ബാംബൊലിം: ഐഎസ്എല്ലിലെ ആവേശകരമായ 97ാം റൗണ്ട് മല്‍സരത്തില്‍ മുന്‍ ജേതാക്കളായ ബെംഗളൂരു എഫ്സിക്കു ത്രസിപ്പിക്കുന്ന വിജയം. അത്ലറ്റിക് സ്റ്റേഡിയത്തില്‍ നടന്ന മല്‍സരത്തില്‍ ഒഡീഷ എഫ്സിയെ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കാണ് ബെംഗളൂരു മറികടന്നത്. ഒരു ഗോളിനു പിന്നിട്ടുനിന്ന ശേഷമായിരുന്നു ബെംഗളൂരുവിന്റെ ഉജ്ജ്വല തിരിച്ചുവരവ്. ഡാനിഷ് ഫറൂഖ് (31ാം മിനിറ്റ്), ക്ലെയ്റ്റണ്‍ സില്‍വ (49) എന്നിവരാണ് ബെംഗളൂരുവിന്റെ സ്കോറര്‍മാര്‍. എട്ടാം മിനിറ്റില്‍ നന്ദകുമാര്‍ ശേഖറിന്റെ വകയായിരുന്നു ഒഡീഷയുടെ ഗോള്‍. ഇരുടീമുകള്‍ക്കും ഒരുപാട് ഗോളവസരങ്ങളാണ് മല്‍സരത്തില്‍ ലഭിച്ചത്. പക്ഷെ ഫിനിഷിങിലെ പിഴവുകളും നിര്‍ഭാഗ്യവും ഗോള്‍ നിഷേധിക്കുകയായിരുന്നു.
മാച്ച് സ്റ്റാറ്റസിലേക്കു വന്നാല്‍ ബോള്‍ പൊസെഷനില്‍ ബെംഗളൂരു മുന്നിട്ടുനിന്നപ്പോള്‍ ഗോള്‍ ശ്രമങ്ങളില്‍ ഒഡീഷയ്ക്കായിരുന്നു മേല്‍ക്കൈ. ബെംഗളൂരു 51 ശതമാനവും ഒഡീഷ 49 ശതമാനവും പന്ത് കൈവശം വച്ചു. ഒഡീഷ 14 ഷോട്ടുകല്‍ ഗോളിലേക്കു തൊടുത്തപ്പോള്‍ ആറണ്ണം ഓണ്‍ ടാര്‍ഗറ്റായിരുന്നു. ബെംഗളൂരു 11 ഷോട്ടുകള്‍ പായിച്ചപ്പോള്‍ അഞ്ചെണ്ണമായിരുന്നു ഗോളാവേണ്ടിയിരുന്നത്.
ബെംഗളൂരുവിന്റെ മുന്നേറ്റങ്ങളോടെയായിരുന്നു കളിയാരംഭിച്ചത്. ആദ്യത്തെ അഞ്ചു മിനിറ്റില്‍ അവര്‍ മാത്രമേ ചിത്രത്തിലുണ്ടായിരുന്നു. പക്ഷെ മല്‍സരഗതിക്കു വിപരീതമായി എട്ടാം മിനിറ്റില്‍ ഒഡീഷ അക്കൗണ്ട് തുറന്നു. സ്വന്തം ഹാഫില്‍ നിന്നുള്ള നീക്കത്തിനൊടുവിലായിരുന്നു ഗോള്‍, സഹതാരം നല്കിയ ലോങ്ബോള്‍ പിടിച്ചെടുത്ത് വലതുവിങിലൂടെ മുന്നേറിയ ഒഡീഷ താരം ഐസക്ക് ചക്ക്ചുക്ക് അതു ബോക്സികത്തേക്കു ത്രൂപാസ് നല്കി. ജൊനാതസ് ക്രിസ്റ്റിയന്റെ കാലിലേക്കാണ് ബോള്‍ വന്നത്. മുന്നില്‍ ഗോളി മാത്രം. മുന്നോട്ട് കയറിയ ഗോളി ക്രിസ്റ്റിയന്‍ ഷോട്ടുതിര്‍ക്കും മുമ്പ് അതു ബ്ലോക്ക് ചെയ്തു. പക്ഷെ ഇടതു വിങിലായി മാര്‍ക്ക് ചെയ്യപ്പെടാതെ നിന്ന നന്ദശേഖറിനാണ് റീബൗണ്ട് ലഭിച്ചത്. തകര്‍പ്പനൊരു വലംകാല് ഷോട്ടിലൂടെ അദ്ദേഹം പന്ത് വലയിലേക്കു പായിക്കുകയും ചെയ്തു.
പിന്നീട് ഇരുടീമുകളുടെയും ഭാഗത്ത് നിന്ന് ചില മികച്ച മുന്നേറ്റങ്ങള്‍ കണ്ടു. 31ാം മിനിറ്റില്‍ സെറ്റ് പീസില്‍ നിന്നും ബെംഗളൂരു സമനില പിടിച്ചുവാങ്ങി. സെറ്റ് പീസില്‍ തങ്ങള്‍ എത്ര മാത്രം അപകടകാരികളാണെന്നു തെളിയിക്കുന്ന ഗോള്‍ കൂടിയായിരുന്നു ഇത്. വലതു മൂലയില്‍ നിന്നും റോഷന് നവോറെം തൊടുത്ത കോര്‍ണര്‍കിക്ക് ഒഡീഷ ഗോളിക്കോ താരങ്ങള്‍ക്കോ ക്ലിയര്‍ ചെയ്യാനായില്ല. സെക്കന്റ് പോസ്റ്റിനരികെ നിന്ന ഡാനിഷ് ഫറൂഖ് ഉയര്‍ന്നുചാടി മികച്ചൊരു ഹെഡ്ഡറിലൂടെ ഇതു വലയിലേക്കു ചെത്തിയിടുകയും ചെയ്തു. സംഭവബഹലുമായ ആദ്യപകുതി 1-1നു തന്നെ അവസാനിക്കുകയായിരുന്നു.
പക്ഷെ രണ്ടാംപകുതിയാരംഭിച്ച് നാലു മിനിറ്റിനകം ബെംഗളൂരു മല്‍സരവിധി നിര്‍ണയിച്ച വിജയഗോള്‍ കണ്ടെത്തി. ഇതാവട്ടെ പെനല്‍റ്റിയില്‍ നിന്നുമായിരുന്നു. ഇടതു വിങിലൂടെ പന്തുമായി ബോക്സിലേക്കു ഓടിക്കയറിയ ഉദാന്ത സിങിനെ ഒഡീഷ താരം ലാല്‍റുവാത്താര പിറകില്‍ നിന്നും തള്ളി വീഴ്ത്തിയതിനെ തുടര്‍ന്നായിരുന്നു ബെംഗളൂരുവിന് അനുകൂലമായി പെനല്‍റ്റി. ക്ലെയ്റ്റണ്‍ സില്‍വ ഇതു ലക്ഷ്യത്തിലെത്തിക്കുകയും ചെയ്തു.