ISL 2020-21: ഒഡീഷയുടെ 'വന്‍മതിലായി' അര്‍ഷദീപ്, ആംഗലുയോടെ ഗോളില്‍ ഗോവയ്ക്ക് ജയം
ബംബോലിം: ജിഎംസി സ്റ്റേഡിയത്തില്‍ ഒഡീഷ എഫ്‌സിക്ക് എതിരെ എഫ്‌സി ഗോവയ്ക്ക് ജയം. ആദ്യ പകുതിയിലെ ഇഗോര്‍ ആംഗുലോയുടെ ഗോള്‍ (45+2') മത്സരത്തിന്റെ വിധി നിര്‍ണയിച്ചു. കളിയുടെ സമസ്ത മേഖലകളിലും സര്‍വാധിപത്യം പുലര്‍ത്തിയ ഗോവ സ്റ്റുവര്‍ട്ട് ബാക്സ്റ്ററിന്റെ ടീമിന് പന്തുതട്ടാന്‍ പോലും നേരാംവണ്ണം അവസരം കൊടുത്തില്ല. മറുഭാഗത്ത് ഗോള്‍കീപ്പര്‍ അര്‍ഷദീപ് സിങ്ങിന്റെ ഒറ്റയാന്‍ പ്രകടനം വന്‍തോല്‍വിയില്‍ നിന്നും ഒഡീഷയെ രക്ഷിച്ചു.

ഗോവയുടെ സ്പാനിഷ് താരം ജോര്‍ജി ഓര്‍ടിസിന്റെ ഗോളെന്നുറച്ച നിരവധി ഷോട്ടുകളാണ് അര്‍ഷദീപ് തട്ടിയകറ്റിയത്. സമനില ഗോളിനുള്ള അവസരങ്ങള്‍ കാല്‍ക്കല്‍ വന്നിട്ടും ലക്ഷ്യം കാണാന്‍ ഒഡീഷയ്ക്ക് സാധിച്ചുമില്ല. ജയത്തോടെ ജുവാന്‍ ഫെറാന്‍ഡോയുടെ എഫ്‌സി ഗോവ പോയിന്റ് പട്ടികയില്‍ നാലാം സ്ഥാനത്തെത്തി. അഞ്ച് മത്സരങ്ങളില്‍ നിന്ന് രണ്ടു വീതം ജയവും തോല്‍വിയും ടീമിനുണ്ട്. ഒപ്പം ഒരു സമനിലയും. അഞ്ച് മത്സരങ്ങളില്‍ നാലും തോറ്റു നില്‍ക്കുന്ന ഒഡീഷ എഫ്‌സിയാകട്ടെ, 11 ആം സ്ഥാനത്ത് തുടരുന്നു.
തുടക്കം മുതല്‍ക്കെ ആക്രമിച്ചു കളിക്കുകയായിരുന്നു എഫ്‌സി ഗോവ. 15 ആം മിനിറ്റില്‍ കിട്ടിയ ആദ്യ അവസരം ആംഗുല ലക്ഷ്യത്തിലേക്ക് തൊടുത്തു. ഓര്‍ടിസില്‍ നിന്നും കിട്ടിയ പന്തില്‍ കൃത്യമായി തലവെയ്ക്കാന്‍ താരത്തിന് സാധിച്ചെങ്കിലും ഗോള്‍കീപ്പര്‍ അര്‍ഷദീപ് സിങ് നീക്കം വിഫലമാക്കി. ആദ്യ പകുതിയുടെ അവസാന നിമിഷങ്ങളിലാണ് ഇംഗോര്‍ ആംഗുലോ ഗോവയെ മുന്നിലെത്തിക്കുന്നത്. ഇടതു വിങ്ങില്‍ നിന്നും റൊമേരിയോ നല്‍കിയ പാസിനെ ഒറ്റ ടച്ചില്‍ വലയില്‍ പതിപ്പിച്ചു ആംഗുലോ. 50 ആം മിനിറ്റില്‍ ഓര്‍ടിസും സെരിടോണ്‍ ഫെര്‍നാണ്ടസും തമ്മിലെ നീക്കം ഗോവയ്ക്ക് മറ്റൊരു ഗോളവസരം തുറന്നുനല്‍കി. ഓര്‍ടിസിന്റെ ഷോട്ട് സ്റ്റീവ് ടെയ്‌ലറെയും മറികടന്ന് പാഞ്ഞെങ്കിലും അര്‍ഷദീപ് ഒരിക്കല്‍ക്കൂടി വില്ലനായി.
54 ആം മിനിറ്റില്‍ സമനില പിടിക്കാനുള്ള അവസരം എഫ്‌സി ഒഡീഷയ്ക്കും കൈവന്നു. ബോക്‌സിനരികെ വെച്ച് കാലിലേക്കെത്തിയ പന്തിനെ അലക്ഷ്യമായി പായിച്ച കോള്‍ അലക്‌സാണ്ടര്‍ ടീമിന്റെ ഗോളവസരം തുലച്ചു. 64 ആം മിനിറ്റില്‍ സേവിയര്‍ ഗാമയില്‍ നിന്നും കിട്ടിയ പന്തിനെ നിമിഷംനേരംകൊണ്ട് ആംഗുലോ വലയിലേക്ക് പായിച്ചു. എന്നാല്‍ അര്‍ഷദീപ് സിങ് പന്തിനെ തട്ടിയകറ്റി. പിന്നാലെ ഓര്‍ടിസും പന്തിനെ വലയിലേക്ക് 'വളച്ചടിച്ചു'; എന്നാല്‍ അര്‍ഷദീപിന്റെ സമയോജിത ഇടപെടല്‍ ഒഡീഷയെ രക്ഷിച്ചു. 89, 92' മിനിറ്റുകളില്‍ മത്സരം വീണ്ടു കണ്ടു അര്‍ഷദീപിന്റെ തകര്‍പ്പന്‍ സേവുകള്‍. രണ്ടവസരത്തിലും ഓര്‍ടസിന്റെ നീക്കങ്ങള്‍ അര്‍ഷദീപ് തടഞ്ഞു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications