നേറ്റങ്ങളുടെ മുനയൊടിച്ചു. സീസണില്‍ ഇതുവരെ അഞ്ചു ഗോളുകളടിച്ച സ്റ്റാര്‍ സ്‌ട്രൈക്കര്‍ സെര്‍ജിയോ കാസ്റ്റല്‍ ഇല്ലാതെയാണ് ജംഷഡ്പൂര്‍ ചെന്നൈയിനെതിരെ ഇറങ്ങിയത്. കാസ്റ്റലിന്റെ അസാന്നിധ്യം ആതിഥേയരുടെ മുന്നേറ്റങ്ങളില്‍ പ്രതിഫലിക്കുകയും ചെയ്തു.

മൂന്നാം മിനിറ്റില്‍ ചെന്നൈയാണ് കളിയിലെ ആദ്യ കോര്‍ണര്‍ സ്വന്തമാക്കിയത്. പക്ഷെ ക്രിവെല്ലാറോയുടെ കിക്ക് തടുക്കാന്‍ ജംഷ്ഡപൂരിന് ഏറെ ബുദ്ധിമുട്ടേണ്ടി വന്നില്ല. ഒന്‍പതാം മിനിറ്റില്‍ മണ്‍റോയിലൂടെ മുന്നേറ്റം ആവിഷ്‌കരിക്കാന്‍ ജംഷ്ഡപൂര്‍ ശ്രമിച്ചെങ്കിലും ഗോള്‍ കീപ്പര്‍ വിശാല്‍ കെയ്ത്തിന്റെ സമയോജിത ഇടപെടല്‍ കണക്കുകൂട്ടലുകള്‍ തെറ്റിച്ചു. ക്രിവെല്ലാറോ, ചാങ്‌തെ സഖ്യം തുടരെ ഗോള്‍ മുഖത്തേക്ക് തുടരെ കടന്നെത്തിയതാണ് ജംഷ്ഡ്പൂരിനെ പ്രധാനമായും വലച്ചത്. 26 ആം മിനിറ്റിലാണ് മത്സരത്തിലെ ആദ്യ ഗോള്‍. നെരിജുസ് വാല്‍സ്്ക്കിസ് തൊടുത്ത ഷോട്ട് പോസ്റ്റില്‍ തട്ടി നേരെ വലയില്‍ --- ചെന്നൈയിന്‍ എഫ്‌സി മുന്നില്‍. സീസണില്‍ വാല്‍സ്‌ക്കിസിന്റെ നാലാം ഗോളാണിത്. 38 ആം മിനിറ്റില്‍ സമനില പിടിക്കാന്‍ ജംഷ്ഡ്പൂരിന് അവസരമുണ്ടായിരുന്നു. ചെന്നൈ പ്രതിരോധത്തിന് മുകളിലൂടെ മണ്‍റോയി നല്‍കിയ മനോഹരമായ പാസ്, ഫറൂഖിലേക്ക്. തുടര്‍ന്ന് ചെന്നൈ ഗോള്‍ മുഖത്ത് ഗോളടിക്കാന്‍ കാത്തുനിന്ന സുമിത്ത് സാഹ്നിയിലേക്ക് ഫറൂഖിന്റെ താഴ്ന്ന ക്രോസ്. എന്നാല്‍ ചെന്നൈ പ്രതിരോധത്തില്‍ തട്ടി പന്ത് വഴിമാറി.

ജംഷഡ്പൂർ - ചെന്നൈ മത്സരം

രണ്ടാം പകുതിയിലും ചിത്രം ഏറെക്കുറ സമാനമായിരുന്നു. ഇരു ഭാഗത്തേയും പ്രതിരോധ നിര മുന്നേറ്റങ്ങളുടെ മൂര്‍ച്ച കുറച്ചു. 71 ആം മിനിറ്റില്‍ ഗോളടിക്കാനുള്ള സുവര്‍ണാവസരം ജംഷഡ്പൂരിനെ തേടിയെത്തി. കോര്‍ണര്‍ കിക്കില്‍ നിന്നും ആവിഷ്‌കരിച്ച സെറ്റ് പീസ്. ചെന്നൈയുടെ ബോക്‌സിനകരികത്തു നിന്നും അനികേത് തൊടുത്ത ഷോട്ട് മീറ്ററുകള്‍ വ്യത്യാസത്തില്‍ പോസ്റ്റില്‍ നിന്നും അകന്നു. 81 ആം മിനിറ്റില്‍ ചെന്നൈയ്ക്കും കിട്ടി ലീഡ് ഉയര്‍ത്താനുള്ള സുവര്‍ണാവസരം. ഇടതു വിങ്ങില്‍ നിന്നും റാഫേലിനെ കബളിപ്പിച്ച ചാങ്‌തെ നടത്തിയ മുന്നേറ്റം. എന്നാല്‍ ഫിനിഷിങ്ങില്‍ പാളി.

കളി തീരാന്‍ മിനിറ്റുകള്‍ ബാക്കി നില്‍ക്കെയാണ് ജംഷഡ്പൂര്‍ ചെന്നൈയെ ഞെട്ടിച്ച് സമനില ഗോള്‍ പിടിച്ചത്. 89 ആം മിനിറ്റില്‍ അനികേത് സൃഷ്ടിച്ച ഗംഭീരമായ നീക്കം ഐസക്കിന്റെ ഗോളിന്് വഴിതെളിച്ചു. ബോക്‌സിനകത്ത് നിന്നും ഐസക് തൊടുത്ത ഇടംകാലന്‍ ഷോട്ട്. ഫറൂഖിന്റെ കൈയില്‍ തട്ടി പന്ത് ദിശമാറി നേരെ പോസ്റ്റിനകത്തേക്ക്. ഇതേസമയം, ഫറൂഖിന്റെ ഹാന്‍ഡ് ബോള്‍ കണ്ടുപിടിക്കാന്‍ റഫറിക്ക് കഴിഞ്ഞില്ല. സമനിലയോടെ പോയിന്റ് പട്ടികയില്‍ ഏഴാം സ്ഥാനം നിലനിര്‍ത്തിയിരിക്കുകയാണ് ജംഷ്ഡ്പൂര്‍ എഫ്‌സി. ഏഴാം റൗണ്ട് പൂര്‍ത്തിയാകുമ്പോള്‍ 12 പോയിന്റുണ്ട് ടീമിന്. സമനിലക്കുരുക്കില്‍ പെട്ടതോടെ ചെന്നൈയുടെ നില കൂടുതല്‍ പരുങ്ങലിലായിരിക്കുന്നു. ഏഴു കളിയില്‍ നിന്നും ആറ് പോയിന്റുമായി ഒന്‍പതാം സ്ഥാനത്താണ് ടീം.

Story first published: Monday, December 9, 2019, 21:40 [IST]
Other articles published on Dec 9, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+