ഭുവനേശ്വര്‍: ഐഎസ്എല്‍ ആറാം സീസണിലെ അവസാന മത്സരത്തിനായി കേരള ബ്ലാസ്റ്റേഴ്സ് കളിക്കിറങ്ങുന്നു. ഒഡിഷ എഫ്സിക്കെതിരെ ഭുവനേശ്വറില്‍ രാത്രി 7.30നാണ് മത്സരം. പ്ലേ ഓഫ് സാധ്യത നേരത്തെ അവസാനിച്ച ബ്ലാസ്റ്റേഴ്സിന് മത്സരഫലം സ്ഥാനക്കയറ്റത്തിനും ഗുണം ചെയ്യില്ല. ഇത്തവണ ഏഴാം സ്ഥാനത്താണ് കേരള ടീം സീസണ് അവസാനിപ്പിച്ചിരിക്കുന്നത്. അവസാന മത്സരത്തില്‍ ജയത്തോടെ മടങ്ങാനാണ് ടീമിന്റെ ഒരുക്കം.
കളിക്കാരുടെ പരിക്കും ഫോമില്ലായ്മയുമാണ് ഇത്തവണ ബ്ലാസ്റ്റേഴ്സിന് വിനയായത്. 17 കളിയില്‍ നിന്നും 18 പോയന്റുമായാണ് ടീം ഏഴാം സ്ഥാനത്ത് നില്‍ക്കുന്നത്. ഒടുവിലത്തെ കളികളില്‍ മുന്നേറ്റനിര ഫോമിലായിട്ടും ജയമാക്കിമാറ്റാന് ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞില്ല. ബ്ലാസ്റ്റേഴ്സ് ആകെ 25 ഗോളുകള്‍ നേടിയപ്പോള്‍ 20ഉം ബര്‍ത്തലോമേവ് ഒഗ്ബെച്ചെ-റാഫേല്‍ മെസ്സി ബൗളി സഖ്യത്തിന്റേതാണ്. മോശം പ്രതിരോധം ടീമിന് തിരിച്ചടിയായി. 28 ഗോളാണ് വഴങ്ങിയത്.
പ്രോ ഹോക്കി ലീഗ്; ഷൂട്ടൗട്ടില്‍ ഓസ്ട്രേലിയയെ വീഴ്ത്തി ഇന്ത്യ, ശ്രീജേഷ് ഹീറോയായി
പ്ലേ ഓഫ് പോരാട്ടത്തിന് അവസാന ഘട്ടംവരെ ഒപ്പമുണ്ടാകാന്‍ കഴിഞ്ഞ ടീമാണ് ഒഡിഷ. സീസണ് തുടക്കത്തിലെ പരാജയങ്ങളില്‍നിന്നും തിരിച്ചുവരാന്‍ ടീമിന് കഴിഞ്ഞു. 17 കളിയില്‍ നിന്നും 24 പോയന്റുമായി ആറാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. പേരുമാറ്റിയെത്തിയ ഡല്‍ഹി ഡൈനാമോസ് ആണ് ഇത്തവണ ഒഡിഷ എഫ്സിയായത്. ആദ്യ സീസണില്‍തന്നെ ടീമിന് മികവുകാട്ടാന്‍ കഴിഞ്ഞതോടെ അടുത്ത സീസണില്‍ അഴിച്ചുപണിയോടെ മുന്നേറാനായിരിക്കും ഒഡിഷയുടെ ശ്രമം.