മാര്‍ഗോവ: ഐഎസ്എല്ലില്‍ എഫ്‌സി ഗോവയ്‌ക്കെതിരെ ചെന്നൈയിന്‍ എഫ്‌സിക്ക് തകര്‍പ്പന്‍ ജയം. ആദ്യപാദം സമനിലയില്‍ പിരിഞ്ഞ മത്സരത്തില്‍ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് ചെന്നൈയിന്‍ ജയിച്ചു കയറിയത്. ചെന്നൈയ്ക്കായി റാഫേല്‍ ക്രിവെല്ലാറോയും (5') റഹീം അലിയും (53') ഗോള്‍ കണ്ടെത്തി. ജോര്‍ജി ഓര്‍ടിസ് മെന്‍ഡോസയുടെ (9') വകയായിരുന്നു ഗോവയുടെ ഏക മറുപടി. ഫറ്റോര്‍ഡ സ്‌റ്റേഡിയത്തില്‍ ഭൂരിപക്ഷം സമയവും പന്ത് ആതിഥേയരുടെ കാലുകളിലായിരുന്നു. എന്നാല്‍ ഗോവയുടെ ബൂട്ടില്‍ നിന്നും രണ്ടാമതൊരു ഗോള്‍ പിറന്നില്ലെന്ന് മാത്രം. ആദ്യ പത്ത് മിനിറ്റില്‍ത്തന്നെ രണ്ടു ഗോളുകള്‍ കണ്ടുകൊണ്ടാണ് മത്സരത്തിന് വിസില്‍ മുഴങ്ങിയത്.

അഞ്ചാം മിനിറ്റില്‍ ക്രിവെല്ലാറോ ഗോവയെ മുന്നിലെത്തിച്ചു. ക്രിവെല്ലാറോയുടെ കോര്‍ണര്‍ കിക്ക് ചെന്നൈ പ്രതിരോധം ഭേദിച്ച് വലയിലെത്തുകയായിരുന്നു. പിന്നാലെ ഒന്‍പതാം മിനിറ്റില്‍ ചെന്നൈയിന്‍ എഫ്‌സിയും കുറിച്ചു മറുപടി ഗോള്‍. ഓര്‍ടിസ് തുടക്കമിട്ട നീക്കം അദ്ദേഹംതന്നെ വിജയകരമായി പൂര്‍ത്തിയാക്കി. അലെക്‌സാണ്ടര്‍ ജെസുരാജില്‍ നിന്നും പന്ത് തിരിച്ചെടുത്ത താരം പോസ്റ്റിന്റെ മുകള്‍ മൂലയിലേക്ക് തറച്ചുകയറ്റുകയായിരുന്നു. ഈ സമയം പന്തില്‍ ഒന്ന് വിരല്‍തൊടാന്‍ പോലും ഗോള്‍ കീപ്പര്‍ വിശാല്‍ കെയ്ത്തിന് സാധിച്ചില്ല. 50 ആം മിനിറ്റില്‍ ബ്രാന്റണ്‍ ഫെര്‍നാണ്ടസ് ഗോവയ്ക്കായി അത്യുഗ്രന്‍ ലോങ് റേഞ്ചര്‍ പരീക്ഷിച്ചെങ്കിലും വിശാല്‍ കെയ്ത്തിന്റെ ഇടപെടല്‍ നീക്കം വിഫലമാക്കി.
53 ആം മിനിറ്റിലാണ് മത്സരത്തിലെ രണ്ടാം ഗോള്‍ പിറക്കുന്നത്. റഹീം അലിയിലൂടെ ചെന്നൈ മുന്നിലെത്തി. ഇടതു വിങ്ങില്‍ നിന്നും ക്രിവെല്ലാറോ നല്‍കിയ പാസിനെ ആറ് വാര ബോക്‌സില്‍ വെച്ച് കൃത്യമായി വലയിലാക്കി പകരക്കാരന്‍ റഹീം അലി. 60 ആം മിനിറ്റില്‍ ഒരിക്കല്‍ക്കൂടി താരം ഉന്നം പരീക്ഷിച്ചു. ഷോട്ട് കുറിക്കുകൊണ്ടെങ്കിലും ഗോവയുടെ ഗോള്‍ കീപ്പര്‍ മുഹമ്മദ് നവാസ് പ്രതിരോധം തീര്‍ത്തു. അവസാന മിനിറ്റുകളില്‍ സമനില ഗോളിനായി എഫ്‌സി ഗോവ കിണഞ്ഞു ശ്രമിച്ചെങ്കിലും ചെന്നൈയുടെ പ്രതിരോധം മതില്‍ കണക്കെ നിന്നു. ഇതോടെ ആതിഥേയര്‍ തോല്‍വിയും ഏറ്റുവാങ്ങി. ജയത്തോടെ ഇപ്പോള്‍ എട്ടാം സ്ഥാനത്താണ് ചെന്നൈ. എഫ്‌സി ഗോവ ഏഴാം സ്ഥാനത്തുണ്ട്.