ബാംബൊലിം: ഐഎസ്എല്ലില്‍ ആദ്യ രണ്ടു സ്ഥാനക്കാര്‍ തമ്മിലുള്ള വമ്പന്‍ പോരാട്ടത്തില്‍ ഹൈദരാബാദ് എഫ്സിയെ മലര്‍ത്തിയടിച്ച് ജംഷഡ്പൂര്‍ എഫ്സി സെമി ഫൈനലിലേക്കു മുന്നേറി. ബാംബൊലിമിലെ അത്ലറ്റിക് സ്റ്റേഡിയത്തില്‍ നടന്ന കളിയില്‍ ഏകപക്ഷീയമായ മൂന്നു ഗോളുകള്‍ക്കാണ് ജംഷഡ്പൂരിന്റെ വിജയം. പീറ്റര്‍ ഹാര്‍ട്ട്ലി (28ാം മിനിറ്റ്), ഡാനിയേല്‍ ചിമ (65) എന്നിവരാണ് ജംഷഡ്പൂരിന്റെ സ്കോറര്‍മാര്‍. ആദ്യത്തേത് സെല്‍ഫ് ഗോളായിരുന്നു. അഞ്ചാം മിനിറ്റില്‍ ഹൈദരാബാദ് താരം ചിഗ്ലന്സന് സിങാണ് സെല്‍ഫ് ഗോള്‍ വഴങ്ങിയത്.
ഹൈദരാബാദ് നേരത്തേ തന്നെ സെമിയിലേക്കു ടിക്കറ്റെടുത്തിരുന്നു. ഇതോടെ സെമിയിലെത്തിയ ടീമുകളുടെ എണ്ണം രണ്ടായിരിക്കുകയാണ്. ജംഷഡ്പൂര്‍, ഹൈദരാബാദ് എന്നിവരുടെ കന്നി ഐഎസ്എല്‍ സെമി കൂടിയാണ് ഇത്തവണത്തേത്. ഹെദരാബാദിനെതിരേ നേടിയ വിജയത്തോടെ ജംഷഡ്പൂര്‍ ലീഗില്‍ തലപ്പത്തേക്കും കയറിയിരിക്കുകയാണ്. 37 പോയിന്റാണ് സീസണില്‍ ഒരു മല്‍സരം ബാക്കി നില്‍ക്കെ അവര്‍ക്കുള്ളത്. 35 പോയിന്റുമായി ഹൈദരാബാദ് രണ്ടാംസ്ഥാനത്തും നില്ക്കുന്നു.
കളിയിലുടനീളം മികച്ചുനിന്ന ജംഷഡ്പൂര്‍ അര്‍ഹിച്ച വിജയം കൂടിയായിരുന്നു ഇത്. ബോള്‍ പൊസെഷനില്‍ ഹൈദരാബാദായിരുന്നു മുന്നിലെങ്കിലും ഗോള്‍ ഷോട്ടുകളില്‍ ജംഷഡ്പൂര്‍ ഏറെ മുന്നിലായിരുന്നു. 17 ഷോട്ടുകളാണ് അവര്‍ തൊടുത്തത്. ഇതില്‍ ഏഴെണ്ണവും ഓണ്‍ ടാര്‍ജറ്റായിരുന്നു. ഹൈദരാബാദിന്റെ ഭാഗത്തു നിന്നും ഒമ്പതു ഷോട്ടുകള്‍ മാത്രമേയുണ്ടായുള്ളൂ. പക്ഷെ രണ്ടെണ്ണമായിരുന്നു ഗോളാവേണ്ടിയിരുന്നത്.
അഞ്ചാം മിനിറ്റില്‍ ഒരു സെറ്റ് പീസിനൊടുവിലാണ് ഹൈദദരാബാദ് സെല്‍ഫ് ഗോള്‍ വഴങ്ങിയത്. വലതു മൂലയില്‍ നിന്നുള്ള അലെക്സ് ചിമയുടെ കോര്‍ണര്‍ കിക്കില്‍ നിന്നും ഹാര്ട്ട്ലിയുടെ ഹെഡ്ഡര്‍ ഗോളി കുത്തിയകറ്റി. എന്നാല്‍ ബോള്‍ ബോക്സിനു തൊട്ടരികില്‍ നിന്ന മൊബഷിര്‍ റഹ്മാന്റെ കാലിലേക്കാണ് വന്നത്. അദ്ദേഹം ഗ്രൗണ്ട് ഷോട്ട് പരീക്ഷിക്കുകയായിരുന്നു. ഇതു ഹൈദരാബാദ് താരം സെനയുടെ ദേഹത്തു തട്ടിയ ശേഷം ദിശ മാറി സ്വന്തം വലയില്‍ കയറുകയായിരുന്നു. 25ാം മിനിറ്റില്‍ സമനിലയ്ക്കുള്ള നല്ലൊരു അവസരം ഹൈദരാബാദ് നഷ്ടപ്പെടുത്തി. ബോക്സിനകത്തു നിന്നും അനികേത് ജാദവിന്റെ ഗ്രൗണ്ട് വലയുടെ പുറത്തു പതിക്കുകയായിരുന്നു.
മൂന്നു മിനിറ്റിനകം ജംഷഡ്പൂര്‍ ലീഗുയര്ത്തി. ആദ്യ ഗോളിന് ഏറെക്കുറെ സമാനമായിരുന്നു ഇത്. വലതു മൂലയില്‍ നിന്നും അലെക്സ് ലിമയുടെ കോര്‍ണര്‍ കിക്ക് സെക്കന്റ് പോസ്റ്റിനരികില്‍ നിന്നും ഹാര്‍ട്ട്ലി ഹെഡറിലൂടെ വലയിലേക്കു വഴികാണിക്കുകയായിരുന്നു. കരുത്തുറ്റ ഹെഡ്ഡറായിരുന്നില്ല അത്. ഹാര്ട്ട്ലിയുടെ ഹെഡ്ഡര്‍ ഗ്രൗണ്ടില്‍ കുത്തിയുയര്‍ന്ന ശേഷമാണ് വലയിലേക്കു കയറിയത്. 2-0ന്റെ ലീഡുമായി ആദ്യ പകുതി അവസാനിപ്പിക്കാന്‍ ജംഷഡ്പൂരിനു സാധിച്ചു.
65ാം മിനിറ്റില്‍ വിജയമുറപ്പാക്കിക്കൊണ്ട് ജംഷഡ്പൂര്‍ മൂന്നാം ഗോളും കണ്ടെത്തി. ജംഷഡ്പൂരിന്റെ മലയാളി ഗോള്‍കീപ്പര്‍ ടിപി രഹനേഷായിരുന്നു ഗോളിനു തുടക്കമിട്ടത്. താരത്തിന്റൈ ലോങ് ഗോള്‍ കിക്ക് ഹൈദരാബാദ് ബോക്സിലേക്കാണ് വന്നത്. ഇതു ക്ലിയര്‍ ചെയ്യാന്‍ ഖാസ കമാറയ്ക്കായില്ല. അലെക്സ് ലിമ ഇതു മറിച്ചു നല്കിയപ്പോള് ബോക്സിനകത്തു മാര്‍ക്ക് ചെയ്യപ്പെടാതെ നിന്ന ചിമ ക്ലോസ് റേഞ്ച് ഷോട്ടിലൂടെ വലകുലുക്കുകയും ചെയ്തു.