Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ISL: ബെംഗളൂരുവിനെ പിടിച്ചുകെട്ടി ഹൈദരാബാദ്, സുനില്‍ ഛേത്രിക്ക് അതിവേഗ ഗോള്‍

ഹൈദരാബാദ്: ഐഎസ്എല്ലില്‍ ബെംഗളൂരുവിന്് അപ്രതീക്ഷിത സമനില. എക്‌സ്ട്രാ ടൈമില്‍ റോബിന്‍ സിങ് അടിച്ച ഗോളില്‍ ഹൈദരാബാദ് എഫ്‌സി നാടകീയമായി സമനില പിടിച്ചെടുത്തു. കളിയുടെ തുടക്കത്തില്‍ ബെംഗളൂരുവിനായി സുനില്‍ ഛേത്രിയാണ് ഗോള്‍ നേടിയത്. 110 സെക്കന്‍ഡുകള്‍ മാത്രമേ വേണ്ടി വന്നുള്ളൂ ഛേത്രിക്ക് ആദ്യ ഗോള്‍ നേടാന്‍. സീസണിലെ അതിവേഗ ഗോളാണ് ഛേത്രി ഇന്ന് സ്വന്തം പേരിലാക്കിയത്. കളി തുടങ്ങാന്‍ കാത്തു നില്‍ക്കുകയായിരുന്നു ബെംഗളൂരു എഫ്‌സി ഗോളടിക്കാന്‍.

പന്തുതട്ടി താളം കണ്ടെത്തും മുന്‍പേ ആതിഥേയരായ ഹൈദരാബാദിനെ ഞെട്ടിച്ച് സുനില്‍ ഛേത്രി നിറയൊഴിച്ചു. രണ്ടാം മിനിറ്റില്‍ ഗോള്‍ കീപ്പര്‍ കമല്‍ജിത്ത് സിങ്ങിന് സംഭവിച്ച അലംഭാവമാണ് അപ്രതീക്ഷിത ഗോളിന് വഴിയൊരുക്കിയത്. കമല്‍ജിത്തിന്റെ വൈകിയുള്ള ക്ലിയറിങ് രക്ഷപ്പെടുത്താന്‍ ഗുര്‍ത്തെജ് സിങ്ങിനുമായില്ല. ആളൊഴിഞ്ഞ ബോക്‌സിനകത്തേക്ക് ചീറിയെത്തിയ ഛേത്രി പന്തിനെ കൃത്യമായി വലയിലാക്കി.

ഹൈദരാബാദ് - ബെംഗളൂരു മത്സരം

ആക്രമിച്ചു കളിക്കുകയെന്ന ഒറ്റ ലക്ഷ്യവുമായാണ് കാള്‍സ് ക്വാദ്രാത്തിന്റെ ബെംഗളൂരു ടീം ഹൈദരാബാദിനെതിരെ ഇന്നിറങ്ങിയത്. അതുകൊണ്ട് ആദ്യ ഗോള്‍ കൊണ്ട് തൃപ്തിപ്പെടാന്‍ ചേത്രിയും സംഘവും തയ്യാറായില്ല. ഹൈദരാബാദ് വീണ്ടും കണ്ടു സന്ദര്‍ശകരുടെ തുടരെയുള്ള ആക്രമണം. ആഷിഖ് കുരുണിയന്‍, എറിക് പാര്‍ത്ഥാലു, ദിമാസ ഡെല്‍ഗാഡോ ത്രയം കോര്‍ത്തിണക്കിയ മുന്നേറ്റങ്ങള്‍ പലകുറി ഹൈദരാബാദ് കോട്ട ഭേദിച്ചു.

8 ആം മിനിറ്റില്‍ വലതു വിങ്ങില്‍ നിന്നും ഉദാന്ത സിങ് നടത്തിയ നീക്കം ഹൈദരാബാദ് പാളയത്തില്‍ ഒരിക്കല്‍ കൂടി അപായമണി മുഴക്കി. എന്നാല്‍ ഗുര്‍ത്തെജും കമല്‍ജിത്തും ചേര്‍ന്ന് പന്ത് പിടിച്ചെടുത്തു. 14 ആം മിനിറ്റിലാണ് കളിയിലെ അടുത്ത ആക്ഷന്‍ രംഗം. ബോക്‌സിനകത്തേക്ക് ഖാബ്ര നല്‍കിയ താഴ്ന്ന ക്രോസിന് ഗുര്‍ത്തെജ് തടയിട്ടു. ഹാന്‍ഡ്‌ബോളിനായി സന്ദര്‍ശകര്‍ ഒന്നടങ്കം അപ്പീല്‍ ചെയ്‌തെങ്കിലും റഫറി വഴങ്ങിയില്ല. 17 ആം മിനിറ്റില്‍ ഡെല്‍ഗാഡോ എടുത്ത കോര്‍ണര്‍ കിക്കിന് ഛേത്രി തലവെച്ചെങ്കിലും നിരാശയായിരുന്നു ഫലം.

ഹൈദരാബാദ് - ബെംഗളൂരു മത്സരം

21 ആം മിനിറ്റില്‍ കളിയിലെ ആദ്യ മഞ്ഞ കാര്‍ഡ് ഹൈദരാബാദ് താരം മുഹമ്മദ് യാസിര്‍ വാങ്ങി. 25 ആം മിനിറ്റില്‍ ഉദാന്ത - ഛേത്രി സംഖ്യം ആവിഷ്‌കരിച്ച നീക്കം സുവര്‍ണാവസരം സൃഷ്ടിച്ചെങ്കിലും അഗസ്റ്റോയുടെ ഷോട്ട് ഗോളില്‍ കലാശിച്ചില്ല. ഇപ്പുറത്ത് 26 ആം മിനിറ്റു വരെ കാത്തുനിന്നു മാര്‍സലീനോയുടെ നേതൃത്വത്തില്‍ ഹൈദരാബാദിന് ശക്തമായൊരു മുന്നേറ്റം കാഴ്ച്ചവെക്കാന്‍. ഖാബ്രയുടെ പക്കല്‍ നിന്നും തട്ടിയെടുത്ത പന്തിനെ സ്റ്റാന്‍കോവിക മാര്‍സലീനോയിലേക്ക് എത്തിച്ച നിമിഷം ബെംഗളൂരു അപകടം മണത്തു. എന്നാല്‍ ബെംഗളൂരുവിന്റെ പ്രതിരോധപ്പൂട്ടു തുറക്കാന്‍ മാര്‍സലീനോയ്ക്കായില്ല.

43 ആം മിനിറ്റില്‍ ഒരിക്കല്‍ക്കൂടി ഹൈദരാബാദ് അവസരം സൃഷ്ടിച്ചു. ഗ്രൗണ്ടിന്റെ പകുതിയില്‍ നിന്നും പിടിച്ചെടുത്ത പന്തിനെ ഇടതു വിങ്ങില്‍ നിന്ന യാസിറിലേക്ക് മറിക്കുകയായിരുന്നു മാര്‍സലീനോ. പക്ഷെ യാസിറിന്റെ ക്രോസ് ബോബോയില്‍ എത്തും മുന്‍പ് ജുവാനന്‍ അതിക്രമിച്ചു കയറി പന്തിന്റെ നിയന്ത്രണം പിടിച്ചെടുത്തു. അച്ചടക്കമാര്‍ന്ന പ്രതിരോധമാണ് കളിയിലുടനീളം ബെംഗളൂരു എഫ്‌സി ഇന്ന് പുറത്തെടുത്തത്.

രണ്ടാം പകുതിയില്‍ ഗോളിനായി ഹൈദരാബാദ് എഫ്‌സി കിണഞ്ഞു ശ്രമിച്ചെങ്കിലും ബെംഗളൂരുവിന്റെ കോട്ട തകര്‍ക്കാനായില്ല. 52 ആം സ്റ്റാന്‍കോവിക് - മാര്‍സലീനോ - ബോബോ ത്രയും ഗുര്‍പ്രീത് സിങ്ങിനെ പരീക്ഷിച്ചു. 67 ആം മിനിറ്റില്‍ നിഷ്‌കു കുമാറും ഉദാന്തയും നടത്തിയ തകര്‍പ്പന്‍ മുന്നേറ്റം ഹൈദരാബാദ് ക്യാംപില്‍ ഭീതി പടര്‍ത്തി. 72 ആം മിനിറ്റില്‍ മത്സരം വീണ്ടും കണ്ടു ബെഗംളൂരുവിന്റെ നീക്കം. ഛേത്രിയുടെ പാസ് ആഷിഖ് കുരുണിയനില്‍ കൃത്യമായി വന്നെങ്കിലും ഷോട്ടിന് ഊര്‍ജ്ജം പോരാതെ വന്നു. കമല്‍ജിത്ത് പന്ത് അനായാസം പിടിച്ചെടുത്തു.

അവസാന നിമിഷങ്ങളില്‍ സമനില ഗോളിനായി മാര്‍സലീനോയും സംഘവും ഉണര്‍ന്നു കളിച്ചെങ്കിലും 92 മിനിറ്റുവരെ കാത്തിരിക്കേണ്ടി ഹൈദരാബാദിന്് കളിയില്‍ തിരിച്ചുവരാന്‍. പത്തു പേരായി ചുരുങ്ങിയിട്ടും ഹൈദരാബാദ് തിരിച്ചടിച്ചു, റോബിന്‍ സിങ്ങിലൂടെ. സ്റ്റാന്‍കോവിക്കിന്റെ പാസ്. കാലിലെത്തിയ പന്തിനെ പകരക്കാരനായി ഇറങ്ങിയ ആശിഷ് റോയ് തൊടുത്തു. ഗുര്‍പ്രീത് സിങ്ങനെന്ന വന്‍മതിലില്‍ തട്ടി പന്തെത്തിയത് റോബിന്‍ സിങ്ങിന്റെ ചുവട്ടില്‍. കിട്ടിയ സുവര്‍ണാവസരം ഗോളാക്കി മാറ്റുന്നതില്‍ റോബിന്‍ സിങ് പിഴവു വരുത്തിയില്ല. അപ്രതീക്ഷിത സമനിലയില്‍ ബെംഗളൂരു എഫ്‌സി ഞെട്ടി.

Story first published: Friday, November 29, 2019, 21:53 [IST]
Other articles published on Nov 29, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+