Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ISL: പെനാല്‍റ്റി തുണച്ചു, ഒഡീഷയ്ക്ക് ജയം — ബ്ലാസ്റ്റേഴ്‌സിന് ആശങ്ക

ഹൈദരാബാദ്: ഐഎസ്എല്‍ ആറാം സീസണിലെ പ്ലേ ഓഫ് മോഹങ്ങള്‍ ഒഡീഷ എഫ്‌സി ഒന്നുകൂടി ബലപ്പെടുത്തി. ഗച്ചിബൗളി സ്റ്റേഡിയത്തില്‍ നടന്ന 13 ആം റൗണ്ട് മത്സരത്തില്‍ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് ഒഡീഷ ആതിഥേയരായ ഹൈദരാബാദ് എഫ്‌സിയെ തകര്‍ത്തത്. ഒരു ഗോളിന് പിന്നില്‍ നിന്ന ശേഷമായിരുന്നു ഒഡീഷയുടെ തിരിച്ചുവരവ്. ഒഡീഷയ്ക്കായി സ്പാനിഷ് താരം അരിടാനെ സാന്‍ടാന രണ്ടു തവണയും വലകുലുക്കി.

ഐഎസ്എൽ

ജയത്തോടെ ഐഎസ്എല്‍ പോയിന്റ് പട്ടികയില്‍ നാലാമതാണ് ഇപ്പോള്‍ ഒഡീഷ എഫ്‌സി. 13 മത്സരങ്ങളില്‍ നിന്നും ആറു ജയവും മൂന്നു തോല്‍വിയും നാലു സമനിലയുമായി 21 പോയിന്റുണ്ട് ടീമിന്. ഹൈദരാബാദിന്റെ കാര്യമെടുത്താല്‍ പ്ലേ ഓഫ് സാധ്യതകള്‍ പാടെ അസ്തമിച്ചു. ഇന്നത്തെയും കൂട്ടി ഈ സീസണില്‍ പത്താം തവണയാണ് ഹൈദരാബാദ് എഫ്‌സി പരാജയം രുചിക്കുന്നത്.

അച്ചടക്കമില്ലാത്ത പ്രതിരോധവും മുന്നേറ്റവും ഇത്തവണയും ഹൈദരാബാദിന് വിനയായി. 12 -ലേറെ തവണ ഷോട്ടു പായിച്ചെങ്കിലും എതിരാളികളുടെ കുറിക്കു കൊണ്ടത് മൂന്നുതവണ മാത്രം. കളിയുടെ രണ്ടാം മിനിറ്റില്‍ത്തന്നെ ഗോളടിച്ച മാര്‍സലീനോ ഹൈദരാബാദിന് സ്വപ്‌നതുടക്കം നല്‍കിയെങ്കിലും മത്സരത്തില്‍ നിറഞ്ഞുനില്‍ക്കാനോ പന്തടക്കി നിര്‍ത്താനോ ആതിഥേയര്‍ക്കായില്ല.

ഐഎസ്എൽ

കണ്ണടച്ചുതുറക്കും മുന്‍പേയാണ് കളിയില്‍ ആദ്യ ഗോള്‍ വീണത്. വലതു വിങ്ങില്‍ നിന്നും നെസ്റ്റര്‍ ഗോര്‍ഡില നിഖില്‍ പൂജാരിക്ക് നല്‍കിയ ക്രോസ് ഗോളിന് വഴിയൊരുക്കി. പൂജാരിയുടെ ഷോട്ട് ഫ്രാന്‍സിസ്‌കോ ഡോറന്‍സോറോ തടഞ്ഞെങ്കിലും പന്ത് ചെന്നു വീണത് മാര്‍സലീനോയുടെ കാലുകളിലേക്കായിരുന്നു. പന്തിനെ ലക്ഷ്യത്തിലെത്തിക്കുന്നതില്‍ സ്റ്റാര്‍ സ്‌ട്രൈക്കര്‍ മാര്‍സലീനോ യാതൊരു പിഴവും വരുത്തിയില്ല.

15 ആം മിനിറ്റിലാണ് ഒഡീഷ തിരിച്ചടിക്കുന്നത്, അരിടാനെ സാന്‍ടാനയിലൂടെ. ഹൈദരാബാദിന് സംഭവിച്ച പ്രതിരോധ പിഴവ് ഒഡീഷ കൃത്യമായി മുതലെടുത്തു. ഗുര്‍ത്തെജ് സിങില്‍ നിന്നും പന്ത് തട്ടിയെടുത്ത മാര്‍ക്കസ് തേബാറാണ് ഗോളിന് ആദ്യം ശ്രമിച്ചത്. പക്ഷെ ഗോള്‍ കീപ്പര്‍ കമല്‍ജിത്ത് സിങ് ഷോട്ടു തടഞ്ഞു. എന്നാല്‍ പന്തു വന്നു വീണതാകട്ടെ സാന്‍ടാനയുടെ മുന്നിലേക്കും. നിമിഷനേരംകൊണ്ട് പന്തിനെ പോസ്റ്റിന്റെ മൂലയിലേക്ക് അടിച്ചുകയറ്റാന്‍ സാന്‍ടാനയ്ക്കായി.

ഐഎസ്എൽ

33 ആം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റിയിലൂടെ ലീഡ് നേടാന്‍ ഹൈദരാബാദിന് അവസരം ലഭിച്ചിരുന്നു. ബോക്‌സിനകത്ത് ശുഭം സാരംഗി നടത്തിയ ഫൗളാണ് പെനാല്‍റ്റിയില്‍ കലാശിച്ചത്. ഹൈദരാബാദിനായി ബോബോ കിക്കെടുത്തു. പോസ്റ്റിന്റെ വലതു മൂല ലക്ഷ്യമാക്കി ബോബോ തൊടുത്ത ഷോട്ടിനെ ഡോറന്‍സോറോ തട്ടിയകറ്റിയതോടെ ഒഡീഷയുടെ ആവേശം ഇരട്ടിയായി.

ആദ്യ പകുതിയുടെ എക്‌സ്ട്രാ ടൈമിലാണ് ഒഡീഷ രണ്ടാം ഗോള്‍ കണ്ടെത്തുന്നത്. ഡിംപിള്‍ ഭഗത് വരുത്തിയ ഫൗളിന് പെനാല്‍റ്റിയും ചുവപ്പും കാര്‍ഡും റഫറി വിധിച്ചു. ബോക്‌സിനകത്ത് സാന്‍ടാനയെയാണ് ഭഗത് വീഴ്ത്തിയത്. കിട്ടിയ സുവര്‍ണാവസരം സാന്‍ടാന ഗോളാക്കി മാറ്റുകയും ചെയ്തു. രണ്ടാം പകുതിയില്‍ സമനില ഗോളിനായി ഹൈദരാബാദ് പൊരുതിയെങ്കിലും ഒഡീഷ എഫ്‌സിയുടെ പ്രതിരോധം ഭേദിച്ചു ലക്ഷ്യം കാണാന്‍ ആതിഥേയര്‍ക്കായില്ല.

Story first published: Wednesday, January 15, 2020, 21:43 [IST]
Other articles published on Jan 15, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+