ദില്ലി: കഴിഞ്ഞ വര്‍ഷം നാട്ടില്‍ നടന്ന ഫിഫയുടെ അണ്ടര്‍ 17 ലോകകപ്പ് ഫുട്‌ബോളില്‍ ഇന്ത്യക്കായി ഏറ്റവും മികച്ച പ്രകടന നടത്തിയ താരമായിരുന്നു ഗോള്‍കീപ്പര്‍ ധീരജ് സിങ്. യൂറോപ്പിലെ നമ്പര്‍ വണ്‍ ഗോള്‍കീപ്പര്‍മാരെ അനുമസ്മരിപ്പിക്കുന്ന കണ്ണഞ്ചിക്കുന്ന സേവുകള്‍ ധീരജ് ലോകകപ്പില്‍ കാഴ്ചവച്ചിരുന്നു. ലോകകപ്പിനു പിറകെ പല പ്രമുഖ വിദേശ ക്ലബ്ബുകളും മണിപ്പൂര്‍ താരത്തെ നോട്ടമിടുകയും ചെയ്തിരുന്നു.

ലോകകപ്പിനു ശേഷം ദേശീയ ഫുട്‌ബോള്‍ ഫെഡറേഷനു കീഴിലുള്ള ഇന്ത്യന്‍ ആരോസ് ടീമിനായി ഐ ലീഗിലും ധീരജ് കളിച്ചിരുന്നു. എന്നാല്‍ ഡിസംബര്‍ 31ന് കരാര്‍ അവസാനിച്ചതോടെ ഇത് പുതുക്കാന്‍ നില്‍ക്കാതെ താരം ക്ലബ്ബ് വിടുകയും ചെയ്തു. ചില യൂറോപ്യന്‍ ക്ലബ്ബുകളില്‍ ധീരജ് ട്രയല്‍സില്‍ പങ്കെടുക്കുമെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇതിനിടെ കേരള ബ്ലാസ്റ്റഴ്‌സിന്റെ ആരാധകരെ ആവേശം കൊള്ളിക്കുന്ന വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ധീരജ് ബ്ലാസ്റ്റേഴ്‌സ് ടീമുമായി കരാര്‍ ഒപ്പിട്ടേക്കുമെന്ന തരത്തിലുള്ള സൂചനകള്‍ വന്നു കഴിഞ്ഞു.

ഐഎസ്എല്ലില്‍ ബുധനാഴ്ച രാത്രി ദില്ലിയില്‍ ഡല്‍ഹി ഡൈനാമോസിനെതിരേ ബ്ലാസ്‌റ്റേഴ്‌സിന്റെ മല്‍സരം കാണാന്‍ ധീരജ് എത്തിയിരുന്നു. ബ്ലാസ്‌റ്റേഴ്‌സിന്റെ മഞ്ഞ ജഴ്‌സി അണിഞ്ഞാണ് താരം സ്റ്റേഡിയത്തില്‍ കാണപ്പെട്ടത് എന്നതാണ് ഇപ്പോള്‍ സംസാരവിഷയം. നിലവില്‍ ഒരു ക്ലബ്ബുമായും കരാര്‍ ഇല്ലാത്തതിനാല്‍ ബ്ലാസ്റ്റേഴേസുമായി കരാര്‍ ഒപ്പുവയ്ക്കാന്‍ ധീരജിന് തടസ്സങ്ങളില്ല. എന്നാല്‍ കരാര്‍ സംബന്ധിച്ച് ബ്ലാസ്‌റ്റേഴ്‌സേ ധീരജോ ഇതുവരെ പ്രതികരിച്ചിട്ടില്ല. ജനുവരി ട്രാന്‍സ്ഫറില്‍ ഉഗാണ്ടന്‍ മിഡ്ഫീല്‍ഡര്‍ കെസിറോണ്‍ കിസീത്തോ ബ്ലാസ്‌റ്റേഴ്‌സിലെത്തിയിരുന്നു.