ബാംബൊലിം: ഐഎസ്എല്ലിലെ 60ാം റൗണ്ടില്‍ പോയിന്റ് പട്ടികയിലെ ടോപ്പ് ഫോറിലെ ടീമുകള്‍ തമ്മിലുള്ള പോരാട്ടത്തില്‍ മുംബൈ സിറ്റിയും ഹൈദരാബാദ് എഫ്സിയും ഗോള്‍രഹിത സമനില സമ്മതിച്ചു പിരിഞ്ഞു. ബാംബൊലിമിലെ ജിഎംസി സ്റ്റേഡിയത്തില്‍ നടന്ന മല്‍സരം തുല്യശക്തികള്‍ തമ്മിലുള്ള മാറ്റുരയ്ക്കല്‍ കൂടിയായിരുന്നു. ഇരുടീമുകളും ഒരുപോലെ മികച്ച പ്രകടനം നടത്തിയ മല്‍സരത്തില്‍ സമനില തന്നെയായിരുന്നു അര്‍ഹിച്ച ഫലം.
മല്‍സരഫലം പോയിന്റ് പട്ടികയില്‍ ഒരു മാറ്റവും വരുത്തിയിട്ടില്ല. 11 മല്‍സരങ്ങളില്‍ നിന്നും 26 പോയിന്റോടെ മുംബൈ ഒന്നാംസ്ഥാനത്തു തന്നെ തുടരുകയാണ്. രണ്ടാമതുള്ള എടിക്കെ മോഹന്‍ ബഗാനു മേല്‍ അവര്‍ക്കു ആറു പോയിന്റിന്റെ മികച്ച ലീഡുണ്ട്. അതേസമയം, ഹൈദരാബാദ് നാലാംസ്ഥാനത്താണ്. സമനിലയോടെ തൊട്ടു താഴെയുള്ള ചെന്നൈയ്ന് എഫ്സിക്കു മേലുള്ള ലീഡ് രണ്ടാക്കി ഉയര്‍ത്തിയതില്‍ അവര്‍ക്കു ആശ്വസിക്കാം.
ഹൈദരാബാദ് എഫ്സി മിഡ്ഫീല്‍ഡറായ ഇന്ത്യന്‍ താരം ഹിതേഷ് ശര്‍മയാണ് ഹീറോ ഓഫ് ദി മാച്ചായി തിരഞ്ഞെടുക്കപ്പെട്ടത്. 56 ടച്ചുകളും രണ്ട് ഇടപെടലുകളും നാലു ടാക്കിളുകളും നടത്തിയ ശര്‍മ കളം നിറഞ്ഞു കളിച്ചു. ഹൈദരാബാദിന്റെ ചടുലമായ നീക്കങ്ങളിലൂടെയാണ് മല്സരമാരംഭിച്ചത്. രണ്ടാം മിനിറ്റില്‍ തന്നെ അവര്‍ മുംബൈ ഗോള്‍മുഖത്ത് റെയ്ഡ് നടത്തി. മുഹമ്മദ് യാസിറിന്റെ അപകടകരമായ ഫ്രീകിക്ക് മുംബൈയുടെ റൗളിന് ബോര്‍ജസ് ഹെഡ്ഡറിലൂടെ ക്ലിയര്‍ ചെയ്യുകയായിരുന്നു. ഈ നീക്കത്തിനു ശേഷം മുംബൈയും അറ്റാക്കിന് മുതിര്‍ന്നതോടെ കളിയുടെ വേഗം കൂടി. ഹൈദരാബാദിനെ സമ്മര്‍ദ്ദത്തിലാക്കുന്ന ചില നീക്കങ്ങള്‍ അവര്‍ നടത്തി.
13ാം മിനിറ്റില്‍ മുംബൈയുടെ ഒരു ഗോള്‍ ശ്രമം ലക്ഷ്യം കാണാതെ പുറത്തുപോയി. ബിപിന്‍ സിങിന്റെ കോര്‍ണറിനൊടുവില്‍ ബോള്‍ മൊര്‍ത്താത ഫോളിന്. ഫാള്‍ നല്കിയ പാസില്‍ അഹമ്മദ് ജാഹുവിന്റെ ഷോട്ട് ഗോള്‍കീപ്പര്‍ക്കു ഭീഷണിയുയര്‍ത്താതെ കടന്നുപോയി. 16ാം മിനിറ്റില്‍ ഗോളി അമരീന്ദര്‍ സിങിന്റെ മികച്ചൊരു സേവാണ് ഹൈദരാബാദിനെ ലീഡ് നേടുന്നതില്‍ നിന്നു തടഞ്ഞത്. ലിസ്റ്റണ്‍ കൊളാക്കോയുടെ നല്ലൊരു ഗോള്‍ ശ്രമം മുംബൈ ഗോളി സേവ് ചെയ്യുകയായിരുന്നു.
33ാം മിനിറ്റില്‍ അമരീന്ദറിന്റെ മറ്റൊരു ഉജ്ജ്വലമായ സേവ് മുംബൈയെ ലീഡ് വഴങ്ങാതെ കാത്തു. ഉറപ്പായും ഗോളാവേണ്ടിയിരുന്ന ശ്രമമായിരുന്നു ഇത്. മുഹമ്മദ് യാസിര്‍ നല്കിയ ത്രൂബോളുമായി ബോക്സിലേക്കു കയറിയ ജോള് ചിയാനിസിനു മുന്നില്‍ ഗോളി മാത്രം. ചിയാനിസ് ഗോളിലേക്കു തൊടുത്ത ഷോട്ട് അമരീന്ദര്‍ കാല് കൊണ്ട് രക്ഷപ്പെടുത്തുകയായിരുന്നു.
ആദ്യപകുതിയോളം ആവേശകരമായിരുന്നില്ല രണ്ടാം പകുതി. ഇരുടീമുകളും പ്രതിരോധത്തിനു കൂടി ഊന്നല്‍ നല്‍കിയാണ് രണ്ടാം പകുതിയില്‍ കളിച്ചത്. അതുകൊണ്ടു തന്നെ ഒന്നാം പകുതിയിലേതു പോലെ മികച്ച ഗോള്‍ ശ്രമങ്ങള്‍ രണ്ടാം പകുതിയില്‍ കാണാനുമായില്ല.