വാസ്‌കോ: ഐഎസ്എല്ലില്‍ ഈസ്റ്റ് ബംഗാളിനെതിരെ ബെംഗളൂരു എഫ്‌സിക്ക് ജയം. എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കാണ് ബെംഗളൂരു ഈസ്റ്റ് ബംഗാളിനെ തകര്‍ത്തത്. ആദ്യ പകുതിയില്‍ ക്ലീറ്റണ്‍ സില്‍വയിലൂടെ മുന്നിലെത്തിയ ബെംഗളൂരുവിന് ഓണ്‍ ഗോളിലൂടെ ദേബ്ജിത്ത് മജുംദാര്‍ ലീഡ് സമര്‍പ്പിക്കുകയായിരുന്നു. ജയത്തോടെ ബെംഗളൂരു പോയിന്റ് പട്ടികയില്‍ ആറാമതെത്തി. 15 മത്സരങ്ങളില്‍ നിന്നും 18 പോയിന്റ് ബെംഗളൂരുവിന്റെ കൈവശമുണ്ട്. തോല്‍വി വഴങ്ങിയ സാഹചര്യത്തില്‍ പോയിന്റ് പട്ടികയില്‍ പത്താം സ്ഥാനത്ത് ഈസ്റ്റ് ബംഗാള്‍ ഇരിപ്പുറപ്പിച്ചിട്ടുണ്ട്. 15 മത്സരങ്ങളില്‍ നിന്നും 13 പോയിന്റ് ക്ലബ് അവകാശപ്പെടുന്നു.

തിലക് മൈതാനത്ത് ആദ്യ പകുതിയില്‍ പന്ത് ഏറിയ സമയവും ഈസ്റ്റ് ബംഗാളിന്റെ കാലുകളിലായിരുന്നു. എന്നാല്‍ ലക്ഷ്യത്തില്‍ കൊള്ളുന്ന ഒരു ഷോട്ടു പോലും ഉതിര്‍ക്കാന്‍ ടീമിന് സാധിച്ചില്ല. മറുഭാഗത്ത് ബെംഗളൂരു എഫ്‌സി ആദ്യ 45 മിനിറ്റില്‍ത്തന്നെ 9 ഷോട്ടുകള്‍ ബംഗാളിന്റെ ഗോള്‍ മുഖത്തേക്ക് പായിച്ചു; ഇതില്‍ ഒരെണ്ണം കുറിക്കുകൊണ്ടു, അതു ഗോളുമായി. 11 ആം മിനിറ്റില്‍ ക്ലീറ്റണ്‍ സില്‍വയാണ് ബെംഗളൂരുവിന് ഗോള്‍ നിമിഷം സമ്മാനിച്ചത്. ഈസ്റ്റ് ബംഗാള്‍ താരം സ്‌കോട്ട് നെവില്ലിനെതിരെ സാഹസികമായി ഉയര്‍ന്നു ചാടി സുനില്‍ ഛേത്രി നല്‍കിയ പാസാണ് സില്‍വയുടെ ഗോളിന് വഴിയൊരുക്കിയത്. കിട്ടിയ ആദ്യ അവസരത്തില്‍ത്തന്നെ പന്തിനെ ഗോള്‍ വലയ്ക്കുള്ളിലാക്കാന്‍ ക്ലീറ്റണ്‍ സില്‍വയ്ക്ക് കഴിഞ്ഞു.
45 ആം മിനിറ്റിലാണ് മത്സരത്തിലെ അടുത്ത ഗോള്‍. ഉദാന്ത സിങ് തുടക്കമിട്ട കൗശമാര്‍ന്ന നീക്കം വലതു വിങ്ങില്‍ നിന്ന രാഹുല്‍ ഭെക്കെ ഏറ്റുപിടിക്കുകയായിരുന്നു. ഭെക്കെയില്‍ നിന്നും പന്ത് പരാഗിലേക്ക്. ഗോളിനായി ഇടംകണ്ടെത്തി പരാഗ് തൊടുത്ത ഷോട്ട് ദേബ്ജിത്ത് മജുംദാറില്‍ തട്ടി ഇടറിയെങ്കിലും പന്ത് വലയ്ക്കകത്തേക്കുതന്നെ ചെന്നുകയറി.
രണ്ടാം പകുതിയില്‍ കൂടുതല്‍ ഉണര്‍വോടെയാണ് ഇരുപക്ഷവും പന്തുതട്ടിയത്. എന്നാല്‍ ഗോള്‍ മാത്രം പിറന്നില്ല. ഇതിനിടെ 85 ആം മിനിറ്റില്‍ ഛേത്രിയുടെ തകര്‍പ്പന്‍ ഷോട്ട് ക്രോസ്ബാറില്‍ തട്ടിത്തെറിക്കുന്നതിനും മത്സരം സാക്ഷിയായി. അവസാന വിസില്‍ മുഴങ്ങുമ്പോള്‍ 16 ഫൗളുകളാണ് ഈസ്റ്റ് ബംഗാളിന്റെ ഭാഗത്തുനിന്നുമുണ്ടായത്. ബെംഗളൂരുവിന്റെ ഭാഗത്തുനിന്ന് 22 ഫൗളുകളും. ബംഗാള്‍ ക്യാംപില്‍ ഒരാളും ബെംഗളൂരു ക്യാംപില്‍ രണ്ടാളും മഞ്ഞക്കാര്‍ഡ് വാങ്ങുന്നതും മത്സരം കണ്ടു.