ഗുവാഹാട്ടി: സെമി സാധ്യത നിലനിര്‍ത്താന്‍ ജയത്തില്‍ കുറഞ്ഞതൊന്നും മതിയാകില്ലായിരുന്ന ബ്ലാസ്‌റ്റേഴ്‌സിന് തകര്‍പ്പന്‍ ജയം. നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ അവരുടെ തട്ടകത്തില്‍ 4-1നാണ് ബ്ലാസ്‌റ്റേഴ്‌സ് കീഴടക്കിയത്. ഇരട്ട ഗോള്‍ നേടിയ ക്രിസ് ഡാഗ്നലാണ് കേരളത്തിന്റെ വിജയശില്‍പ്പി.
കളി ആരംഭിച്ച് 30-ാം സെക്കന്റില്‍ തന്നെ ഡാഗ്നല്‍ കേരളത്തിനായി ഗോള്‍ നേടി. രണ്ടാം ഗോള്‍ 21-ാം മിനിറ്റില്‍ ലോബോയും, മൂന്നാം ഗോള്‍ 75-ാം മിനിറ്റില്‍ അന്റോണിയോ ജര്‍മനും, നാലാം ഗോള്‍ 79-ാം മിനിറ്റില്‍ ക്രിസ് ഡാഗ്നലും നേടി കേരളത്തിന്റെ ഗോള്‍ പട്ടിക തികച്ചു. ഇഞ്ചുറി ടൈമില്‍ ആതിഥേയര്‍ക്കായി നിക്കോളസ് വെലസ് ആശ്വാസ ഗോള്‍ നേടി.

ഒരു തോല്‍വി സെമിസാധ്യത അവസാനിപ്പിക്കുമെന്നതിനാല്‍ കേരളം കരുതിയാണ് കളിക്കാനിറങ്ങിയത്. മറ്റ് മത്സരങ്ങളില്‍ നിന്നും വ്യത്യസ്തമായി മുന്നേറ്റത്തില്‍ ക്രിസ് ഡാഗ്നല്‍-അന്റോണിയോ ജെര്‍മെയ്ന്‍ സഖ്യത്തെയാണ് കോച്ച് ടെറിഫെലാന്‍ കളത്തിലിറക്കിയത്. സന്ദോശ് ജിംഗാന്‍ തിരിച്ചെത്തിയതോടെ കേരളടീമിന്റെ പ്രതിരോധത്തിന്റെ ശക്തി കൂടി.
ആദ്യപകുതിയില്‍ നോര്‍ത്ത് ഈസ്റ്റിന്റെ ചില മുന്നേറ്റങ്ങള്‍ ഒഴിച്ചു നിര്‍ത്തിയാല്‍ മത്സരം ബ്ലാസ്‌റ്റേഴ്‌സിന്റെ കൈയിലായിരുന്നു. കളിയുടെ 29-ാം സെക്കന്റില്‍ ഗോള്‍ നേടിയതിന്റെ ആവേശം കളിയിലുടനീളം കാഴ്ച്ചവയ്ക്കാന്‍ കേരളത്തിനായി.
ബ്ലാസ്‌റ്റേഴ്‌സിന്റെ ഗോളോടെയാണ് മത്സരം തുടങ്ങിയത്. അന്റോണിയോ ജര്‍മെയ്ന്‍ ഇടതുവിങ്ങിലൂടെ മുന്നേറി ബോക്‌സിലേക്ക് നല്‍കിയ പന്ത് ക്രിസ് ഡാഗ്നല്‍ മനോഹരമായി വലയിലാക്കുകയായിരുന്നു. ഗോള്‍ വീണതോടെ നോര്‍ത്ത് ഈസ്റ്റ് മുന്നേറ്റങ്ങള്‍ സംഘടിപ്പിച്ചു. എന്നാല്‍ 21-ാം മിനിറ്റില്‍ കാവില്‍ ലാബോയിലൂടെ ബ്ലാസ്‌റ്റേഴ്‌സ് ലീഡ് ഉയര്‍ത്തി. ഹോസു നോര്‍ത്ത് ഈസ്റ്റ് പ്രതിരോധത്തെ വെട്ടിച്ച് നല്‍കിയ പന്ത് ഓഫ്‌സൈഡ് കെണിയില്‍ പെടാതെ ഓടിക്കയറിയ ലാബോ തൊടുത്ത ഷോട്ട് വലയില്‍ കയറുകയായിരുന്നു.
രണ്ട് ഗോള്‍ വീണതോടെ ബ്ലാസ്‌റ്റേഴ്‌സിന്റെ ഒത്തിണക്കം കൂടി. നോര്‍ത്ത് ഈസ്റ്റിന്റെ ഗോള്‍മുഖത്ത് തുടരെതുടരെ പന്തെത്തിക്കൊണ്ടേ ഇരുന്നു. പിന്നീട് സംഘടിതമായി ആക്രമിച്ചു കളിച്ചതിന്റെ ഫലമായി 75-ാം മിറ്റിലും 79-ാം മിനിറ്റിലും ഗോള്‍ നേടാന്‍ കേരളത്തിനായി.
ജയത്തോടെ 10 കളികളില്‍ നിന്ന് 11 പോയിന്റുമായി ഏഴാം സ്ഥാനത്താണിപ്പോള്‍ ബ്ലാസ്‌റ്റേഴ്‌സ്. ശേഷിക്കുന്ന നാലുകളികളില്‍ മൂന്നെണ്ണത്തില്‍ ജയിക്കാനായാല്‍ കേരളത്തിന് സെമി ബര്‍ത്ത് ഉറപ്പിക്കാനാകും. മറിച്ച് രണ്ടെണ്ണത്തിലാണ് ജയിക്കുന്നതെങ്കില്‍ മറ്റ് ടീമുകളുടെ ഫലത്തെ ആശ്രയിച്ചാകും സെമി സാധ്യത.