എവിടെയും മഞ്ഞക്കൂട്ടം, കുട്ടികളും സ്ത്രീകളും ഇരച്ച് കയറുന്നു, സ്റ്റേഡിയത്തിനുള്ളില്‍ പുലിമുരുകന്‍ !
ഐ എസ് എല്‍ മീഡിയ ബോക്‌സ് (കൊച്ചി): ജര്‍മനിയിലെ ബൊറൂസിയ ഡോട്മുണ്ട് ക്ലബ്ബിന്റെ സ്റ്റേഡിയത്തിനുള്ളില്‍ പ്രവേശിച്ച പ്രതീതിയാണ് കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തിൽ. സ്‌നേഹിച്ചാല്‍ ചങ്ക് പറിച്ച് നല്‍കുന്നവരാണ് ബൊറൂസിയ ഡോട്മുണ്ട് ആരാധകര്‍. തങ്ങളുടെ വികാരത്തെ മാനിച്ചില്ലെങ്കില്‍ ക്ലബ്ബ് തന്നെ ബൊറൂസിയക്കാര്‍ തകര്‍ത്ത് കളയും. കേരള ബ്ലാസ്റ്റേഴ്‌സിനെ പോലെ ബൊറുസിയ ഡോട്മുണ്ടിന്റെയും ജഴ്‌സിയില്‍ മഞ്ഞ യുണ്ട്. രണ്ടും ദൂരക്കാഴ്ചയില്‍ മഞ്ഞപ്പട തന്നെ. ഹോം മാച്ചിലാെണെങ്കില്‍ എല്ലാവരും ഗ്യാലറിയില്‍ ടീം ജഴ്‌സി ധരിച്ചിരിക്കുന്നത് ബ്ലാസ്റ്റേഴ്‌സിന്റെയും ബൊറൂസിയയുടെയും കാര്യത്തില്‍ സമാനതയുണ്ട്.
സീസണ്‍ മുഴുവന്‍ കളിയുണ്ടെങ്കില്‍ കാണികളുടെ എണ്ണത്തില്‍ സ്ഥിരത ഉറപ്പ് പറയാന്‍ സാധിക്കുന്ന ലോക ക്ലബ്ബാണ് ബൊറൂസിയ. ബ്ലാസ്റ്റേഴ്‌സിന്റെ സ്ഥിതിയും മറിച്ചല്ല. മഞ്ഞയില്‍ കളിച്ചാടാന്‍ ചങ്ക് ബ്രോസ് ഇരച്ചു കയറയും സ്റ്റേഡിയത്തിലേക്ക്.

തീവണ്ടിയിലും മഞ്ഞപ്പട...
കോഴിക്കോട് നിന്ന് 6.45ന് എക്‌സിക്യൂട്ടീവിന് കയറുമ്പോള്‍ സൂചി കുത്താനിടമില്ല. വുവുസേലകളുമായി തീവണ്ടിയിൽ മഞ്ഞപ്പടയുടെ ആരവം. ഇതെന്ത് മറിമായം. കലൂരിലെ സ്റ്റേഡിയത്തിലേക്ക് കച്ചകെട്ടിയിറങ്ങിയവരാണിവര്‍. അടുത്ത കാലത്തൊന്നും കണ്ടിട്ടില്ലാത്ത വിധം ഒരു ഫുട്‌ബോള്‍ ആവേശം.
ആര് ജയിക്കും ബ്രോസ് എന്ന് ചോദിച്ചു : നുമ്മ ജയിക്കും ബ്രോ എന്ന് കൂട്ടായ മറുപടി. ചിലര്‍ മാത്രമാണ് മഞ്ഞ ജഴ്‌സിയിട്ടിരിക്കുന്നത്. എന്തേ എല്ലാവര്‍ക്കും ജഴ്‌സിയായിക്കൂടെ എന്ന് ചോദ്യം : എല്ലാം സെറ്റാണ് ചേട്ടാ, അവിടെയെത്തിയാല്‍ ഞങ്ങളെല്ലാം മഞ്ഞക്കടലാകും !!

കൊച്ചിയിലെവിടെയും മഞ്ഞക്കൂട്ടം...
കച്ചേരിപ്പടിയിൽ നിന്ന് തന്നെ തുടങ്ങുന്ന തിരിക്ക്. എവിടെയും മഞ്ഞക്കൂട്ടം. ആരും അവരെ തുറിച്ച് നോക്കുന്നില്ല. കാരണം, ഈ മഞ്ഞക്കൂട്ടം ഇപ്പോള്‍ കേരള സംസ്‌കാരത്തിന്റെ നിറക്കൂട്ടായി മാറിക്കഴിഞ്ഞിരിക്കുന്നു..

സ്റ്റേഡിയത്തിന് ചുറ്റും ഫാമിലിക്കൂട്ടം....
ഇതാണ്, ഏറ്റവും വലിയ കാഴ്ച. ഇന്ത്യന്‍ ഫുട്‌ബോളിന്റെ ഭാവി കളര്‍ഫുളാണ് മച്ചാനേ എന്ന് വിളിച്ച് പറയുന്ന കാഴ്ച. ചെറിയ കുട്ടികളെയും എടുത്ത് തിരക്കിനിടയില്‍ സ്ത്രീകള്‍ ഫുട്‌ബോളിന്റെ ആവേശത്തില്‍ ഭാഗഭാക്കാകുന്നു. ഈ കാഴ്ച ചില്ലറക്കാഴ്ചയല്ല, സൂക്ഷിച്ചോളൂ....വലിയൊരു സൂചനയാണിത്..

പുലിമുരുകന് കൈയ്യടി....
ആവേശം കൊള്ളിക്കാന്‍ സ്റ്റേഡിയത്തിനുള്ളില്‍ പുലിമുരുകന്‍ സോംഗ് പ്ലേ ചെയ്തു...മുരുകാ...മുരുകാ..പുലിമുരുകാ...അത് കേള്‍ക്കാന്‍ സാധിച്ചില്ല. ആയിരങ്ങളുടെ ആരവത്തില്‍ മുരുകന്‍ മുങ്ങിപ്പോയി...

താളത്തില്‍ കൈയ്യടി....
ജാസിന്റെ താളക്രമത്തിലുള്ള മുട്ടിന് അനുസരിച്ച് സ്റ്റേഡിയം ഒന്നടങ്കം കൈയ്യടിക്കുന്നു...മെക്‌സിക്കന്‍ തിരമാലകള്‍ അലയടിക്കുന്നു...ഇന്ത്യന്‍ ഫുട്‌ബോളില്‍ അധികം കണ്ടു പരിചയമില്ലാത്ത ആവേശക്കാഴ്ചയാണ് കൊച്ചി സ്റ്റേഡിയത്തില്‍ കാണുന്നത്...

കോപ്പല്‍..കോപ്പല്‍...
ഇടക്കൊന്ന് കോപ്പല്‍ ഗ്രൗണ്ടിന്റെ അരികിലെത്തിയപ്പോള്‍ ഗ്യാലറി തിളച്ച് മറിഞ്ഞു. കോപ്പല്‍..കോപ്പല്‍...ആരവം. ഇതില്‍ നിന്ന് തന്നെ മനസ്സിലാക്കാം കോപ്പല്‍ എന്ന പരിശീലകന്‍ കേരളക്കരയുടെ ഹൃദയത്തില്‍ എത്ര മാത്രം ആഴത്തില്‍ വേരൂന്നിക്കഴിഞ്ഞുവെന്ന്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications