ഐപിഎല്‍ കഴിഞ്ഞു. ഇനി ഫുട്‌ബോള്‍ ലഹരിയിലേക്ക് ഇന്ത്യ കടക്കുകയാണ്. ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ (ഐഎസ്എല്‍) 2020-21 സീസണിന് നവംബര്‍ 20 -ന് തുടക്കമാവും. എടികെ മോഹന്‍ ബഗാനും കേരള ബ്ലാസ്‌റ്റേഴ്‌സും തമ്മിലാണ് സീസണിലെ ആദ്യ മത്സരം. ഗോവയിലെ ബംബോലിം സ്‌റ്റേഡിയം പോരാട്ടത്തിന് വേദിയാവും. ഇക്കുറി 11 ക്ലബുകള്‍ ഐഎസ്എല്ലില്‍ പങ്കെടുക്കുന്നുണ്ട്. സ്‌പോര്‍ടിങ് ക്ലബ് ഈസ്റ്റ് ബംഗാളാണ് ഐഎസ്എല്ലിലേക്ക് കടന്നുവന്നിരിക്കുന്ന പുതിയ ടീം.

11 ക്ലബുകള്‍ ഒരുങ്ങുന്ന സാഹചര്യത്തില്‍ ടൂര്‍ണമെന്റില്‍ മൊത്തം 115 മത്സരങ്ങളാണ് അരങ്ങേറുക. കൊറോണഭീതി തുടരവെ പുതിയ ഐഎസ്എല്‍ സീസണ്‍ പൂര്‍ണമായും ഗോവയിലാണ് നടക്കുന്നതും. എന്തായാലും ഇത്തവണ കാര്യമായ 'ഹോം വര്‍ക്ക്' ചെയ്താണ് കേരള ബ്ലാസ്റ്റേഴ്‌സ് തിരിച്ചുവരുന്നത്. നിരവധി പുതിയ താരങ്ങളെ ബ്ലാസ്റ്റേഴ്‌സ് പാളയത്തില്‍ എത്തിച്ചു. ഇംഗ്ലീഷ് സ്‌ട്രൈക്കര്‍ ഗാരി ഹൂപ്പറും മുന്‍ പിഎസ്ജി ഡിഫന്‍ഡര്‍ ബക്കാരി കോണും ഇവരില്‍ പ്രധാനികളാണ്.
ഓസ്‌ട്രേലിയന്‍ സ്‌ട്രൈക്കര്‍ ജോര്‍ദന്‍ മുറെയെയും സിംബാബ്‌വെയുടെ കോസ്റ്റ നാമോനേസുവിനെയും സ്‌ക്വാഡില്‍ കാണാം. കഴിഞ്ഞ സീസണില്‍ ബെംഗളൂരു എഫ്‌സിക്കായി കളിച്ച ലെഫ്റ്റ് ബാക്ക് താരം നിഷു കുമാറും പുതിയ സീസണില്‍ ബ്ലാസ്റ്റേഴ്‌സിന്റെ കുപ്പായമണിയും. നിഷുവുമായി നാലുവര്‍ഷത്തെ കരാര്‍ ബ്ലാസ്റ്റേഴ്‌സ് ഒപ്പിട്ടുണ്ട്. ഈ അവസരത്തില്‍ 2020-21 ഐഎസ്എല്‍ സീസണിനായി കേരള ബ്ലാസ്റ്റേഴ്‌സ് അവതരിപ്പിക്കുന്ന സ്‌ക്വാഡിനെ ചുവടെ കാണാം.
ഗോള്‍കീപ്പര്‍മാര്‍:
ആല്‍ബിനോ ഗോമസ്, ബിലാല്‍ ഖാന്‍, പ്രഭ്‌സുഖന്‍ സിങ് ഗില്‍, മുഹീത് ഖാന്‍.
പ്രതിരോധനിര:
കോസ്റ്റ നമോനേസു, നിഷു കുമാര്‍, ബക്കാരി കോണ്‍, ജെസല്‍ കാര്‍ണേറോ, സന്ദീപ് സിങ്, അബ്ദുല്‍ ഹക്കു, ലാല്‍റുവത്താര.
മധ്യനിര:
സെര്‍ജിയോ സിഡോഞ്ച, സഹല്‍ അബ്ദുല്‍ സമദ്, വിന്‍സെന്റ് ഗോമസ്, സെത്യാസെന്‍ സിങ്, രാഹുല്‍ കെപി, ഗിവ്‌സണ്‍ സിങ്, ലാല്‍ത്തതംഗ കാല്‍റിങ്, യെന്‍ട്രബാം ദെനചന്ദ്ര, നോങ്ദംബ നവോറം, അര്‍ജുന്‍ ജയരാജ്, ആയുഷ് അധികാരി, ജീക്‌സണ്‍ സിങ്, പ്രശാന്ത് കെ, റിത്വിക് ദാസ്, രോഹിത് കുമാര്‍.
മുന്നേറ്റനിര:
ഗാരി ഹൂപ്പര്‍, ജോര്‍ദന്‍ മുറെ, ഫാക്കുണ്ടോ പെരേര, നവോറം മഹേഷ് സിങ്, ഷെബോര്‍ലങ് ഖാര്‍പന്‍.