ISL 2020-21: ആതിഥേയര്‍ ചെന്നൈയിനെതിരേ; നില മെച്ചപ്പെടുത്താന്‍ ഇരു ടീമിനും ജയിക്കണം
ഫട്ടോര്‍ഡ: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ നാളെ നടക്കുന്ന പോരാട്ടത്തില്‍ ആതിഥേയരായ ഗോവ ചെന്നൈയിന്‍ എഫ്‌സിക്കെതിരേ. ഇരു ടീമിനും ഇതുവരെ പ്രതീക്ഷക്കൊത്ത് ഉയരാന്‍ സാധിച്ചിട്ടില്ല. അതിനാല്‍ത്തന്നെ ജയം ഇരുകൂട്ടര്‍ക്കും നിര്‍ണ്ണായകമാണ്. 6 മത്സരം കളിച്ച ഗോവ രണ്ട് വീതം ജയവും സമനിലയും തോല്‍വിയും വഴങ്ങി ആറാം സ്ഥാനത്ത് നില്‍ക്കുമ്പോള്‍ ചെന്നൈയിന്‍ അഞ്ച് മത്സരത്തില്‍ നിന്ന് 1 ജയവും രണ്ട് സമനിലയും 2 തോല്‍വിയും വഴങ്ങി. വൈകീട്ട് 7.30ന് ഫട്ടോര്‍ഡ സ്‌റ്റേഡിയത്തിലാണ് മത്സരം. സ്റ്റാര്‍ സ്‌പോര്‍ട്‌സ്,ഏഷ്യാനെറ്റ് പ്ലസ്,ഹോട്ട്‌സ്റ്റാറിലും തത്സമയം കാണാം.
ആതിഥേയര്‍ക്ക് ഈ മികവ് പോരാ
ഇത്തവണ എല്ലാ മത്സരങ്ങളും ഗോവയിലായിട്ടും ആതിഥേയരെന്ന നിലയില്‍ മികവ് കാട്ടാന്‍ എഫ്‌സി ഗോവയ്ക്കായിട്ടില്ല. കരുത്തരായ ബംഗളൂരുവിനോട് 2-2 സമനില വഴങ്ങിയായിരുന്നു തുടക്കം. രണ്ടാം മത്സരത്തില്‍ മുംബൈ സിറ്റിയോട് 1-0ന് തോറ്റ ഗോവ മൂന്നാം മത്സരത്തില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനോട് 1-1 സമനില വഴങ്ങി. നാലാം മത്സരത്തില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിനെ 3-1ന് തകര്‍ത്ത് ഗോവ കരുത്തുകാട്ടി. അഞ്ചാം മത്സരത്തില്‍ ഒഡീഷ എഫ്‌സിയെ 1-0നും തോല്‍പ്പിച്ച ഗോവ അവസാന മത്സരത്തില്‍ ശക്തരായ എടികെ മോഹന്‍ ബഗാനോട് 1-0ന് തോറ്റാണ് ചെന്നൈയിനെ നേരിടാനിറങ്ങുന്നത്. ടീമിന്റെ പ്രതീക്ഷകളായ ആല്‍ബര്‍ട്ടോ നൊഗീറ,എഡു ബീഡിയ,ലെന്നി റോഡ്രിഗസ്,ജോര്‍ജ് മെന്‍ഡൂസ,ബ്രണ്ടന്‍ ഫെര്‍ണാണ്ടസ്,ഇഗോര്‍ അന്‍ഗുലോ തുടങ്ങിയവര്‍ ഇനിയും ഫോം കണ്ടെത്തേണ്ടതുണ്ട്. ഗോളി മുഹമ്മദ് നവാസും മികവ് കാട്ടേണ്ടത് ടീമിന് ജയിക്കാന്‍ അത്യാവശ്യമാണ്.

ചാമ്പ്യന്‍നിരക്ക് പഴയ മൂര്‍ച്ചയില്ല
രണ്ട് തവണ ചാമ്പ്യന്മാരായ ചെന്നൈയിന്‍ എഫ്‌സിയുടെ ഇത്തവണത്തെ പ്രകടനം നിരാശപ്പെടുത്തുന്നു. ആദ്യ മത്സരത്തില്‍ ജംഷഡ്പൂര്‍ എഫ്‌സിയെ 2-1ന് തോല്‍പ്പിച്ച് തുടങ്ങിയെങ്കിലും രണ്ടാം മത്സരത്തില്‍ ഒഡീഷയോട് 2-2 സമനില വഴങ്ങി. കരുത്തരായ ബംഗളൂരുവിനോട് 1-0ന് തോറ്റ ചെന്നൈയിന്‍ മുംബൈ സിറ്റിയോട് 2-1നും തോറ്റു. അവസാന മത്സരത്തില്‍ നോര്‍ത്ത് ഈസ്റ്റിനോട് ഗോള്‍രഹിത സമനില വഴങ്ങിയാണ് ചെന്നൈയിന്‍ ഗോവയെ നേരിടാനിറങ്ങുന്നത്. മികച്ച താരനിരയുണ്ടെങ്കിലും ഫോമാണ് പ്രശ്‌നം. അനിരുദ്ധ് ഥാപ്പ,ജേക്കബ് സില്‍വര്‍സ്റ്റര്‍,ഫക്തുലോ ഫത്കുലോവ്,മെമോ മൗറ തുടങ്ങിയവരെല്ലാം ടീമിന് ജയം സമ്മാനിക്കാന്‍ കെല്‍പ്പുള്ളവരായി ഇനിയും മാറേണ്ടതുണ്ട്. ഗോളി വിശാല്‍ കെയ്ത് തരക്കേടില്ലാതെ കളിക്കുന്നുണ്ട്. എങ്കിലും ടീമെന്ന നിലയില്‍ ഇനിയും മെച്ചപ്പെടാനുണ്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications