മാര്‍ഗോവ: ഐഎസ്എല്ലില്‍ ബെംഗളൂരു എഫ്‌സിക്ക് എതിരെ എടികെ മോഹന്‍ ബഗാന് ജയം. എതിരില്ലാത്ത ഒരു ഗോളിനാണ് ഫറ്റോര്‍ഡ സ്‌റ്റേഡിയത്തില്‍ എടികെ ജയിച്ചു കയറിയത്. 33 ആം മിനിറ്റില്‍ ഡേവിഡ് വില്യംസ് അടിച്ച ഗോള്‍ മത്സരത്തിന്റെ വിധി നിര്‍ണ്ണയിച്ചു. ജയത്തോടെ ഐഎസ്എല്‍ പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്ത് തുടരുകയാണ് എടികെ മോഹന്‍ ബഗാന്‍. ഏഴു മത്സരങ്ങളില്‍ അഞ്ചും ടീം ജയിച്ചിരിക്കുന്നു. മറുഭാഗത്ത് ഏഴില്‍ മൂന്നുവീതം ജയവും സമനിലയുമായി ബെംഗളൂരു എഫ്‌സി മൂന്നാം സ്ഥാനത്തുണ്ട്. സീസണില്‍ ഒരു സമനിലയും ബെംഗളൂരു വഴങ്ങി. എടികെയ്‌ക്കെതിരെ ആക്രമണ ഫുട്‌ബോളാണ് സുനില്‍ ഛേത്രിയുടെ ബെംഗളൂരു പുറത്തെടുത്തത്. പന്തടക്കത്തിലും ഷോട്ടുകളുടെ എണ്ണത്തിലും ബെംഗളൂരു മേല്‍ക്കോയ്മ കാട്ടി.

ആദ്യ പകുതിയില്‍ മുന്നിലെത്താന്‍ ഒന്നിലേറെ അവസരങ്ങള്‍ ഇരുപക്ഷത്തും ലഭിക്കുകയുണ്ടായി. 19 ആം മിനിറ്റില്‍ രാഹുല്‍ ഭേക്കെയില്‍ നിന്നും കിട്ടിയ പന്തിനെ പാര്‍ത്ഥാലു വല ലക്ഷ്യമാക്കി ഹെഡ് ചെയ്യുന്നത് മത്സരം കണ്ടു. എന്നാല്‍ അരിന്ദം ഭട്ടാചാര്യ നീക്കം ഫലപ്രദമായി പ്രതിരോധിച്ചു. 22 ആം മിനിറ്റില്‍ സുഭാശിഷ് ബോസിന്റെ താഴ്ന്ന ക്രോസ് ബോക്‌സിനകത്തേക്ക് ഇരച്ചെത്തി. കിട്ടിയ അവസരം മന്‍വീര്‍ ബെംഗളൂരുവിന്റെ പോസ്റ്റിലേക്ക് പായിച്ചു. എന്നാല്‍ പന്തെത്തിയത് നേരെ കീപ്പറുടെ കൈകളിലാണെന്ന് മാത്രം. 33 ആം മിനിറ്റിലാണ് മത്സരത്തിന്റെ വിധി നിര്‍ണ്ണയിച്ച ഗോള്‍ പിറക്കുന്നത്. ഇടതു വിങ്ങില്‍ നിന്നും കിട്ടിയ പന്തുമായി ബോക്‌സിനകത്തേക്ക് ഇരച്ചെത്തിയ ഡേവിഡ് വില്യംസ് ബെംഗളൂരു പ്രതിരോധത്തെ പാടെ കാഴ്ച്ചക്കാരാക്കിയാണ് വലയ്ക്കകത്തേക്ക് നിറയൊഴിച്ചത്.
രണ്ടാം പകുതിയില്‍ ബെംഗളൂരുവിന് സമനില ഗോളിനുള്ള അവസരങ്ങള്‍ നിരവധി വീണുകിട്ടി. പക്ഷെ ഒന്നും ഫലം കണ്ടില്ല. ഫറ്റോര്‍ഡ സ്‌റ്റേഡിയത്തില്‍ നടന്ന എടികെ മോഹന്‍ ബഗാന്‍ - ബെംഗളൂരു എഫ്‌സി മത്സരത്തിന്റെ സംഗ്രഹം ചുവടെ കാണാം.
പന്തടക്കം: എടികെ - 44%, ബെംഗളൂരു - 56%
ഷോട്ടുകള്‍: എടികെ - 8, ബെംഗളൂരു - 11
ഷോട്ടുകള്‍ ലക്ഷ്യത്തില്‍: എടികെ - 3, ബെംഗളൂരു - 2
പാസുകള്‍: എടികെ - 324, ബെംഗളൂരു - 391
പാസുകളുടെ കൃത്യത: എടികെ - 72%, ബെംഗളൂരു - 71%
ഫൗളുകള്‍: എടികെ - 12, ബെംഗളൂരു - 12
മഞ്ഞക്കാര്‍ഡുകള്‍: എടികെ - 0, ബെംഗളൂരു - 2
ഓഫ്‌സൈഡുകള്‍: എടികെ - 3, ബെംഗളൂരു - 0
കോര്‍ണറുകള്‍: എടികെ - 1, ബെംഗളൂരു - 3